Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കിൽ 5000, യഥാർത്ഥ സുഹൃത്തുക്കൾ എത്ര?

onam-friendship

സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിൽ 5000 സുഹൃത്തുള്ള കുട്ടിക്ക് അയൽപക്കത്തെ സമപ്രായക്കാരനായ കുട്ടി ആരെന്നറിയാത്തതാണ് ഇത്തവണത്തെ ഓണത്തിന്റെ സവിശേഷത. വാട്സാപ്പിലും ഫെയ്സ്ബുക്കിലുമായി കൂട്ടായ്മകളും ഒത്തുചേരലുകളും കൊഴുക്കുന്നു. ഓണ സന്ദേശങ്ങൾ പറപറക്കുന്നു. പക്ഷേ ഒത്തൊരുമിച്ചുള്ള പൂവേ പൊലി എവിടെയും കേൾക്കാനില്ല. നാടൻ പൂവിന്റെ മണമറിയില്ല, നിറമറിയില്ല, പേരറിയില്ല.

പൂമണക്കുന്ന കാറ്റ്. കിളിശബ്ദങ്ങളാൽ സുന്ദരമായ പുലർവെയിൽ. മഴകൊണ്ടു മതിവന്ന മൺതരികൾക്കിടയിൽ നിന്നു പച്ചകൾ പൊടിച്ചുണരുന്നതും തൊട്ട് ഓണവെയിലും ഉത്രാടനിലാവും അയൽവീട്ടിലെ കൂട്ടുകാരോടൊപ്പമുള്ള പൂപറിക്കൽ, പൂവിളി, കൈകൊട്ടിക്കളി, ഓണക്കോടിയുടെ പുത്തൻമണം. പൂക്കളെ തീർത്ത് അരിമാവിനാലണിഞ്ഞ മാതേവർക്കു നേദിച്ച പൂവട. മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആയത്തിലാടൽ.... ഓണത്തിന്റെ ഏറ്റവും മനോഹരമായ ഓർമകളാണു കുട്ടികൾക്കു നഷ്ടമാവുന്നത്. ഓണത്തിനു നാവിൽ നിന്നു മായാതെ നിൽക്കുന്ന നിവേദിച്ച പൂവടയുടെ നടുക്കുള്ള ശർക്കരയുടെ കട്ടിമധുരം പോലും ഇന്നത്തെ കുട്ടിക്ക് അന്യമാവുന്നു.

സ്കൂളിന്റെ തടവിൽ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളായിരുന്നു ഓണാവധിദിനങ്ങൾ. ആവോളം തൊടികളിലൂടെ സഞ്ചരിക്കാം. മരങ്ങളോടും ചെടികളോടും പൂക്കളോടും അന്ന് എന്തെല്ലാം പറയാനുണ്ടായിരുന്നു. കൊച്ചു ദുഃഖങ്ങളും വിശേഷങ്ങളും അവയോടു തുറന്നുപറയുമ്പോൾ അവയും വിതുമ്പി വിതുമ്പി എന്തൊക്കെയോ പറയുമായിരുന്നു. മുക്കുറ്റിയും തുമ്പയും മുയൽച്ചെവിയും കയ്യുണ്ണിയും കോളാമ്പിയും ചെമ്പരത്തിയും പറഞ്ഞ വിശേഷങ്ങളെത്ര?

തുമ്പികളെ പിടിക്കാനായി ഓടുമ്പോൾ കുട്ടികൾക്ക് ഒരു വിശ്വാസമുണ്ട്. മനസിൽ തുമ്പിയെ ധ്യാനിച്ചുകൊണ്ട് ഓടിയാലേ തുമ്പിയെ പിടിക്കാൻ കിട്ടൂ. ‘ തുമ്പി... തുമ്പി... കല്ലെടുപ്പിക്കാനല്ല. ഭംഗി കാണാനല്ലേ.’

എന്നു പറയുകയും ചെയ്യും അന്നൊക്കെ തുമ്പികൾക്ക് അതു കേൾക്കുമായിരുന്നു. അവ കുട്ടികൾ പിടിച്ചു ചന്തം നോക്കിക്കോട്ടെ എന്നു വിചാരിച്ച് ഏതെങ്കിലും ചെറിയ ചെടിയിൽ ഇരിക്കും.

പുത്തൻ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിച്ചു കൂട്ടുന്നതിനേക്കാൾ ആയിരം മടങ്ങു പുണ്യമാണു തന്റെ കുട്ടിക്ക് ആ പഴയ ഓണക്കാലത്തിന്റെ മധുരം നുണയാൻ അവസരം കൊടുക്കുക എന്നത്. കുട്ടിക്കാലത്തെ സുഖമുള്ള ഓണനിലാവിനെക്കുറിച്ചു നാളെ അവനും പറയാൻ കഴിയട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.