Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തയക്കോഴികള്‍ക്കിനി രാജകീയ വിശ്രമം

fight Cock Fight

ഇവൻ വെറുമൊരു ‘കോഴി’യല്ല. തീറ്റിപ്പോറ്റിയവന് പതിനായിര ങ്ങളും, തന്നിൽ വിശ്വാസം അർപ്പിച്ച് ലക്ഷക്കണക്കിന് രൂപ വാതു വെച്ചവർക്ക്, ഒരു കോടി രൂപ വരെ നേടിക്കൊടുത്ത പോരാളി. എതിരാളിയുടെ കണ്ണിൽ നിന്നും ധൈര്യം മുഴുവൻ ചോർത്തിയെടുത്ത്, കൊക്കു കൊണ്ട് കൈ കോർത്ത്, വായു വിൽ പൊങ്ങിപ്പറന്നു നിന്ന് പതിനെട്ടടവും പയറ്റി, ചിറകിലെ തൂവൽ കാറ്റിൽ പറപ്പിച്ചു കൊണ്ട് കഴിഞ്ഞ സംക്രാന്തിക്കാ ലത്ത് സംസ്ഥാനത്തെ കോടി പണ്ടെലുവിന്റെ വികാരാവേശ ങ്ങൾ മുഴുവൻ ഏറ്റു വാങ്ങിയ ഈ ധീരയോദ്ധാവ് ഇനി രാജകീയ വിശ്രമത്തിലേക്ക്.....ഇവനൊപ്പം ആന്ധ്രാപ്രദേശിലെ മുഴുവൻ പന്തയക്കോഴികളും ഇനി വിശ്രമജീവിതത്തിലേക്ക് കടക്കുന്നു.

മകര സംക്രാന്തി ആഘോഷങ്ങൾ കഴിഞ്ഞാൽ അടുത്ത സംക്രാന്തി വരെ ആന്ധ്രാപ്രദേശിലെ പന്തയക്കോഴികൾക്ക് വിശ്രമജീവിതമാണ് അതും രാജകീയമായിത്തന്നെ. പന്തയക്കോഴികളെ വളർത്താൻ പ്രത്യേക ഫാമുകളുണ്ട്. നേരം പുലരുന്നതിന് മുമ്പായി, ഇവരുടെ തീറ്റ തുടങ്ങും. സാധാരണ കോഴികളെപ്പോലെ മുറ്റത്ത് കിടക്കുന്ന ചെളളും പാറ്റയും പൊടിയരിയും കോഴിത്തീറ്റയും തലേന്നത്തെ ബാക്കി വന്ന ചോറൊന്നുമല്ല ഇവർ തിന്നുന്നത്. ഒരുപക്ഷേ, ആഢംബര ജീവിതം നയിക്കുന്ന മനുഷ്യർ പോലും ഈ പന്തയക്കോഴികളുടെയത്ര സുഖിക്കുന്നുണ്ടാകില്ല. പുലർച്ചെ ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, പയറു വർഗ്ഗങ്ങൾ എന്നിവ കോഴികൾക്ക് നൽകിക്കൊണ്ടാണ് ആ ദിവസത്തെ പരിപാലനത്തിന് തുടക്കമിടുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം ആട്ടിറച്ചിയും കോഴിയിറച്ചിയും ചെറുകഷണങ്ങളാക്കി വേവിച്ചത് ഒന്നിടവിട്ട് നൽകും. പിന്നെ ഉച്ചയോടടുക്കുമ്പോൾ പുഴുങ്ങിയ കോഴിമുട്ടയും ഈ പൂവൻകോഴികൾ അകത്താക്കും. തന്റെ വർഗ്ഗത്തിൽപ്പെട്ട ഏതോ പാവം കോഴിപ്പെണ്ണുങ്ങൾ മാതൃസ്നേഹം നിറച്ച് ഇറക്കിവെച്ച ജീവന്റെ തുടിപ്പായിരുന്നു ഈ മുട്ടയെന്നോ, താൻ അറിയുന്നതോ അറിയാത്തതോ ആയ ഏതോ സഹോദരന്റെയോ സഹോദിരയുടെയോ മാംസമാണ് ഇതെന്നോ അറിയാതെ ആ കോഴികൾ എന്നും കോഴിമാംസവും കോഴിമുട്ടയും തിന്നു കൊണ്ടിരിക്കുകയാണ്.

വൈകുന്നേരം ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്ടുകളും ഗോതമ്പ് , തിന, ചോളം, റാഗി തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളും മൃഗഡോക്ടർ നിർദേശിച്ച പ്രകാരം പ്രത്യേക അളവിൽ നൽകും. ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി ചുക്കും കുരുമുളകും ചേർത്തുണ്ടാക്കിയ ചെറിയ ഗുളികകളും ഭക്ഷണത്തിനോടൊപ്പം പന്തയക്കോഴികൾക്ക് തിന്നാൻ കൊടുക്കുന്നുണ്ട്. ഒരുമിച്ച് ഒറ്റക്കൂട്ടിലിട്ട് ഇവയെ വളർത്താനാകില്ല. അതുകൊണ്ട് ഓരോ കോഴിയേയും പ്രത്യകമായി വലിയ മുളക്കൊട്ട കൊണ്ട് കമിഴ്ത്തി അടച്ചിട്ടാണ് രാത്രി ഉറക്കുന്നത്. കോടി പണ്ടെലു (പന്തയക്കോഴി) വിന്റെ പരിപാലനം ഇരുപത്തി നാല് മണിക്കൂറും പ്രത്യേക ശ്രദ്ധ വേണ്ട ഒന്നാണെന്ന് പശ്ചിമ ഗോദാവരി ജില്ലയിലെ കോഴിപ്പോരിന്റെ പ്രശസ്ത കേന്ദ്രമായ ബീമാവരത്തുളള ഒരു കോഴിഫാമിലെ സഹായി ദുർഗ്ഗറാവു പറയുന്നു.

ഭക്ഷണം ധാതുപുഷ്ടിയുളളത് കൊടുത്തത് കൊണ്ടു മാത്രം ഒരു പൂവൻ കോഴിയെ കോഴിപ്പോരിലെ പോരാളിയാക്കിയെടുത്ത് മൽസരിപ്പിക്കാനാകില്ല. കോഴിയ്ക്കും മസിലുകളുണ്ട്. മസിൽ ബിൽഡിംഗിനു വേണ്ടി ഹോർമോണുകളും പോര് സമയത്ത് ഉണ്ടാകാൻ പോകുന്ന മുറിവുകളെ മുന്‍കൂട്ടി നേരിടാൻ വേണ്ടി ആന്റി ബയോട്ടി ക്കുകളും ഇവയുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റുന്നുണ്ട്. പൊരുതി ജയിക്കാൻ വേണ്ട ശക്തിയും ആർജ്ജവവും നേടുന്നതിന് വേണ്ടി പോരിന് മുമ്പുളള ആറു നീന്തൽ പരിശീലനവും ഇവയ്ക്ക് നൽകുന്നുണ്ട്. ബീമാവരത്തിനടുത്തുളള പാലക്കോളുവിൽ കോഴികൾക്കു വേണ്ട നീന്തൽ പരിശീലനത്തിനായി പ്രത്യേക സ്ഥലവും പരിശീലകരുമുണ്ട്. സംക്രാന്തി സമയത്തെ കോഴിപ്പോരിന് മുമ്പായി മറ്റു ജില്ലകളിൽ നിന്നെല്ലാം ആളുകൾ പന്തയക്കോഴികളെ നീന്തൽ പരിശീലിപ്പിക്കുന്നതിനായി ഇവിടേക്കാണ് കൊണ്ടു വരുന്നത്. കോടി പണ്ടെലുവിന്റെ ചെറുചൂടുവെളളത്തിലുളള കുളി സുഖചികിൽസയുടെ ഭാഗമാണ്. മസിലുകൾ ആയാസമാകുന്നതിന് വേണ്ടിയാണ് ഈ രീതിയിലുളള പരിചരണങ്ങളെല്ലാം നൽകുന്നത്. ഇതു കൂടാതെ കായികക്ഷമത ലഭിക്കാനായി മനുഷ്യർ കഴിക്കുന്ന എനർജി ടാബ് ലെറ്റായ റെവിറ്റാൽ മൃഗഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കോഴികൾക്ക് നൽകി വരുന്നുണ്ട്.

cock-fight Cock Fight

ദേഷ്യം വരുമ്പോൾ കോഴികൾ വെറുതെ കൊത്തുകൂടുന്നതല്ല കോഴിപ്പോര്. ഇത് ആയുധം ഉപയോഗിച്ചു കൊണ്ടുളള കോഴികളുടെ യുദ്ധമാണ്. പോരിന് മുമ്പായി ഓരോ കോഴിയുടേയും കാൽ വിരലിൽ രണ്ടിഞ്ച് മുതൽ നാലിഞ്ചോളം വലുപ്പം വരുന്ന കത്തി കൂട്ടിക്കെട്ടും. കത്തി കെട്ടാൻ പ്രത്യേക വൈദഗ്ദ്ധ്യം ഉളളവരാണ് ഇത് ചെയ്യുക. പിടച്ചു കൊണ്ടിരിക്കുന്ന കോഴിയുടെ കാലിൽ കത്തി കെട്ടുകയെന്നത് എളുപ്പപ്പണിയല്ല. ഒഴിഞ്ഞ മൈതാനങ്ങളോ കൊയ്ത്തു കഴിഞ്ഞ പാടങ്ങളോ ആണ് സാധാരണ കോഴിപ്പോരിന്റെ വേദി. പോരടിക്കാനായി കെട്ടിയുണ്ടാക്കിയ സ്ഥലത്തിനു ചുറ്റുമായി വാതുവെപ്പുകാരും പ്രമാണിമാരും ഉദ്യോഗസ്ഥരും ഒക്കെയിരിക്കുമ്പോൾ നൂറു കണക്കിന് വരുന്ന കാണികൾ പുറകിൽ നിന്നുകൊണ്ട്, ആരവം മുഴക്കിയും ഡ്രം അടിച്ചും കുഴലൂതിയും പോര് കൊഴുപ്പിക്കും. പോരിനിറങ്ങുന്ന രണ്ടു കോഴികളെയും പിടിച്ചിട്ടുളളവർ ആദ്യം അവയുടെ കൊക്കുകൾ ചേർത്തുരുമ്മിക്കും. പിന്നെ രണ്ടടിയകലത്തു നിന്നും മുന്നോട്ടാഞ്ഞ് ഇരു കോഴികളുടേയും കൊക്കുകൾ കൂട്ടി മുട്ടിച്ച് മുട്ടിച്ച് അവയെ വെറി പിടിപ്പിച്ചതിനു ശേഷം കൈയ്യിൽ നിന്നും കോഴികളെ സ്വതന്ത്രരാക്കും. പിന്നീടാണ് അങ്കം. രണ്ടു വർഷം കൊണ്ട് നേടിയെടുത്ത യുദ്ധാർജ്ജവത്തോടെ കൊക്കും ചിറകും നഖവും ഉപയോഗിച്ച് അവർ കൊത്തിക്കയറുന്നു. മെയ് വഴക്കത്തോടെ വായുവിൽ പറന്നു നിന്ന് പോരടിക്കുന്നു. തൂവലുകളും ചിറകുകളും കാറ്റിൽ പറത്തിയാട്ടിക്കൊണ്ട് അങ്കം മുറുക്കുമ്പോൾ കത്തി കൊണ്ട് ഇരുവർക്കും ചോര പൊടിയും. എതിരാളികളുടെ ശക്തിക്കു മുന്നിൽ പിടിച്ചു നില്‍ക്കാനാകാതെ വരുമ്പോൾ പാവം ചില കോഴികൾ പന്തയക്കളം വിട്ട് പറന്നോടും. വാതുവെപ്പുകാരന്റെ ലക്ഷങ്ങളും അതോടൊപ്പം പറക്കും. ചില കോഴികൾ ചോര പൊടിഞ്ഞ് പൊരുതാനാകാതെ തളർന്നു കിടക്കും. അതേ അവസ്ഥയിൽ ബെറ്റുകാരനും.

പോരിന് മാത്രമായി കോഴികളിൽ തന്നെ വിവിധയിനങ്ങളുണ്ട്. ഡെഗ(കഴുകൻ), പച്ചകാക്കി, കാക്കി (കാക്ക), നെമാലി (മയിൽ), മൈല, കോടി കാക്കി, തീട്ടുവ, അർത്തവരം, പാർല തുടങ്ങിയവയാണ് പ്രധാനയിനങ്ങൾ. പോരടിക്കാനുളള വൈദഗ്ദ്ധ്യത്തെ സൂചിപ്പിക്കുന്നത് ഈ പേരുകളാണ്. ഡെഗാ കോഴികൾക്ക് ഉച്ചസമയത്ത് രൗദ്രത കൂടുതലായിരിക്കും. മയിൽ സാധാരണ രീതിയിൽ വൈകിട്ടാണ് എതിരാളിയോട് ഏറ്റുമുട്ടുന്നത്. പച്ചകാക്കി, കാക്കി, നെമേലി എന്നിവയാണ് വിജയം കൊയ്യാൻ മികച്ചതെന്നാണ് വിശ്വാസം. ഇത്തരം കോഴിക്കുഞ്ഞുങ്ങളെ 500 മുതൽ 1000 രൂപ വരെ കൊടുത്ത് വാങ്ങി രണ്ടു വർഷം പരിപാലിച്ചെടുത്തിട്ടാണ് പന്തയത്തിന് തയ്യാറെടുപ്പിക്കുന്നത്. സംക്രാന്തി സമയത്ത് പോരടിപ്പിക്കാ നായി വാങ്ങുമ്പോൾ സാധാരണ വലുപ്പത്തിലുളള പൂവൻ കോഴിക്ക് 4000 മുതൽ 15000 വരെയും, പ്രത്യേകയിനങ്ങൾക്ക് 20,000 മുതൽ 80,000 വരെയും ചിലപ്പോൾ ഒരു ലക്ഷം രൂപ വരയും വില നീളുന്നു. കോടി പണ്ടെലുവിന് പേരുകേട്ട പശ്ചിമ ഗോദാവരി ജില്ലയിലേക്കാണ് കോഴികളെ വാങ്ങാനായി തൂർപ്പു ഗോദാവരി, ഗുണ്ടൂർ, കൃഷ്ണ, പ്രകാശം, നെല്ലൂർ തുടങ്ങിയ ജില്ലകളിൽ നിന്നെല്ലാം ആളുകളെത്തുന്നത്. ഇക്കഴിഞ്ഞ സംക്രാന്തിക്ക് കോടി പണ്ടെലുവിന് വേണ്ടി 4 ലക്ഷം രൂപ മുടക്കിയാണ് അഞ്ചു കിലോയോളം തൂക്കമുളള നെമാലിയെ, വെമ്പ എന്ന ഗ്രാമത്തിലെ കളിദിണ്ടി മുരളീകൃഷ്ണ രാജു വാങ്ങിയത്.

നാലു ലക്ഷത്തിന്റ കോഴിയെക്കൊണ്ട് പോരടിപ്പിച്ച് അദ്ദേഹം വാതുവെച്ച് നേടിയത് ഒരു കോടി രൂപ. ആ വീരൻ നെമാലിക്കോഴി ദേഹത്തെ മുറിവുണങ്ങാനുളള രാജകീയ ചികിൽസയിലാണിപ്പോൾ. അനുവാചകർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം.

ലക്ഷങ്ങൾ വാതുവെച്ചുകൊണ്ട് ശത്രുതയെന്തെന്നറിയാത്ത മിണ്ടാപ്രാണികെളെക്കൊണ്ട് പോരടിപ്പിച്ച്, തൂവലും ചിറകും നഷ്ടപ്പെട്ട് എതിരാളിക്കോഴിയുടെ കൊത്തലും മാന്തലും കത്തി പോറലും എല്ലാം സഹിച്ച് തോറ്റ കോഴി ഓടി രക്ഷപ്പെ ടുന്നതോ തളർന്നു വീഴുന്നതോ കാണുമ്പോൾ കിട്ടുന്ന ഹരത്തിന് വേണ്ടി, ഒരു സംസ്ഥാനം മുഴുവൻ ഒരേ മനസ്സോടെ ഒത്തു ചേരുന്ന കോടി പണ്ടെലു മൽസരങ്ങളെ വിഢിത്തമെ ന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഈ വർഷത്തെ സംക്രാന്തിക്ക് ചെറിയ ഗ്രാമ കവലകളിൽ ഉൾപ്പെടെ നടന്ന കോടി പണ്ടെലുവിലൂടെ ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്ത് മൊത്തത്തിൽ നടന്നത് 800 കോടി രൂപയിലധികം വരുന്ന വാതുവെപ്പാണ്. ഔദ്യോഗിക രേഖകളോ നികുതിയോ ഒന്നു ബാധകമല്ലാത്ത ഈ ഭ്രാന്തൻ കളിക്ക് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ന‍ടന്ന വൻ മത്സരങ്ങളെല്ലാം പൊലീസ് കാവലോടെ തന്നെയായിരുന്നു എന്നതാണ് തമാ‌ശ. ദശലക്ഷങ്ങൾ കോഴിപ്പോരിനായി വാതുവെച്ച പലരും രാഷ്ട്രീയക്കാരുടേയും സെലിബ്രിറ്റികളുടെയും ബിനാമികൾ മാത്രമായിരുന്നു എന്നത് ഇവിടുത്തെ പരസ്യമായ രഹസ്യമാണ്.

സംക്രാന്തി, ദസറ (നവരാത്രി), ദീപാവലി സമയങ്ങളിലാണ് കോടി പണ്ടെലുവിന്റെ സീസൺ. കേന്ദ്രപാഡ ജില്ലയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും കോടി പണ്ടെലു നടക്കുന്നുണ്ട്. അത് വെറും വിനോദത്തിനു വേണ്ടിയാണ്. വിനോദത്തിനപ്പുറം നിയമവിരുദ്ധമായ ചൂതാട്ടമെന്ന ഗണത്തിലാണ് കോടതി ഈ കോഴിപ്പന്തയത്തിനെക്കാണുന്നത്. 1960 ലെ , ക്രുവൽറ്റി ടു ആനിമൽസ് ആക്ടും 1974 ലെ ആന്ധ്രാപ്രദേശ് ഗെയിമിംഗ് ആക്ടും അനുസരിച്ച് കോഴിപ്പന്തയങ്ങൾ നിരോധിക്കപ്പെട്ടിട്ടുളളതാണ്. ഈ വിഢിവിനോദത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വരുന്ന ആയിരക്കണക്കിന് കോഴികളുടെ ജീവനെ പിന്തുണച്ചു കൊണ്ട്, കോഴിപ്പോരി നെതിരെ നിരവധി പക്ഷി സ്നേഹികൾ മുറവിളികൂട്ടുന്നുണ്ടെ ങ്കിലും, അതിന്റെ നൂറിരട്ടി ശബ്ദത്തോടെയാണ് കോടി പണ്ടെലുവിന്റെ ആരാധകർ ആർപ്പു വിളിക്കുന്നത്.

ഫെബ്രുവരി രണ്ടാം വാരത്തോടെ സംക്രാന്തി മഹോത്സവങ്ങൾക്ക് വിരാമമായി. അതോടെ കോഴിപ്പോരിന്റേയും ചൂടണഞ്ഞു. തൂവൽ കൊഴിഞ്ഞും ചിറകൊടിഞ്ഞും മുറിവേറ്റുമൊക്കെ വിജയവും പരാജയവും ഏറ്റുവാങ്ങിയ കോഴികൾ, അടുത്ത സംക്രാന്തി കാലത്തേക്ക് കൊടുക്കാനായി വിധിക്കപ്പെട്ട ജീവിതമാണ് തങ്ങളുടേതെന്നറിഞ്ഞോ, അറിയാതെയോ വീണ്ടും സുഖിക്കാൻ തുടങ്ങുന്നു. വെറുമൊരു ‘കോഴി’യായി ജീവിച്ചിട്ടെന്തു കാര്യം. ജീവിക്കുന്നെങ്കിൽ‌ ഒരു ദേശത്തിന്റെ മുഴുവൻ വികാരാവേശങ്ങളൾ ഏറ്റുവാങ്ങി പടവെട്ടാനറിയാവുന്ന ചേകവക്കോഴിയായി, പന്തയക്കോഴിയായി, പണ്ടെല കോടിയായി സുഖിച്ച് ജീവിച്ച്, തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് വേണ്ടി പൊരുതി മരിക്കണം.

Your Rating: