Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരമായ പ്രഭാതത്തിന് 5 വിദ്യകള്‍

Morning Representative Image

രാവിലെ ചിരിച്ചുകൊണ്ടു സന്തോഷത്തോടെ എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍ തന്നെ അന്നത്തെ ദിവസം സുന്ദരമാകും. രാവിലെ തന്നെ നല്ല മൂഡിലാണെങ്കില്‍ പതിവായി നമുക്കു പ്രശ്നമായി തോന്നുന്ന പലതും നിസ്സാരമായി കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ സാധിക്കും. ജോലിസ്ഥലത്തെ ബോസിന്‍റെ ശാസനയോ ജീവിത പങ്കാളിയുടോ പരാതിയോ നമ്മളെ അമിതമായി അലട്ടിയേക്കില്ല.  പക്ഷെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല പ്രഭാതമാണല്ലോ ഇന്ന് എന്നെങ്ങിനെ തോന്നിക്കും. അതിനുള്ള ചില വഴികളാണ് താഴെ പറയാന്‍ പോകുന്നത്.

1. ജനല്‍ കര്‍ട്ടനോ പാളിയോ പാതി തുറന്നിട്ടുള്ള ഉറക്കം

രാവിലെ ഇളം വെയില്‍ കൊണ്ട് എഴുന്നേല്‍ക്കുന്നത് മനസിനു മാത്രമല്ല ശരീരത്തിനും സുഖം നല്‍കും. വെളിച്ചം എത്തുന്നതോടെ ഉറക്കത്തില്‍ ഉൽപാദിപ്പിക്കുന്ന മെലാട്ടോനിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തലച്ചോറു ശരീരത്തിനു നിര്‍ദ്ദേശം നല്‍കും, ഒപ്പം ശരീരത്തിന് ഉന്മേഷം നല്‍കുന്നിനായി അഡ്രിനാലിന്‍ ഉൽപാദനം വര്‍ധിപ്പിക്കാനും തലച്ചോറ് സിഗ്നല്‍ നല്‍കും

2. അലാറം 15 മിനിറ്റ് നേരത്തെ

രാവിലെ അഞ്ചുമിനുട്ട് കൂടുതല്‍ കിടക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇല്ല. പക്ഷെ ഈ ആഗ്രഹം പൂര്‍ത്തീകരിച്ചാല്‍ പലപ്പോഴും സന്തോഷം കിടക്കയില്‍ ഉപേക്ഷിക്കേണ്ടി വരും. കാരണം പിന്നീടങ്ങോട്ട് പരക്കം പാച്ചിലായിരിക്കും. അടുക്കളയിലായാലും ട്രാഫിക്കിലായാലും ഓഫീസിലായാലും മനസ് ശരീരത്തേക്കാള്‍ വേഗത്തിലെത്താന്‍ നിര്‍ബന്ധിക്കും. പിന്നെ ടെന്‍ഷനായി, സമ്മര്‍ദ്ദമായി. ഇതെല്ലാം ഒഴിവാക്കാം . രാവിലെ അലാറം 15 മിനിറ്റ് നേരത്തെ വക്കൂ. എണീറ്റ് കിടക്കയില്‍ തന്നെ ഇരുന്ന് അന്നത്തെ ദിവസത്തെക്കുറിച്ച് ആലോചിക്കു. അല്ലെങ്കില്‍ മനസിനെ വെറുതെ അല്‍പ്പനേരം അലയാന്‍ വിടു. രാവിലെ തന്നെ എന്തെന്നില്ലാത്ത ആശ്വാസം നമുക്ക് അനുഭവിക്കാന്‍ കഴിയും.

3. ബോഡി സ്ട്രെച്ചിംഗ്

രാവിലെ ഉണര്‍ന്ന് കണ്ണു തുറക്കുന്നതിന് മുന്‍പ് തന്നെ ഇതാരംഭിക്കാം. കൈ വിരലിന്‍റെ ഞെട്ട ഒടിച്ചാകാം തുടക്കം. പിന്നീടു കൈകള്‍ നിവര്‍ത്തി സ്ട്രച്ച് ചെയ്യാം. പിന്നെ എണീറ്റിരുന്ന് കൈകള്‍ പുറകോട്ടാക്കി ഒന്നു നടുവുകൊണ്ട് ഞെളിയാം. കൈകള്‍ പുറകില്‍ കുത്തി കാല്‍ നിവര്‍ത്താം. കാല്‍ക്കുഴകള്‍ ഒന്നു ചുറ്റിക്കാം. ഇതെല്ലാം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കാനും ശരീരം റിലാക്സ് ചെയ്യാനും സഹായിക്കും. മനസ്സിനും ഉന്മേഷം നല്‍കും

4.  ഒരല്‍പ്പം മോട്ടിവേഷന്‍

രാവിലെ എണീറ്റ ശേഷം വാര്‍ത്തകള്‍ക്കെല്ലാം മുന്നേ ഏതെങ്കിലും നല്ല വാക്യം വായിക്കാം. അത് മതഗ്രന്ഥത്തില്‍ നിന്നായാലും സാഹിത്യത്തില്‍ നിന്നായാലും പ്രമുഖരുടെ വാക്കുകളായാലും നല്ല സന്ദേശം ഉള്‍ക്കൊള്ളുന്നവയാകണം. ഒപ്പം നിങ്ങളുടെ ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടുകളോടു ചേര്‍ന്നു നില്‍ക്കുന്നതും. ഈ വാക്കുകള്‍ക്കനുസരിച്ച് അന്നത്തെ ദിവസത്തെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ ശ്രമിക്കാം. ഇത് അന്നത്തെ ദിവസത്തിനു ദിശാബോധം നല്‍കും. നിങ്ങളുടെ മനസിന് ആശ്വാസവും

5. രാവിലെ തീരുമാനങ്ങള്‍ വേണ്ട

ഒരുദിവസത്തെ പ്ലാനുകളെല്ലാം (ആവശ്യമെങ്കില്‍ ) തലേന്ന് രാത്രി തന്നെ തയ്യാറാക്കാം. ഉദാഹാരണത്തിന് രാവിലെ കഴിക്കാന്‍ എന്തുണ്ടാക്കണം, ഏത് ഡ്രസ്സ് ധരിക്കണം, ഓഫീസിലെ ജോലിക്കുള്ള കാര്യങ്ങള്‍ . ഇവയെല്ലാം രാവിലെ ചെയ്യുന്നത് രാവിലെ തന്നെ ചുമടെടുക്കുന്ന ശരീരത്തിന്‍റെ അവസ്ഥയിലേക്ക് മനസിനെ എത്തിക്കും. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം രാവിലെ തന്നെ തീരും. അതേസമയം തലേന്നു തന്നെ ചെയ്യുന്നത് രാവിലെ മനസിന് ആശ്വസിക്കാന്‍ ഇട നല്‍കും