Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശി ജീൻസുമായി ബാബാ രാംദേവ്

baba-ramdev ആയുർവേദ സൗന്ദര്യ വർധക വസ്തുക്കളും നെയ്യും നൂഡിൽസും ബിസ്കറ്റുമൊക്കെ കച്ചവടം നടത്തി ഈ സാമ്പത്തിക വർഷം അവസാനം കമ്പനിയുടെ ബിസിനസ് പതിനായിരം കോടി കവിയുമെന്നു കണക്കാക്കിയിരിക്കുമ്പോഴാണു ജീൻസ് രംഗത്തിറക്കുന്നത്.

നൂഡിൽസിനു ശേഷം ബാബാ രാംദേവ് സ്വദേശി ജീൻസുമായി വരുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ സ്വദേശി ജീൻസ് രാജ്യാന്തര മാർക്കറ്റിൽ ഈ വർഷം അവസാനത്തോടെ എത്തും. ആണിനും പെണ്ണിനും ധരിക്കാൻ പ്രത്യേകം ജീൻസ് വിപണിയിലെത്തും. ഇന്ത്യ കൂടാതെ നേപ്പാളിലും ബംഗ്ലദേശിലും  സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇനി സ്വദേശി ജീൻസ് ധരിച്ചവരെ കാണാം. വൈകാതെ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കൂടി സ്വദേശി ജീൻസ് എത്തിക്കുമെന്നാണു രാംദേവ് പറയുന്നത്. 

ആയുർവേദ ഉൽപന്നങ്ങളും നൂ‍ഡിൽസും ബിസ്കറ്റുമൊക്കെയായി ഭക്ഷ്യ, സൗന്ദര്യവർധക വിപണി പിടിച്ചടക്കുന്നതിനിടെയാണ് രാംദേവ് വസ്ത്രവ്യാപാര രംഗത്തേക്കും ചുവടു വച്ചത്. വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ചാണു ജീൻസ് മാർക്കറ്റിങ് എന്നാണു രാംദേവിന്റെ പക്ഷം. ഇതിൽനിന്നു കിട്ടുന്ന ലാഭം ആ രാജ്യത്തിന്റെ വികസനത്തിലായി തന്നെ ചെലവഴിക്കും. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള കച്ചവട സാധ്യത മാത്രമാണു സംശയത്തിലുള്ളത്. രാഷ്ട്രീയ രംഗം അനുകൂലമായാൽ അവിടെയും ഔട്ട്ലറ്റുകൾ തുറക്കും. പക്ഷേ അതിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. 

നാഗ്പൂറിലെ മിഹാനിൽ പതഞ്ജലിയുടെ 40 ലക്ഷം സ്ക്വയർഫീറ്റ് വിസ്തീർണമുള്ള മാൾ ആണ് ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റോർ. ആദ്യം തുടങ്ങിയ ഹരിദ്വാറിലെ സ്റ്റോറിനേക്കാൾ വലുതാണിത്. ആയിരം കോടിയാണ് ഇൻവെസ്റ്റ്മെന്റ്. 10000– 15,000 പേർക്കു പണി കിട്ടുമെന്നാണ് കണക്കാക്കുന്നത്. കയറ്റുമതിക്കായി പ്രത്യേകം യൂണിറ്റും ഇവിടെ ഉണ്ടാകും. 

മധ്യപ്രദേശ്, അസ്സം, ജമ്മുകശ്മീർ, കർണാടക, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും പതഞ്ജലിയുടെ വിശാല ഷോറുമുകൾ തുടങ്ങാൻ പദ്ധതിയുണ്ട്.  പതഞ്ജലി റിഫൈൻഡ് ഓയിലും ഉടൻ മാർക്കറ്റിലിറങ്ങും.  ആയുർവേദ സൗന്ദര്യ വർധക വസ്തുക്കളും നെയ്യും നൂഡിൽസും ബിസ്കറ്റുമൊക്കെ കച്ചവടം നടത്തി ഈ സാമ്പത്തിക വർഷം അവസാനം കമ്പനിയുടെ ബിസിനസ് പതിനായിരം കോടി കവിയുമെന്നു കണക്കാക്കിയിരിക്കുമ്പോഴാണു ജീൻസ് രംഗത്തിറക്കുന്നത്. ജീൻസല്ലേ. വിൽപന പൊടിപൊടിക്കും.