Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാസ്മാനിയയിലാകെ ‘ദേ കോഴി പെരപ്പുറത്ത്’!!!

Cock Representative Image

ഗിരിരാജൻ കോഴികളാണോ എന്നറിയില്ല, പക്ഷേ ഓസ്ട്രേലിയയിലെ ഒരു നഗരത്തിലിപ്പോൾ കോഴികളെക്കൊണ്ട് ആകെ മൊത്തം സീൻ കോൺട്രയാണ്. അതും പെടക്കോഴിയല്ല, ഒന്നാന്തരം പൂവൻമാരെക്കൊണ്ട്. പിടിച്ച് രണ്ട് ‘പെട’ കൊടുക്കാൻ തോന്നിപ്പോകും വിധമാണ് ഇപ്പോൾ കോഴികൾ പ്രദേശത്താകെ അലമ്പുണ്ടാക്കുന്നത്. പക്ഷേ അവയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വഴിയിലേക്ക് ചുമ്മാതെ വലിച്ചെറിഞ്ഞു കളഞ്ഞാൽ അവ പിന്നെ കൊത്തിപ്പെറുക്കി അലയുകയല്ലാതെ വേറെന്തു ചെയ്യാനാണ്! ടാസ്മാനിയ നഗരത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ അഞ്ചാറു വർഷമായി പൂവൻകോഴികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അടുത്തിടെ ഇവയുണ്ടാക്കുന്ന പ്രശ്നങ്ങൾ ‘അതുക്കും മേലെ’ ആയതോടെ സംഗതി രാജ്യാന്തര വാർത്താ ഏജൻസികൾ വരെ ഏറ്റെടുക്കുന്ന വാർത്തയായി. കാരണം തലങ്ങും വിലങ്ങുമോടുന്ന കോഴികളെക്കൊണ്ട് പൊറുതിമുട്ടിയവരുടെ അവസ്ഥ ഒരു വശത്ത്. അവയെ എങ്ങനെ ഒഴിവാക്കുമെന്നാലോചിച്ചുള്ള പ്രശ്നം മറുവശത്ത്.

Cock Representative Image

പുരപ്പുറത്തുകയറി കാഷ്ഠിക്കൽ, വിത്തിറക്കിയ തോട്ടങ്ങളിലെ വിളയാട്ടം...ആ വഴിക്കുമുണ്ട് പ്രശ്നങ്ങളേറെ. പല കോഴികളും താമസിക്കുന്നതാകട്ടെ ഷോപ്പിങ് സെന്ററുകളിലും പാർക്കുകളിലും ഓഫിസുകളിലുമൊക്കെയാണ്. രാവിലെ ഓഫിസിലേക്കു വരുമ്പോൾ സകലയിടത്തും കാഷ്ഠിച്ച് ആകെ ഒരു ലെവലാക്കിയിട്ടുണ്ടാകും. പാർക്കുകളിലും ഇതുതന്നെ സ്ഥിതി. അതിനിടെ ചിലർ കോഴികൾക്ക് ഭക്ഷണം കൊടുക്കുന്നത് കൂടി നിർത്തിയതോടെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു മുന്നിൽച്ചാടിയായി അലമ്പുണ്ടാക്കൽ. നിലവിൽ ചുമ്മാതൊന്നു പുറത്തിറങ്ങിയാൽപ്പോലും കണ്മുന്നിൽ 10 കോഴികളെങ്കിലുമുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Cock Representative Image

കഴിഞ്ഞ 10 വർഷത്തിനിടെയാണ് വീട്ടുമുറ്റത്തൊരു മുട്ടക്കോഴിയെന്ന മട്ടിൽ ടാസ്മാനിയക്കാർ ഹോബിയായി കോഴി വളർത്തൽ തുടങ്ങിയത്. അതിനാൽത്തന്നെ പല വീടുകളിലെയും പ്രിയതാരം പിടക്കോഴിയാണ്. മുട്ട വിരിഞ്ഞുണ്ടാകുന്നത് പൂവനാണെങ്കിൽ വഴിയോരത്ത് ഉപേക്ഷിക്കുകയാണ് ഇവിടത്തെ രീതി. വിരിയുന്നവയിൽ 50 ശതമാനവും കഷ്ടകാലത്തിന് പൂവനാവുകയാണു പതിവ്. അതാണിപ്പോൾ തിരിച്ചടിയായതും. എന്നാൽ കേരളത്തിലെ തെരുവുനായ്ക്കളുടേതിനു സമാനമാണ് ടാസ്മാനിയയിലെ കോഴികളുടെ അവസ്ഥ. എല്ലാറ്റിനെയും കൊന്നൊടുക്കണമെന്ന് ഒരുകൂട്ടർ പറയുമ്പോൾ ഇവയെ സംരക്ഷിക്കണമെന്നാണ് മറ്റൊരു വാദം. അടുത്തിടെ റോയൽ ടാസ്മാനിയൻ അഗ്രികൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു സംഘം മൃഗസ്നേഹികൾ വീടുകളിൽ ആവശ്യമില്ലാത്ത കോഴികളെ ഏറ്റെടുക്കുന്ന ക്യാംപെയിനും നടത്തിയിരുന്നു. അതുവഴി നൂറ്റി അൻപതിലേറെ കോഴികളെ ശേഖരിക്കുകയും ചെയ്തു.