Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വിഗ് വിജയിനും അമൃതയ്ക്കും പ്രായപൂർത്തിയായില്ലേ, പിന്നെന്താ?

Digvijaya Singh

‘നിനക്ക് പ്രായപൂർത്തിയായതാണോ...?’

പൊലീസുകാരൻ നായികയോടു ചോദിക്കുന്നു.

‘അതെ’യെന്ന് ഉത്തരം.

പിന്നെ മീശക്കാരൻ പൊലീസിന്റെ ചോദ്യം നായകനോട്:

‘നിനക്ക് പ്രായപൂർത്തിയായതാണോടാ...?’

പാവം നായകൻ വല്ലാതെയൊന്ന് ചൂളി. പിന്നെ നാണത്തോടെ മറുപടി:

‘ഉവ്വ് സാർ, രണ്ടു തവണ...’

ഓഹോ...അതോടെ അതുവരെ മീശ പിരിച്ച പൊലീസുകാരൻ ഒന്നയഞ്ഞു. പിന്നെ ഒളിച്ചോടിപ്പോന്ന നായികയെ തിരികെ കൊണ്ടുപോകാൻ വന്ന ബന്ധുക്കളോടായി പറഞ്ഞു:

‘അയാം ദി സോറി അളിയൻസ്, രണ്ടു പേർക്കും പ്രായപൂർത്തിയായ സ്ഥിതിക്ക് അവരെ അവരുടെ ഇഷ്ടത്തിനു വിടുകയേ വഴിയുള്ളൂ...’

ഹലോ എന്ന സിനിമയിലെ ഈ രംഗത്തിനു സമാനമാണ് ഇപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്ങിന്റെയും ഭാര്യ അമൃത റായിയുടെയും അവസ്ഥ. ഇരുവർക്കും പ്രായപൂർത്തിയായതാണ്. ദ്വിഗ് വിജയ് സിങ്ങിനാകട്ടെ പ്രായം വല്ലാതെ കൂടിയതുമാണ്. അതാണിപ്പോഴത്തെ പ്രശ്നവും. സ്വന്തം മകളുടെ പ്രായമുള്ള വനിതയെയാണ് ദ്വിഗ് വിജയ് കെട്ടിയിരിക്കുന്നതെന്നും പറഞ്ഞ് സോഷ്യൽ മീഡിയ ആകെ ഇളകിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞവർഷം സിങ്ങിന്റെയും അമൃതയുടെയും സ്വകാര്യഫോട്ടോകൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം വൈറലായ സമയത്തും സമാനമായ വിമർശനം ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു.

ദ്വിഗ് വിജയിന് 68 ആണു പ്രായം, അമൃത റായിക്ക് 44ഉം. നാലു പെണ്ണും ഒരാണുമായി അ‍ഞ്ചു മക്കളാണ് സിങ്ങിന്. അമൃതയാകട്ടെ അടുത്തിടെ വിവാഹമോചനവും നേടിയിരുന്നു. ഡൈവോഴ്സ് കേസ് പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ വർഷം കോൺഗ്രസ് നേതാവിന്റെയും രാജ്യസഭയിലെ വാർത്താ അവതാരക അമൃതയുടെയും ‘ഇന്റിമേറ്റ്’ ചിത്രങ്ങൾ ആരോ പുറംലോകത്തെത്തിച്ചത്. അന്ന് തന്റെ ഇ–മെയിൽ ഹാക്ക് ചെയ്തതാണെന്നും പറഞ്ഞ് അമൃത പരാതിയും നൽകിയിരുന്നു. പക്ഷേ പെട്രോൾടാങ്കിനകത്ത് തീപ്പന്തം സൂക്ഷിക്കുന്നതുപോലെ ഇമ്മാതിരി ഫോട്ടോകളെടുത്ത് എന്തിനാണ് സ്വന്തം മെയിലിൽ സൂക്ഷിച്ചുവച്ചതെന്നായിരുന്നു വിമർശകരുടെ പ്രധാന ചോദ്യം.

കിട്ടിയ അവസരം ബിജെപിയും വെറുതെ കളഞ്ഞില്ല. സ്വന്തം ഭാര്യയെ സംരക്ഷിക്കാൻ പോലുമാകാത്തയാളാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നതെന്നും പറഞ്ഞ് ദ്വിഗ് വിജയ് തിരഞ്ഞെടുപ്പുസമയത്ത് നരേന്ദ്രമോദിക്കിട്ട് നല്ല കൊട്ടുകൊട്ടിയിരുന്നു. അതിനു മറുപടിയായി സ്വന്തം ഭാര്യ മരിച്ചതിനു തൊട്ടുപിറകെ ദ്വിഗ് വിജയ് സിങ് അമൃതയ്ക്കു പിന്നാലെ പോയത് ശരിയായില്ലെന്നും പറഞ്ഞ് ബിജെപിയും കൊടുത്തു കണക്കിന്. അതും വേറൊരാളുടെ ഭാര്യയുടെ പിറകെ. സോഷ്യൽമീഡിയയും ഈ ആരോപണങ്ങൾ ഏറ്റെടുത്തുവീശി. തൊട്ടുപിറകെ ഇരുവരും തങ്ങളാലാകും വിധം ന്യായീകരണങ്ങളും നടത്തി. അമൃത ഭർത്താവുമൊത്ത് പിരിഞ്ഞ ശേഷം വിവാഹിതരാകാനിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ഇവരുടെ ട്വീറ്റുകൾ. അതോടെ ഒന്നടങ്ങിയ സമൂഹമാധ്യമ ലോകം വീണ്ടും സടകുടഞ്ഞെഴുന്നേറ്റത് കഴിഞ്ഞ ദിവസം സിങ്ങും അമൃതയും വിവാഹിതരായി എന്ന വാർത്ത വന്നപ്പോഴാണ്. ദ്വിഗ് വിജയിന്റെ സ്വത്ത് മുഴുവൻ തട്ടിയെടുക്കാനാണ് അമൃതയുടെ നീക്കമെന്നായിരുന്നു പ്രധാന ആരോപണം. അമൃതയ്ക്ക് രാജ്യസഭാടിവിയിൽ ജോലി കിട്ടിയത് ദ്വിഗ് വിജയ് സിങ് കാരണമാണെന്നും പറഞ്ഞുകളഞ്ഞു ചിലർ. മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയെ കെട്ടാൻ നാണമാവില്ലേ എന്നു വരെ ചോദിച്ചു പലരും. വിമർശനങ്ങളെല്ലാം കേട്ടാൽ, കെട്ടിപ്പോയത് ഒരുമാതിരി വള്ളിക്കെട്ട് പരിപാടിയായിപ്പോയല്ലോ എന്ന് ഇരുവർക്കും തോന്നിപ്പോകുമെന്നത് ഉറപ്പ്.

ഒടുക്കം സഹികെട്ട് അമൃത തന്നെ വിമർശകർക്കായി ഒരു മറുപടിക്കത്തെഴുതിയിരിക്കുകയാണ്. പ്രായവും പണവും കണ്ടല്ല പ്രണയം കൊണ്ടാണ് താൻ ദ്വിഗ് വിജയിനെ വിവാഹം ചെയ്തതെന്നായിരുന്നു അതിലെ പ്രധാന വിശദീകരണം. ഹിന്ദുനിയമപ്രകാരം വിവാഹചടങ്ങുകളും പിറകെ റജിസ്ട്രേഷനും നടന്നുകഴിഞ്ഞു. തന്റേതുമാത്രമായിക്കഴിഞ്ഞപ്പോൾ ദ്വിഗ് വിജയ് സിങ്ങിനോട് അമൃത ആദ്യം ആവശ്യപ്പെട്ടതും മറ്റൊന്നുമല്ല–സകല സ്വത്തുക്കളും അഞ്ചുമക്കൾക്കായി എത്രയും പെട്ടെന്ന് വീതം വച്ചു നൽകണം. ഇനിയുള്ള തന്റെ ജീവിതയാത്രയിലെ പുതിയൊരധ്യായം ദ്വിഗ് വിജയിനൊപ്പം സുരഭിലമാക്കണം. ജോലിയിൽ മുന്നേറണം, അതൊക്കെയേയുള്ളു ലക്ഷ്യങ്ങൾ.

തന്റെ ഇമെയിലിൽ നിന്ന് ഫോട്ടോകൾ അടിച്ചു മാറ്റിയ ക്രിമിനലുകളെ പിടികൂടാൻ സഹായിക്കുകയല്ല മറിച്ച് തന്നെയും ‘കാമുകനെ’യും നാറ്റിക്കാനാണ് സൈബർ ലോകത്തുള്ളവർ ശ്രമിച്ചതെന്നും കത്തിൽ പറയുന്നു. ‘ ‘മനസ്സു മടുത്തുപോകുന്ന ഭാഷയിൽ എന്നെ വിമർശിച്ചവർ ഏറെയുണ്ട്. പ്രണയത്തിലൊന്നും ഒരു വിശ്വാസമില്ലാത്തവരാണ് അവർ. ഫോട്ടോകൾ പുറത്തുവന്ന ശേഷം കഴിഞ്ഞ ഒന്നരവർഷം അനുഭവിച്ചത് ചില്ലറയൊന്നുമല്ല. പക്ഷേ ഈ സമയമെല്ലാം ഒരക്ഷരം ഞാൻ മിണ്ടിയില്ല. എനിക്ക് എന്നിലും ദ്വിഗ് വിജയുമൊത്തുള്ള പ്രണയത്തിലും ഏറെ വിശ്വാസമുണ്ടായിരുന്നതിനാലാണത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചാണ് പലരുടെയും സംശയം. പക്ഷേ എന്റെ ഈ പ്രായത്തിൽ തനിക്ക് ചേരുന്നതെന്താണെന്ന് കൃത്യമായി തിരിച്ചറിയാനുള്ള ശേഷിയെനിക്കുണ്ട്. അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിയുമുണ്ട്. ഇന്ത്യ പുരോഗമിക്കുകയാണ് (സുഹൃത്തുക്കളേ), എന്റെ ജീവിതം എങ്ങനെയാകണമെന്നു തീരുമാനിക്കാനുള്ള നിയമപരമായ അവകാശവും ഭരണകൂടം ലഭ്യമാക്കിയിട്ടുണ്ട്. എനിക്കാരുടെയും പണം ആവശ്യമില്ല. വിവാഹത്തിനു ശേഷവും ഞാനെന്റെ സ്വന്തം അധ്വാനം കൊണ്ടുള്ള പണം ഉപയോഗിച്ചായിരിക്കും ഇതുവരെ തുടർന്നതുപോലെ വീട്ടുകാരെ സംരക്ഷിക്കുക...’ അമൃത കത്തിൽ വ്യക്തമാക്കുന്നു. ദുരിതകാലത്ത് ഒപ്പം നിന്ന എല്ലാവർക്കും കത്തിൽ നന്ദിയും പറയുന്നുണ്ട് അവർ.

എന്തായാലും സോഷ്യൽ മീഡിയയിൽ ഈ കത്തും വൈറലായിക്കഴിഞ്ഞു. ഒന്നരക്കൊല്ലത്തോളം ഒന്നും മിണ്ടാതിരുന്ന് ഒടുക്കം സഹികെട്ട് തനിക്കു പറയാനുള്ളതെല്ലാം ലോകത്തെ അറിയിച്ചതിന് മറുപടിയായി തലോടൽ മാത്രമല്ല, തല്ലും ഏറെ കിട്ടുന്നുണ്ട് അമൃതയ്ക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.