Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂനിവേഴ്സൽ യൂനിസെക്സ് ഹെയർസ്റ്റൈൽ

backbun ബാക്ബൺ ഹെയർസ്റ്റൈലിൽ താരങ്ങൾ

ഓസ്കറിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ലിയോനാർഡോ ഡി കാപ്രിയോ മുതൽ ഇങ്ങു മലയാളക്കരയിലെ ‘ചെറിയേ ബ്രോ’ ആയ നീരജ് മാധവ് വരെയും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന വിദ്യാ ബാലൻ മുതൽ ചാർലിവെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന പാർവതി വരെയുള്ളവരും ഇപ്പോൾ ബാക്ക് ബൺ ഹെയർ സ്റ്റൈലാണ് ട്രെൻഡാക്കിയിരിക്കുന്നത്. യൂനിവേഴ്സൽ യൂനിസെക്സ് ഹെയർ സ്റ്റൈൽ എന്നു സാരം. ബാക്ക് ബൺ എന്താണെന്ന് മനസിലാകാത്തവർക്കായി സിംപിൾ ഉദാഹരണം– ബോബനും മോളിയുമിലെ ചേട്ടത്തിയുടെ തലമുടിക്കെട്ടില്ലേ?! പിന്നലേക്ക് വലിച്ച് മുടി ഉച്ചിയിൽ കെട്ടിവയ്ക്കുന്ന കൊണ്ടക്കെട്ട്. അതു തന്നെ. അന്നത് ‘മറുതാ’ ലക്ഷണമായിരുന്നെങ്കിൽ ഇന്നത് ‘ ഡോൺട് കെയർ ഫോർ ലുക്ക്സ് ’ , ‘നീറ്റ് ആൻഡ് പ്ലെയിൻ ’ ആറ്റിറ്റ്യൂഡുകളുടെ സമ്മേളനമാണ്.

ലിയോ കാപ്രിയോ പതിവ് ഷോർട് ഹെയർ ലുക്ക് അല്ലാതെ മാറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് മുടി നീട്ടി വളർത്തി പിറകിൽ ബൺ കെട്ടി വച്ചാണ്. മാസ്ക്യുലിൻ ലുക്ക് കൂടുതൽ കിട്ടുന്നതും അതിനാണെന്ന് ലിയോയ്ക്ക് അറിയാം. കോളിവുഡിൽ സിമ്രനും പ്രഭുദേവയും തുടക്കം കുറിച്ച് മലയാളി മൈന അമല പോൾ വരെ യഥേഷ്ടം ബാക്ക് ബൺ കെട്ടി പാർട്ടികളിൽ പ്രത്യക്ഷപ്പെടുന്നു. കിങ് ഖാന് പതിവ് ചോക്ലേറ്റ് , നീറ്റ് – ക്ലീൻ ഷേവ്, ഷോർട് ഹെയർ സ്റ്റൈൽ പോലെത്തന്നെ ക്യൂട്ട് ആണ് അപൂർവമായി വയ്ക്കുന്ന ചെറിയ വാലുള്ള ബാക്ക് ബൺ.

മലയാളത്തിൽ ന്യൂജെൻ താരങ്ങളിൽ പരക്കെ ഈ തരംഗം അംഗീകരിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ വലിയ ഗ്ലാമർ കൊണ്ടുവന്ന സിജോയ് മുതൽ ആക്‌ഷൻ ഹീറോ ബിജുവിൽ പൊലീസ് പിടിക്കുന്ന ഫ്രീക്കൻമാർ വരെ ബാക്ക് ബൺ ട്രൈ ചെയ്ത് വ്യത്യസ്തരായവരാണ്. വ്യത്യസ്തത അല്ലെങ്കിൽ പതിവ് വാർപ്പുകളിൽ നിന്ന് മാറി നടക്കൽ ഇഷ്ടപ്പെടുന്ന നടി പാർവതി ഏറ്റവുമൊടുവിൽ വനിതാ ഫിലിം അവാർഡ് നൈറ്റിൽ വന്നത് പോലും മുടി ബാക്ക് ബൺ കെട്ടിക്കൊണ്ടാണ്. കേരളത്തിലെ സ്റ്റൈലിസ്റ്റുകളിൽ പ്രമുഖയായ പൂർണിമാ ഇന്ദ്രജിത്തും പാർട്ടികളിലും ഫങ്ഷനുകളിലും മുടി ബാക്ക് ബൺ കെട്ടി മലയാളി പൊതുബോധത്തെ ചാരുതയോടെ വെല്ലുവിളിച്ചു. ‘എന്നെക്കണ്ടാൽ പ്രായം തോന്നിക്കില്ലല്ലോലേ’ എന്ന ഭയമുള്ളവർക്ക് ഈ ഹെയർസ്റ്റൈൽ പറ്റില്ല ; കാരണം ആത്മവിശ്വാസത്തിന്റെ ജിഹ്വയാണ് ബാക്ക് ബൺ– ആണിലും പെണ്ണിലും.