Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണം കഴിക്കണമെങ്കില്‍ പൊണ്ണത്തടിച്ചിയാവണം; എത്ര മനോഹരമായ ആചാരങ്ങള്‍ !!!

forcefeeding Representative Image

കല്യാണം അടുക്കുന്നതോടെ വധുവും വരനും ജീവിതത്തില്‍ അല്‍പസ്വല്‍പം അടുക്കും ചിട്ടയും ഒക്കെ കൊണ്ട് വരുന്നത് സ്വാഭാവികം. കുത്തഴിഞ്ഞ ജീവിതശൈലിക്ക് ഗുഡ്ബൈ പറഞ്ഞ് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങും. ഭാവി വരന്റെ തടിക്ക് ആനുപാതികമായി വധുവും വധുവിന്റെ വണ്ണത്തിനു ആനുപാതികമായി വരനും മെലിയുകയും വണ്ണം വയ്ക്കുകയും ഒക്കെ ചെയ്യും. കാരണം, കല്യാണപന്തലില്‍ നില്‍ക്കുമ്പോള്‍ എല്ലാവരും പറയണമല്ലോ മെയ്ഡ് ഫോര്‍ ഈച് അദര്‍ എന്ന്. 

ഈ പറയുന്നത് എല്ലാം ലോകത്തിന്റെ എല്ലാഭാഗത്തും സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ മൗറിടാനയില്‍ ഇതല്ല സ്ഥിതി. അമിതവണ്ണം ഉള്ള വധു എല്ലായിടത്തും അഭംഗിയാണ് എങ്കില്‍ ഇവിടെ വധു വണ്ണം കുറഞ്ഞവളാണ് എങ്കില്‍ കല്യാണം നടക്കില്ല. കാലങ്ങളായി മൗറിടാനയില്‍ ജനങ്ങള്‍ തുടര്‍ന്ന് വരുന്ന ആചാരമാണ് ഇത്. 

അതുകൊണ്ട് തന്നെ, വിവാഹത്തോട് അനുബന്ധിച്ച് ജിമ്മില്‍ പോയി ഭാരം കുറയ്ക്കാനും പട്ടിണികിടക്കാനും ഒന്നും ഇവിടുത്തെ പെണ്‍കുട്ടികള്‍ മെനക്കെടാറില്ല. എങ്ങനെയും ഭാരം വര്‍ദ്ധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വിവാഹത്തോട് അനുബന്ധിച്ച് ചുരുങ്ങിയ സമയം കൊണ്ട് അല്ല ഇവര്‍ തടിച്ചികള്‍ ആകുന്നത്. ആഫ്രിക്കന്‍ ആചാരപ്രകാരം പ്രായപൂര്‍ത്തി അറിയിച്ചാല്‍ ഉടന്‍ തന്നെ വിവാഹത്തിനായി പെണ്‍കുട്ടികളെ വണ്ണം വെപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി.

വിവാഹം എന്ന ലക്ഷ്യം മുന്നില്‍ കണ്ട്  വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ഏറെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിച്ച് തുടങ്ങും. മാതാപിതാക്കളും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും തന്നെയാണ് ഇതിനു മുന്‍കൈ എടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക്  അനാരോഗ്യം ഉണ്ടാക്കരുത് എന്ന് കരുതിയാണ് ഇങ്ങനെ നിര്‍ബന്ധിപ്പിച്ചുള്ള ആഹാരം കഴിപ്പിക്കല്‍. എന്നാല്‍ ഫലം വിപരീതമാണ് എന്ന് പലരും അറിയാതെ പോകുന്നു. അല്ലെങ്കില്‍, അവരത് വക വയ്ക്കുന്നില്ല. ആചാരത്തിന്റെ പേരില്‍ അമിതമായി ആഹാരം കഴിക്കുന്നതിലൂടെ പൊണ്ണത്തടി മൂലമുള്ള പലരോഗങ്ങളും ഇവരെത്തേടി എത്തുന്നു.

ഒരു ദിവസം ഏകദേശം 6000 കലോറി ഊര്‍ജ്ജം ശരീരത്തില്‍ എത്തുന്ന രീതിയിലാണ് മൗറിടാനിയന്‍ ജനത പെണ്‍കുട്ടികള്‍ക്കായുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്.മാത്രമല്ല, ഭാര്യയുടെ ശരീരം എത്രമാത്രം വലുതാണോ , ഭര്‍ത്താവിന്റെ ഹൃദയത്തില്‍ അവള്‍ക്ക് അത്രമാത്രം വലിയ സ്ഥാനം ലഭിക്കുന്നു എന്നാണ് മൗറിടാനക്കരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് സ്വയം വലുതാകാന്‍ മൗറിടാനിയന്‍ പെണ്‍കുട്ടികള്‍ക്ക് യാതൊരു മടിയും ഇല്ല. 

12 മുതല്‍ 15 വയസ്സുവരെ പ്രായം വരുന്ന മൗറിടാനയിലെ പെണ്‍കുട്ടികളുടെ ശരാശരി ഭാരം 80 കിലോയോളം വരും. 15 വയസ്സില്‍ പെണ്‍കുട്ടിയെ കാണാന്‍ 30 വയസ്സ് തോന്നിക്കും. കൂടുതൽ ഭക്ഷണം ശീലമാക്കുന്നതോടെ പതിയെ ശരീരം കൂടുതല്‍ ആഹാരം ആഗ്രഹിക്കുന്നതിലേക്ക് പാകപ്പെടും. അതോടെ മൗറിടാനക്കാരായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ആകും.