Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യർ 50, പൂച്ചകൾ 500 ജപ്പാനിൽ കാര്യങ്ങൾ ഇങ്ങനാണ് ഭായ്!!!

cats

വര്‍ധിച്ചു വരുന്ന മനുഷ്യരുടെ എണ്ണമാണ് ഇന്ത്യയുടെ പ്രശ്നമെങ്കിൽ, വര്‍ധിച്ചു വരുന്ന പൂച്ചകളുടെ എണ്ണമാണ് ജപ്പാന്റെ പ്രശ്നം. പ്രത്യേകിച്ച്, ജപ്പാന്‍റെ കിഴക്കന്‍ തീരത്തുള്ള , മിയാഗി പ്രവിശ്യയിലെ അവോഷിമ എന്ന ദ്വീപിനെ സംബന്ധിച്ച്. സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്ന അവോഷിമ ദ്വീപിലെ പ്രധാന ആകർഷണം പൂച്ചകൾ തന്നെയാണ്. ഇവിടുത്തെ മനുഷ്യരുടെ എണ്ണത്തിന്റെ ആറിരട്ടിയാണ് പൂച്ചകളുടെ എണ്ണം. നിലവിലെ ജനസംഖ്യ കണക്ക് പ്രകാരം 50 ഓളം മനുഷ്യരാണ് ഈ ദ്വീപിലുള്ളത് , എന്നാൽ പൂച്ചകളുടെ എണ്ണമോ 500 ന് അടുത്തും . അതുകൊണ്ട് തന്നെ ലോക ഭൂപടത്തിൽ, അവോഷിമ ദ്വീപ്‌ അറിയപ്പെടുന്നതും പൂച്ച ദ്വീപ്‌ എന്നാണ്.

പൂച്ചകളെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, പൂച്ചകളെ പേടിയുള്ളവർക്കും ഈ ദ്വീപ്‌ സന്ദർശിക്കാം. കാരണം, കാഴ്ചയിൽ ഏറെ ഭംഗിയുള്ള ഇവിടുത്തെ പൂച്ചകൾ അക്ഷരാർഥത്തിൽ പാവങ്ങളാണ്. മനുഷ്യവാസമുള്ള ദ്വീപാണ് അവോഷിമ എങ്കിലും ദ്വീപ്‌ ഭരിക്കുന്നത്‌ പൂച്ചകളാണ്. അവോഷിമയിൽ എങ്ങനെ ഇത്തരത്തിൽ പൂച്ചകൾ വന്നു നിറഞ്ഞു എന്നതിന് പിന്നിൽ മനോഹരമായൊരു സംഭവകഥയുണ്ട്. ആ കഥ ഇങ്ങനെ...

വർഷങ്ങൾക്ക് മുൻപ് (ഇന്നും) അവോഷിമയിലെ ജനങ്ങളിൽ ഭൂരിഭാഗവും വരുമാനം കണ്ടെത്തിരുന്നത് മൽസ്യബന്ധനത്തിൽ നിന്നുമായിരുന്നു. മത്സ്യത്തൊഴിലാളികളായ ദ്വീപ്‌ നിവാസികൾ പിടിച്ചു കൊണ്ട് വരുന്ന മീൻ ഉണക്കി സൂക്ഷിക്കണോ വിൽപ്പന നടത്താനോ കഴിയാത്ത വിധത്തിൽ ദ്വീപിൽ എലികൾ നിറഞ്ഞു. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറി. അങ്ങനെയിരിക്കെ, പൂച്ച വന്നാൽ എലികൾ ഇല്ലാതാകും എന്ന ചിന്ത ദ്വീപ്‌ നിവാസികൾ നിറഞ്ഞു.

അങ്ങനെ, എലികളെ ദ്വീപിൽ നിന്നും പുറത്തു ചാടിക്കാനായി കൊണ്ട് വന്നതാണ് പൂച്ചകളെ. പൂച്ചകൾ അവരുടെ ജോലി ഭംഗിയായി നിറവേറ്റുകയും ചെയ്തു. എന്നാൽ, ദ്വീപനിവാസികളുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് പൂച്ചകൾ പെറ്റ് പെരുകി. ആദ്യം ഇതൊരു ശല്യമായി തോന്നി എങ്കിലും ദ്വീപ്നിവാസികൾ ഒരു കാര്യം ശ്രദ്ധിച്ചു. പൂച്ചകൾ വർദ്ധിക്കുന്നതിനൊപ്പം തങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും വർദ്ധിച്ചു വരുന്നുണ്ട് . അങ്ങനെ അവോഷിമയിലെ ജനങ്ങൾ പൂച്ചകളെ ആരാധിക്കാനും തുടങ്ങി.

ഇത് പതിറ്റാണ്ടുകൾ പഴക്കമുള്ള കഥയാണ്‌ എങ്കിലും, അവോഷിമ ദ്വീപിൽ ഇന്നും കാര്യങ്ങൾക്കൊന്നും യാതൊരു മാറ്റവുമില്ല. പൂച്ച ദ്വീപ്‌ അന്നും ഇന്നും പൂച്ച ദ്വീപ്‌ തന്നെ. ഇപ്പോൾ പൂച്ചദ്വീപ് കാണാനായി ഇവിടെ വിനോദ സഞ്ചാരികൾ എത്താൻ കൂടി തുടങ്ങിയതോടെ ടൂറിസം അനുബന്ധമായി ഇവിടുത്തെ ജനങ്ങളുടെ വരുമാനവും വര്‍ധിച്ചു. ഒരു കട പോലും ഇല്ലാത്ത ഈ ദ്വീപിൽ വിനോദ സഞ്ചാരികൾ വന്നെത്തുന്നത്, ആരോടും എളുപ്പത്തിൽ ഇണങ്ങുന്ന ഈ പൂച്ചകളെ കാണാൻ വേണ്ടി മാത്രമാണ്.

പൂച്ചകൾക്കായി അവോഷിമ ദ്വീപ്‌ നിവാസികൾ അമ്പലവും സ്മാരകങ്ങളും ഇവിടെ പണിതിട്ടുണ്ട്. മാത്രമല്ല, പൂച്ചകളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ഏറെ കൗതുകം ഉണർത്തുന്നു. കാര്യം ഇങ്ങനൊക്കെ ആണെങ്കിലും, പൂച്ചകളെ കൊണ്ട് പൊറുതിമുട്ടി നാട് വിട്ട ദ്വീപ്‌ നിവാസികളും ധാരാളമാണ്. പൂച്ചകളുടെ ചിര വിരോധികളായ നായകള്‍ക്ക് ഇവിടെ പ്രവേശനമില്ല എന്നതാണ് ഈ കുഞ്ഞൻ ദ്വീപിലെ മറ്റൊരു പ്രത്യേകത.