Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റത്തുള്ളിച്ചോരയിൽനിന്ന് ഒരുഗ്രൻ വി‌ജയകഥ

Elizabeth Holmes

ഹോംസ്, ഇൗ പേരുകേട്ടാൽ ആദ്യം മനസ്സിലേക്കു നീളൻ കുപ്പായവും ചുണ്ടിലെരിയുന്ന പൈപ്പും വട്ടത്തൊപ്പിയുമായി കയറിവരുന്നത് ഷെർലക് ഹോംസാണ്. നിലത്തുവീണ തലമുടിത്തുമ്പിൽനിന്നുപോലും അതിസൂക്ഷ്മമായി തെളിവുകളൊപ്പി കുറ്റകൃത്യങ്ങളുടെ ഉള്ളറകൾ വെളിവാക്കിയ രഹസ്യാന്വേഷകൻ. ഇവിടെയിതാ മറ്റൊരു ഹോംസ്, ഒറ്റത്തുള്ളിച്ചോരയിൽനിന്നു മനുഷ്യശരീരത്തിലെ ജൈവരഹസ്യങ്ങളുടെ വിശദാംശങ്ങൾ വെളിവാക്കുകയാണ്. എലിസബത്ത് ആനി ഹോംസ് എന്ന മുപ്പത്തിയൊന്നുകാരിയുടെ കണ്ടുപിടിത്തം അനേകർക്കു ഗുണകരമാവുകയാണ്.

2003ൽ സ്റ്റാൻഫഡ് സർവകലാശാലയിൽ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിനിയായിരിക്കെ തന്റെ 19–ാം വയസ്സിൽ എലിസബത്ത് ഹോംസ് ആരംഭിച്ച തെറാനോസ് എന്ന രക്തപരിശോധനാ സംവിധാനം ഇന്നു പടർന്നുപന്തലിച്ചു വൻ പ്രസ്ഥാനമായി മാറി. കേവലം രക്തപരിശോധനയിലൂടെ തെറാനോസ് എന്ന അമേരിക്കൻ കമ്പനി നടന്നുകയറിയതു ഫോബ്സിന്റെ ഏറ്റവും പുതിയ ശതകോടീശ്വരൻമാരുടെ പട്ടികയിലേക്കാണ്. തെറാനോസിന്റെ മേധാവി എലിസബത്ത് ആനി ഹോംസാണ് ഫോബ്്സ് പട്ടികയിലുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരി എന്ന പദവിയാണു ഫോബ്സ് ഹോംസിനു ചാർത്തിനൽകിയിരിക്കുന്നത്. ഇത്ര വലിയ പദവിയും പണവുമൊക്കെ ചെറുപ്രായത്തിൽ ഹോംസ് സ്വപ്രയത്നത്താൽ നേടിയതാണെന്ന് അറിയുമ്പോൾ നേട്ടത്തിനു തിളക്കമേറുന്നു.

എളിയ തുടക്കം, വലിയ മുന്നേറ്റം

യുഎസിലെ വാഷിങ്ടൺ ഡിസിയിൽ 1984 ഫെബ്രുവരി മൂന്നിനായിരുന്നു ഹോംസിന്റെ ജനനം. സർജൻ, എൻജിനീയർ, ശാസ്ത്രജ്ഞൻ, ഒന്നാം ലോകമഹായുദ്ധ പോരാളി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന തന്റെ മുതുമുത്തച്ഛൻ ക്രിസ്റ്റ്യൻ ആർ. ഹോംസിന്റെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് എലിസബത്ത് ഹോംസ് മെഡിസിൻ പഠിക്കാൻ തീരുമാനിച്ചത്. സൂചി കണ്ടാൽ മുട്ടിടിച്ചുവിറയ്ക്കുമായിരുന്ന എലിസബത്ത് ഇൗ ശാഖ തിരഞ്ഞെടുത്തപ്പോൾ ബന്ധുക്കളിൽ പലരും മൂക്കത്തു വിരൽവച്ചു. എന്നാൽ തന്റെ സൂചിപ്പേടിയാണു തെറാനോസ് സ്ഥാപിക്കുന്നതിൽ പ്രചോദനമായതെന്നു ഹോംസ് പിന്നീടു പറഞ്ഞിട്ടുണ്ട്.

ഹൂസ്റ്റണിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ ചേർന്നു കെമിക്കൽ എൻജിനീയറിങ് പഠിക്കാൻ തുടങ്ങി. അവിടെവച്ചു മികച്ച വിദ്യാർഥികൾക്കു ഗവേഷണത്തിനായി നൽകുന്ന പ്രസിഡന്റ്സ് സ്കോളർഷിപ്പിന് (3000 ഡോളർ) ഹോംസ് അർഹയായി. തന്റെ കെമിക്കൽ എൻജിനീയറിങ് പ്രഫസർ കാനിങ് റോബട്സണിന്റെ കീഴിൽ ഗവേഷണം നടത്താനായിരുന്നു ഹോംസിന്റെ തീരുമാനം. ഗവേഷണകാലത്തുതന്നെ ഹോംസിനു സിംഗപ്പൂരിലെ ജനോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്പും തരപ്പെട്ടു. രക്തപരിശോധനയിലൂടെ വേഗത്തിൽ സാർസ് രോഗം കണ്ടെത്താനുള്ള ഗവേഷണങ്ങളായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനവിഷയം.

ഇന്റേൺഷിപ്പിനുശേഷം സ്റ്റാൻഫഡിൽ തിരിച്ചെത്തിയ ഹോംസ് ആദ്യം ചെയ്തത് ഒരു പേറ്റന്റ് അപേക്ഷ തയാറാക്കി പ്രഫ. റോബർട്സണെ കാണുകയായിരുന്നു. ശരീരത്തിൽ ഘടിപ്പിക്കുന്ന മൊബൈൽ ഫോൺ പോലുള്ള ഉപകരണം വഴി രക്തപരിശോധന നടത്തുന്ന സാങ്കേതികതയെപ്പറ്റിയായിരുന്നു അപേക്ഷയിൽ. രക്തപരിശോധന നടത്തി അതിലെ ഘടകങ്ങളെയെല്ലാം പരിശോധിച്ച് ഓരോരുത്തർക്കും ആവശ്യമായ മരുന്നിന്റെ അളവു നിർദേശിക്കുന്ന ഉപകരണമായിരുന്നു മനസ്സിൽ. ഈ ആശയവുമായി മേഖലയിലെ ഒട്ടേറെ നിക്ഷേപകരെയും കണ്ടു. പക്ഷേ കുറെ നടന്നു ക്ഷീണിച്ചതല്ലാതെ ആരും സഹായിക്കാനുണ്ടായില്ല. പക്ഷേ ഹോംസ് തന്റെ പരിശ്രമവും ഗവേഷണവും തുടർന്നുകൊണ്ടേയിരുന്നു. മുഴുവൻസമയം ചിന്ത തന്റെ പുതിയ രക്തപരിശോധനാ ഉപകരണത്തിനു വേണ്ടിയായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമത്തിനിടെ പക്ഷേ കണ്ടെത്തിയതു തെറാനോസായിരുന്നെന്നു മാത്രം. പക്ഷേ ഇപ്പോഴും തന്റെ സ്വപ്നപദ്ധതിയെ ഹോംസ് മറന്നിട്ടില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണു കക്ഷി.

തെറാനോസ് പിറക്കുന്നു, ഒപ്പം ചരിത്രവും

കണ്ടുപിടിത്തം കൂടുതൽപ്പേർക്കു പ്രയോജനകരമാകുന്നതിനായി ഹോംസ് പത്തൊൻപതാം വയസ്സിൽ കമ്പനി രൂപീകരിച്ചു. മാതാപിതാക്കൾ തന്റെ പഠന ആവശ്യങ്ങൾക്കായി കരുതിവച്ചിരുന്ന പണമായിരുന്നു മൂലധനം. അങ്ങനെ റിയൽ ടൈംസ് ക്യൂർസ് എന്ന സ്ഥാപനം ജന്മമെടുത്തു. പിന്നീട് ഇതിന്റെ പേര് തെറാനോസ് എന്നാക്കി. തെറപ്പി, ഡയഗ്നോസിസ് എന്നീ വാക്കുകൾ ചേർത്തുവച്ചാണു തെറാനോസ് എന്ന പേര് ഹോംസ് രൂപപ്പെടുത്തിയത്.

രക്തമെടുക്കാനുള്ള പരമ്പരാഗതരീതിയെ അട്ടിമറിച്ചായിരുന്നു തെറാനോസിന്റെ വരവ്. സൂചിയെന്നുപോലും തോന്നിപ്പിക്കാത്തവിധത്തിലുള്ള വളരെ ചെറിയ ഒരു സ്റ്റിക്ക്, അതുപയോഗിച്ച് ഒരേയൊരു കുത്ത്, ഒരൊറ്റത്തുള്ളി രക്തം അതൊരു കുഞ്ഞൻ നാനോടെയ്നർ ട്യൂബിലേക്കു മാറ്റും. ഇൗ രക്തം ഉപയോഗിച്ചു നടത്താവുന്നത് മുപ്പതിലേറെ ടെസ്റ്റുകൾ. പരിശോധനയുടെ വിവരങ്ങൾ വയർലെസായി ഒരു ഡേറ്റാബേസിലേക്ക് അയയ്ക്കും. അതിൽനിന്ന് ആവശ്യംപോലെ ഡോക്ടർക്കോ രോഗിക്കോ വിവരങ്ങൾ അയയ്ക്കാം. സാധാരണ മൂന്നുദിവസമെടുത്തു ചെയ്യുന്ന ടെസ്റ്റാണു ചുരുങ്ങിയ സമയംകൊണ്ടു തെറാനോസ് തീർത്തുകൊടുക്കുന്നത്.

ഒാരോ അസുഖവും കണ്ടെത്തുന്നതിന് ഒത്തിരിയേറെ രക്തപരിശോധന നടത്തിവന്നിരുന്നവർക്കു പുതുപ്രതീക്ഷയേകി ഹോംസിന്റെ കണ്ടുപിടിത്തം. ഏറെ ലാഭകരമായിരുന്നു പരിശോധനയെന്നതും മറ്റൊരു കാര്യം. കമ്പനിക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഹോംസ് സ്റ്റാൻഫഡിലെ പഠനം ഉപേക്ഷിച്ചു.

പതറാതെ മുന്നോട്ട്

കഴിഞ്ഞ വർഷത്തോടെ കമ്പനി 200ൽ അധികം ലാബ് ടെസ്റ്റുകൾ ഇത്തരത്തിൽ നടത്താൻതക്കരീതിയിൽ വളർന്നു. യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുവാനുള്ള ലൈസൻസും തെറാനോസിനുണ്ട്. ലോകത്തിലെതന്നെ പ്രമുഖ മരുന്നു വിതരണ ശൃംഖലയായ വാൽഗ്രീൻസുമായി ചേർന്ന് ആയിരക്കണക്കിനു വെൽനെസ് സെന്ററുകൾ സ്ഥാപിക്കുന്ന ഉദ്യമത്തിലാണിപ്പോൾ തെറാനോസ്. മറ്റു സ്ഥാപനങ്ങൾ ഇൗടാക്കുന്നതിന്റെ പത്തിലൊന്നു ഫീസ് നൽകിയാൽ എല്ലാവിധ രക്തപരിശോധനയും നടത്തിക്കൊടുക്കുന്നതാണു പുതിയ പദ്ധതി. രക്ത സാമ്പിൾ പരിശോധനാ മേഖലയിൽ ഹോംസിന്റെ പേരിലുള്ള 18 യുഎസ് പേറ്റന്റുകളും 66 മറ്റു പേറ്റന്റുകളും തെറാനോസിനു ശക്തി പകരുന്നു. ഒട്ടേറെ പേറ്റന്റുകൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സഹപങ്കാളിയുമാണു ഹോംസ്.

കലിഫോർണിയയിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ പുതിയൊരു നിയമം പാസാക്കി – ഡോക്ടറുടെ കുറിപ്പടിയില്ലാതെ രക്തപരിശോധന നടത്താം. ഹോംസിന്റെ ഇടപെടലാണ് ഇൗ നിയമരൂപീകരണത്തിനു കാരണമായത്. മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിലൊന്നും ഇൗ സംവിധാനമില്ല.

ഇതിനിടെ തെറാനോസിനെതിരെ ഒട്ടേറെപ്പേർ വിമർശനവുമായെത്തി. എന്തുതരം സാങ്കേതികതയാണു ഹോംസ് ഉപയോഗിക്കുന്നതെന്നു പരസ്യമാക്കിയിരുന്നില്ല. അതിനാൽത്തന്നെ പലരും സംശയമുന്നയിക്കുകയും ഇതു പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റു കമ്പനികളെപ്പോലെ കാശുകൊടുത്ത് ഉൽപന്നത്തെപ്പറ്റി നല്ലതെഴുതിച്ചു പ്രസിദ്ധീകരിക്കുന്ന രീതിക്ക് പക്ഷേ ഹോംസ് ശ്രമിച്ചില്ല. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ തങ്ങളുടെ ടെക്നോളജിയുടെ മുഴുവൻ വിവരങ്ങളുമെത്തിച്ചു പരിശോധിച്ചാണു ഹോംസ് വിമർശകരുടെ വായടപ്പിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.