Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയല്ല യോഗ, ശീലമായാൽ ഗുണമേറെ

Yoga

ശരീരവും മനസ്സും ഒന്നായ് തെളിഞ്ഞു പുഞ്ചിരി പൊഴിക്കുമ്പോഴല്ലേ നാമതിനെ സൗന്ദര്യമെന്നു പറയൂ. അങ്ങനെ ആത്മാവുളള സൗന്ദര്യത്തിനുളള അനേകം വഴികളിൽ ഒന്നു യോഗ ആവാം. ദൈനംദിന സംഘർഷങ്ങളിൽ നിന്നു മനസ്സിന് ഒരു ആശ്വാസകേന്ദ്രത്തെ തേടാതെ വയ്യ. ഉചിതമായി പരിശീലിച്ചാൽ യോഗ വിസ്‌മയം കാട്ടുമെന്ന് നാം തിരിച്ചററിഞ്ഞു കഴിഞ്ഞു.

യോഗ ശരീരത്തിന്റെയും മനസ്സിന്റെയും കലയാണ്. ഇവ രണ്ടും സജ്‌ജമായാൽ മതി. മറ്റൊരു ഉപാധിയും യോഗ ചെയ്യാൻ ആവശ്യമില്ല. ഏറെ കഠിനതകളൊന്നുമില്ലാതെ അനായാസം യോഗ പരിശീലിക്കാം. സ്വസ്‌ഥമായ മനസ്സ്, സംഘർഷമില്ലാത്ത അവസ്‌ഥ, ഏകാഗ്രത എന്നിവ യോഗയുടെ ഉറച്ച വാഗ്‌ദാനങ്ങളാണ്. അമിതഭാരം കുറയ്‌ക്കാനും യോഗമാർഗം സഹായിക്കും. യോഗയിൽ ഏകദേശം 84000 ആസനങ്ങളുണ്ടെന്നാണ് കണക്ക്. ശക്‌തിയോഗ, മൃദുയോഗ അങ്ങനെ ഒട്ടേറെ വിഭാഗങ്ങളുമുണ്ട്. ഇവയിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം തിരഞ്ഞെടുക്കാം. കുട്ടികൾക്കു പോലും എളുപ്പം സ്വായത്തമാക്കാവുന്ന യോഗ രീതികളുമുണ്ട്. സ്വയം പരിശ്രമിച്ചാൽ മാത്രമേ യോഗ ഫലം തരൂ എന്നും പറയാറുണ്ട്. മാന്ത്രികോപാധിയാണ് യോഗ എന്ന ധാരണ പാടില്ലെന്നർഥം.

തുടക്കത്തിലെ ഉത്സാഹം വഴിയേ കെടുന്നതാണ് പല യോഗ പഠനക്കാരുടെയും ദുരന്തം. കൃത്യമായി പരിശീലിക്കേണ്ട മുറകളായതിനാൽ ഇടയ്‌ക്ക് മുറിഞ്ഞാൽ യോഗ കൊണ്ടു ഫലമില്ലെന്നു മാത്രമല്ല, വിപരീത ഫലങ്ങളുണ്ടാകുകയും ചെയ്യും. അതിനാൽ പൂർണമായ ഇഷ്‌ടത്തോടെ മാത്രം യോഗ ശീലിക്കാൻ തയാറാകണം. അതിനായി കൃത്യമായും അൽപസമയം മാറ്റിവയ്‌ക്കണം. സുഹൃത്തുക്കളോടൊത്തു ചേർന്ന് യോഗപരിശീലനം ചെയ്യുന്നത് നല്ല രീതിയാണ്. ഒരുമിച്ചാവുമ്പോൾ മടി മാറാൻ എളുപ്പമാകും. ശരീരം മാത്രമുപയോഗിച്ച് യോഗാസനം സാധ്യവുമല്ല. യോഗ ചെയ്യുമ്പോൾ മനസ്സും ഒപ്പം വേണം. പരിശീലനവേളയിൽ മനസ്സ് മറ്റെന്തെങ്കിലുമോർത്ത് വ്യഥിതമാകാൻ പാടില്ല. ഫോൺ കോളുകളോ മറ്റ് ഇടപെടലുകളോ ഒഴിവാക്കണം.

ടെന്നിസ് പോലെയോ ഷട്ടിൽ പോലെയോ ത്രസിപ്പിക്കുന്നതല്ല യോഗ. യോഗയുടെ ഫലങ്ങൾ പിറ്റേദിവസം മുതൽ കണ്ടുതുടങ്ങണമെന്ന വാശിയും വിലപ്പോകില്ല. മിക്കവരിലും യോഗാസനങ്ങളുടെ ഫലം കാണാൻ ആറുമാസം മുതൽ ഒരു വർഷം വരെ വേണ്ടി വരും. ക്ഷമയോടെ പരിശീലനം തുടരുകയാണ് വേണ്ടത്. ഫലം നിശ്‌ചയമായും ഉണ്ടാകും. ശരീരത്തെ പുനരുജ്‌ജീവിപ്പിക്കുകയാണ് യോഗ. ഏറെനാൾ നിലനിൽക്കുന്ന സ്വസ്‌ഥാനുഭൂതിയാണ് യോഗ പകരുന്നത്. മനസ്സിന്റെ വേവലാതികൾക്കും ശരീരത്തിന്റെ ഇടർച്ചകൾക്കും ഒരു പോലെ ഉപാധിയാകാൻ യോഗ പോലെ മറ്റൊന്നില്ല.

യോഗപാഠങ്ങൾ പറഞ്ഞുതരുന്ന പുസ്‌തകങ്ങൾ ഒട്ടേറെയുണ്ടെങ്കിലും നല്ല ഒരു യോഗഗുരുവിനെ കണ്ടെത്തി പഠിക്കുകയാണ് ഉചിതം. റജിസ്‌ട്രേഷൻ ഉളള പരിശീലകനെ സമീപിക്കാൻ ശ്രദ്ധിക്കുക. യോഗ്യതകൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം പരിശീലനം തുടങ്ങുക. ശാരീരിക വൈകല്യങ്ങളോ പരുക്കുകളോ ഉണ്ടെങ്കിൽ അതിനു യോജിച്ച പരിശീലന മുറകൾ മാത്രം അഭ്യസിക്കാൻ ശ്രദ്ധിക്കണം. പ്രത്യേക രോഗാവസ്‌ഥകൾക്കു മാത്രമുളള യോഗാസനങ്ങളുണ്ട്. നടുവേദന, സന്ധിവാതം, വിഷാദം തുടങ്ങി ഓരോ രോഗത്തിനും വെവ്വേറെ അഭ്യാസമുറകളുണ്ട്. ഇത്തരം അവസ്‌ഥകൾക്കു യോജിച്ചത് തിരഞ്ഞെടുത്ത് അഭ്യസിപ്പിക്കാൻ കെൽപ്പുളളയാളാവണം യോഗ പരിശീലകൻ. യോഗ പരിശീലനത്തിലൂടെ ആഗ്രഹിക്കുന്നതെന്തെന്നും അധ്യാപകനോടു പറയുക. വെറുതെ ഒന്നു റിലാക്‌സ് ചെയ്യാൻ വേണ്ടി, അമിത വണ്ണം കുറയ്‌ക്കാൻ വേണ്ടി ഒക്കെ യോഗ പരിശീലിക്കുന്നവരുണ്ടാകാം. ഈ വ്യത്യാസം യോഗ പരിശീലകനും അറിഞ്ഞിരിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.