Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകശാലയിൽ നിഗൂഢ അട്ടഹാസമുറി, പലർക്കും പല അനുഭവങ്ങൾ!

scream-room ചിത്രത്തിന് കടപ്പാട് : ബാബ് അൽഡോണിയ, ഫേസ്ബുക്ക് പേജ്

വായനക്കാരുടെ തീർഥാടന കേന്ദ്രങ്ങളാണല്ലോ ബുക് ഷോപ്പുകൾ. പുസ്തകങ്ങളുടെ വൈവിധ്യവും അവ രുചിച്ചു നോക്കി തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടെങ്കിൽ ബുക് ഷോപ്പിലെത്തുന്നവർ ഹാപ്പിയാകും. ഈജിപ്തിലെ

ബാബ് അൽഡോണിയ എന്ന പുസ്തകശാല ഇവ കൂടാതെ പുതിയൊരു സൗകര്യം കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. ബുക് ഷോപ്പിൽ ഒരു അട്ടഹാസമുറി. അട്ടഹസിക്കാൻ മാത്രമല്ല, കരയാനും ചിരിക്കാനും എത്ര വേണമെങ്കിലും ഒച്ചയെടുക്കാനുമൊക്കെ ഈ മുറി ഉപയോഗിക്കാം.

ഈ മുറി ഉപയോഗിക്കുന്നതിന് ഉടമ പ്രത്യേക ചാർജൊന്നും ഈടാക്കുന്നുമില്ല. ഒരു ഉപഭോക്താവിന് 10 മിനിറ്റ് മുറി ഉപയോഗിക്കാം. നാലുഭാഗവും കറുത്ത തുണികളാൽ മൂടിയ ഇരുട്ടുമുറിയിൽ ആവശ്യത്തിനു സ്വകാര്യത ലഭിക്കും. നിങ്ങൾ കരഞ്ഞാലോ അലറിയാലോ മറ്റാരും അറിയാനും പോകില്ല. ദേഷ്യം കൂടുതലുള്ളവർ വേണമെങ്കിൽ ചുവരുകളിൽ നാലു തൊഴി നൽകിയാലും കുഴപ്പമില്ല. ഇതൊന്നും പോരാത്തതിനു ഒരു ഡ്രം കിറ്റും മുറിയിലൊരുക്കിയിട്ടുണ്ട്. ആവശ്യത്തിന് അടിച്ചു തകർക്കാം.

ഇരുട്ടുമുറി കൂടാതെ പുസ്തകശാലയോടു ചേർന്ന് കോഫി ഷോപ്പും ഒരുക്കിയിട്ടുണ്ട്. ടോക്കിയോയിലും ലൊസാഞ്ചലസിലുമൊക്കെയുള്ള ആൻഗർമാനേജ്‌മെന്റ് മുറികളെക്കുറച്ചു കേട്ട് രോമാഞ്ചംകൊണ്ടാണ് പുസ്തകശാല ഉടമഅബ്ദൽ റഹ്മാൻ സാദ് തന്റെ സ്ഥാപനത്തിലും ഇത്തരത്തിലൊരു മുറിയൊരുക്കിയത്. ഷോപ്പ് തുറന്ന ശേഷം 12 പേർ ഇരുട്ടു മുറിയിൽ കയറിയിട്ടുണ്ട്. പലർക്കും പല അനുഭവങ്ങളാണ്. ചിലർക്ക് മനസ്സിലെ ഭാരമൊക്കെയിറക്കിവച്ചപോലത്തെ സ്വസ്ഥത കിട്ടുമ്പോൾ ചിലർ ചിരിച്ചു കളിച്ച് പുറത്തുവരുന്നു. മുറി ഉപയോഗിക്കുന്നവരിൽ ഏറെയും സ്ത്രീകളാണ്.

മ്യൂസിക് ബാൻഡിന്റെ പരിശീലന മുറിയായിരുന്നു മുൻപ് ഇത്. വളരെ നല്ലതാണെന്നും അസുഖം മാറ്റാൻവരെ ഈ റൂം തെറാപ്പി ഉപകരിക്കുമെന്നാണ് പതിവുകാരന്റെ അഭിപ്രായം.

Your Rating: