Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടച്ചുപൂട്ടിയ ആശുപത്രിയിൽ രാത്രി കണ്ട നിഗൂഢവെളിച്ചം!!

hospital-light ചാരിറ്റി ഹോസ്പിറ്റലിൽ കണ്ട വെളിച്ചം

അഞ്ചു വർഷം മുൻപാണ് ‘ഡോണ്ട് ലുക്ക് ഇൻ ദ് സെല്ലാർ’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഒരു ഹാലോവീൻ രാത്രിയിൽ ഏതാനും കോളജ് സുഹൃത്തുക്കൾ ചേർന്ന് അടച്ചുപൂട്ടിയ ഒരു പഴയ ഭ്രാന്താശുപത്രിയിലേക്കു പോകുന്നു. പ്രേതബാധയുണ്ടെന്നു പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട ആശുപത്രിയായിരുന്നു അത്. ഹാലോവീൻ വ്യത്യസ്തമായി ആഘോഷിക്കുന്നതിനൊപ്പം പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുക എന്ന ലക്ഷ്യവും ആ സംഘത്തിനുണ്ടായിരുന്നു. എന്നാൽ അവരിൽ ഒരാൾക്ക് ആ ആശുപത്രിയുടെ മോശം ചരിത്രവുമായി ഒരു ബന്ധമുണ്ട്. അത് തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി. ആശുപത്രിയുടെ രഹസ്യം ചുരുളഴിയുന്നതിനൊപ്പം സംഘാംഗങ്ങളിൽ ഓരോരുത്തരായി അതിക്രൂരമായി കൊല്ലപ്പെടാൻ തുടങ്ങി. യഥാർഥ സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണത്രേ ഈ ചിത്രം. ‌

ghost-tree ചാരിറ്റി ഹോസ്പിറ്റലിൽ കണ്ട വെളിച്ചം

ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ആശുപത്രികളുമായി ബന്ധപ്പെട്ട് പാശ്ചാത്യലോകത്ത് ഒട്ടേറെ പ്രേതസിനിമകളുണ്ടായിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ ഉപേക്ഷിക്കപ്പെട്ട ആശുപത്രികൾ പലപ്പോഴും ആരും ഏറ്റെടുക്കാറുമില്ല. അതിനാൽത്തന്നെ അവ പണ്ട് ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ അലയുന്ന ഇടമായി ജനമനസ്സുകളിൽ പേടി നിറച്ച് എന്നും നിലനിൽക്കും. പൊളിച്ചു കളഞ്ഞാൽപ്പോലും ആ ആശുപത്രിപ്പേടി മാറാത്ത അവസ്ഥയാണ്.

charity_hospital ചാരിറ്റി ഹോസ്പിറ്റലിൽ കണ്ട വെളിച്ചം

അത്തരമൊരു പേടി പടർത്തി അടുത്തിടെ ഒരു ഫോട്ടോ വൈറലായി. യുഎസിലെ ന്യൂ ഓർലീൻസിലെ ചാരിറ്റി ഹോസ്പിറ്റലിൽ നിന്നെടുത്ത ചിത്രമായിരുന്നു അത്. 1930കളിലാണ് ഈ ആശുപത്രി നിർമിക്കപ്പെട്ടത്. പക്ഷേ 2005ലെ കത്രീന കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്കൊടുവിൽ ചാരിറ്റി ഹോസ്പിറ്റൽ എന്നന്നേക്കുമായി പൂട്ടി.

charity ചാരിറ്റി ഹോസ്പിറ്റലിൽ കണ്ട വെളിച്ചം

പഴയരീതിയിലുള്ള നിർമാണം കാരണം ഇന്ന് ചാരിറ്റി ആശുപത്രി കാഴ്ചയിൽ ശരിക്കും പ്രേതസിനിമകളുടെ ലൊക്കേഷനു സമാനമാണ്. ഇതേ ആശുപത്രിയ്ക്ക് എതിർവശത്ത് അൽപം ദൂരെയായുള്ള മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ 27ന് ജോലി കഴിഞ്ഞിറങ്ങിയതായിരുന്നു ഒരു പെൺകുട്ടി. രാത്രി ഏറെയായിരിക്കുന്നു. പാർക്കിങ് സ്ഥലത്തെത്തിയപ്പോൾ പേടിയോടെയാണെങ്കിലും കണ്ണുകൾ അറിയാതെ ചാരിറ്റി ഹോസ്പിറ്റലിനു നേരെ നീണ്ടു. ഒരു നിമിഷത്തേക്ക് ഞെട്ടിത്തരിച്ചു പോയെന്നു പറയുന്നു ലിസ വാലി സ്റ്റാഗ്സ് എന്ന ആ പെൺകുട്ടി. കാരണം പടുകൂറ്റൻ ആശുപത്രിക്കെട്ടിടത്തിലെ മുറികളിലൊന്നിൽ നിന്ന് ഒഴുകിപ്പരക്കുന്ന വെളിച്ചം, അതിന് ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയായിരുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് ലിസ അതിന്റെ ഫോട്ടോയെടുത്തു. അതേ കാഴ്ച തന്നെ രാത്രി ജോലി കഴിഞ്ഞിറങ്ങിയ മൈക്ക് ആർബൺ എന്ന അനസ്തീസിയ വിദഗ്ധനും ക്യാമറയിൽ പകർത്തി. ആർബണിന്റെ സഹോദരൻ പത്തു വർഷം മുൻപ് ഇതേ ആശുപത്രിയിൽ വച്ചാണു മരിച്ചത്. ഫോട്ടോ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തതോടെ വിഷയം നെറ്റ്‌ലോകം ഏറ്റെടുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു പേരാണ് ഈ ഫോട്ടോകൾ കണ്ടത്.

ആത്മാക്കൾ ക്രിസ്മസ് ആഘോഷിക്കാൻ വന്നതെന്നായിരുന്നു ഇതുകണ്ട ഒരു വിഭാഗത്തിന്റെ കളിയാക്കൽ. പ്രേതങ്ങളിൽ വിശ്വസിക്കുന്നവർ ഇതിനെ അത്തരമൊരു ‘പാരാനോർമൽ’ സംഭവമായും കണക്കാക്കി ചർച്ചയായി. അതിനിടെ ഒരു പ്രേതാന്വേഷകൻ കെട്ടിടത്തിലെ വെളിച്ചം കണ്ട മുറിയിലേക്ക് കയറിയതായി അവകാശപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. മുറിയിലെ പഴയ രണ്ട് ഫ്ലഡ് ലൈറ്റുകളാണത്രേ വെളിച്ചത്തിനു കാരണമായത്. ചാരിറ്റി ആശുപത്രിയിലെ ചില ലിഫ്റ്റുകളും ഏതാനും ബൾബുകളും പ്രവർത്തിക്കും വിധം ഇപ്പോഴും കോർപറേഷൻ ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നുണ്ടെന്നും കക്ഷിയുടെ കമന്റ്. എന്തായാലും വെളിച്ചം വിവാദമായതോടെ ആശുപത്രിയുടെ ഉടമകൾ പൊലീസിൽ പരാതി നൽകി. അതു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവാദ മുറി പരിശോധിച്ചു. ഏതൊ ഒരു വിരുതൻ ക്രിസ്മസ് ട്രീയുടെ ആകൃതിയിൽ ബൾബുകൾ പിടിപ്പിച്ച് ജനലിനരികിൽ കൊണ്ടുവച്ചിരിക്കുന്നതാണത്രേ അവർ കണ്ടത്. അത് പരിശോധനയ്ക്കെടുക്കുകയും ചെയ്തു.

എന്നാൽ അത് ഫ്ലഡ് ലൈറ്റുകളായിരുന്നുവെന്ന് പ്രേതാന്വേഷകൻ തീർത്തും പറഞ്ഞു. പൊലീസാകട്ടെ പിടിച്ചെടുത്ത വെളിച്ചസംവിധാനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടതുമില്ല. അതോടെ വെളിച്ചം വീണ്ടും ചർച്ചാവിഷയമായി. എന്തായാലും വെളിച്ചം കണ്ടത് ആത്മാക്കളുടെ പണിയാണെന്നാണ് കുറേ പേർ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ യുക്തിവാദികൾക്കാകട്ടെ ഇത് ഏതോ കള്ളന്റെ വികൃതിപ്പണിയും....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.