Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിക്ഷകൊടുത്ത് പണിവാങ്ങിയ പ്രധാനമന്ത്രി

malcolm-turnbull ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

പോക്കറ്റിൽനിന്ന് അഞ്ചു ഡോളറെടുത്ത് റോഡരികിൽ സഹായം യാചിച്ചയാൾക്കുനീട്ടുമ്പോൾ അതിത്ര വലിയൊരു പുകിലിനു തുടക്കമിടാനാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ അറിഞ്ഞതേയില്ല. സാമ്പത്തിക വികസന സമിതിയിൽ പ്രസംഗിക്കാൻ മെൽബണിലെത്തിയപ്പോഴാണ് കോഫി കപ്പും നീട്ടിപ്പിടിച്ച സാധുവിനെ ടേൺബുൾ ശ്രദ്ധിച്ചത്. അലിവുതോന്നി അഞ്ചു ഡോളർ കപ്പിലിട്ടു. വീടില്ലാതെ ഭിക്ഷതേടി നടക്കുന്നവർക്ക് സംഭാവനകൾ നൽകുന്നത് നിരോധിച്ച സ്ഥലമാണ് മെൽബൺ. അതിനാൽ ഇങ്ങനെ സംഭാവന കൊടുക്കുന്നതിനെതിരെ സർക്കാർ പ്രചാരണങ്ങൾ നടത്തുന്നുമുണ്ട്. അതാണ് പ്രധാനമന്ത്രിക്കു വിനയായത്. സോഷ്യൽ മീഡിയയിൽ വിമർശന പ്രവാഹമായിരുന്നു.

ഒരു കൈയിൽ വലിയ നോട്ടുകൾ ചുരുട്ടിപ്പിടിച്ചിട്ട് മറുകൈകൊണ്ട് അഞ്ചു ഡോളർ സംഭാവന ചെയ്ത പ്രധാനമന്ത്രിയുടെ പിശുക്കിനു നേരെയും ആക്ഷേപങ്ങൾ വന്നു. എന്നാൽ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ‘എനിക്കറിയാം പലർക്കും ഞാൻ ചെയ്തതിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന്. പെട്ടന്ന് അങ്ങനെയൊരവസ്ഥയിൽ ഒരാളെക്കണ്ടപ്പോൾ മാനുഷിക പരിഗണന നൽകിയാണ് സംഭാവന നൽകിയത്’– അദ്ദേഹം പറഞ്ഞു.

എന്നാൽ മെൽബൺ മേയർ റോബർട് ഡോയൽ ടേൺബുളിനെതിരെ ആഞ്ഞടിച്ചു. യാചകർക്കു സംഭാവന നൽകുന്നത് അവർ മയക്കുമരുന്നു വാങ്ങാനാണ് ഉപയോഗിക്കുകയെന്നും ഇങ്ങനെ സംഭാവന നൽകുന്നത് ദാരിദ്ര്യം വർധിപ്പിക്കാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംഭാവന നൽകണമെങ്കിൽ പ്രധാനമന്ത്രി ചാരിറ്റി സ്ഥാപനങ്ങൾക്കു നൽകട്ടെയെന്നും ഡോയൽ പറഞ്ഞു. എന്നാൽ നമ്മുടെ നാട്ടിൽ ഉന്നയിക്കുന്നതുപോലത്തെ ആരോപണങ്ങളും വന്നു. ചിലർ സോഷ്യൽ മീഡിയയിൽ വിമർശിച്ചത് പ്രധാനമന്ത്രി ദയാലുവാകാൻ കാരണം ക്യാമറ മുന്നിൽ വന്നതാണെന്നാണ്. എന്തായാലും ഇനി യാചകരെക്കാണുമ്പോൾ സംഭാവന നൽകാൻ ഉയർത്തിയ കൈ പ്രധാനമന്ത്രി പോക്കറ്റിൽ തന്നെയിടുകയാകും ചെയ്യുക.

Your Rating: