Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭപാത്രത്തിൽ കുഞ്ഞിനെ തുറിച്ചുനോക്കി ‘ചെകുത്താൻ’

womb ചിത്രത്തിന്റെ വലതുവശത്ത് നോക്കാം

സാത്താൻ ബാധയേറ്റ കുട്ടിയുടെ കഥ പല ഭാഗങ്ങളായി പറഞ്ഞ ഒമെൻ എന്ന ചിത്രം വർഷങ്ങൾക്കു മുൻപേ തന്നെ ലോകത്തെ പേടിപ്പിച്ചതാണ്. അത്തരത്തിൽ കുട്ടികൾ പ്രേതങ്ങളായ ചിത്രങ്ങൾ പിന്നെയും പ്രേക്ഷകരുടെ മനസിൽ പേടിയുടെ റീലുകൾ ചലിപ്പിച്ചു കൊണ്ടേയിരുന്നു. ചില കഥകളെല്ലാം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുമായിരുന്നു. പേടി കൂട്ടാൻ വേണ്ടി അൽപം ഫിക്‌ഷനും അതോടൊപ്പം ചേർക്കും. അത്തരത്തിൽ യാഥാർഥ്യവും ഫിക്‌ഷനുമൊക്കെ കൂടിച്ചേർന്ന ഒരു കാഴ്ചയിപ്പോൾ നെറ്റ്‌ലോകത്തെ പേടിപ്പിച്ച് വൈറലാവുന്നത്.

ഒരു കുഞ്ഞിന്റെ അൾട്രാസൗണ്ട് സ്കാനിങ് ഫോട്ടോയാണ് ഇവിടത്തെ ‘പ്രേത’വിഷയം. റെഡിറ്റിലും വൈറൽ ഫോട്ടോകൾക്കും വിഡിയോകൾക്കും വേണ്ടി മാത്രമായുള്ള ഐഎംജിയുആർ വെബ്സൈറ്റിലുമാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. യഥാർഥ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യൂസറാണ് തന്റെ സുഹൃത്തിന്റെ ഭാര്യയുടെ അൾട്രാസൗണ്ട് സ്കാനിങ് ഫോട്ടോ എന്ന പേരിൽ ചിത്രം പോസ്റ്റ് ചെയ്തത്. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രം. 2015 ജൂൺ 26നാണ് അതെടുത്തതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ നിങ്ങളെന്തെങ്കിലും കാണുന്നുണ്ടോയെന്നായിരുന്നു യൂസറുടെ ചോദ്യം. പിന്നീട് ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാണുന്നത്–കുഞ്ഞിനു മുകളിൽ വലതുവശത്തായി അവനെത്തന്നെ നോക്കിക്കൊണ്ട് ഒരു നിഴൽ രൂപം. പേടിപ്പെടുത്തുന്ന മുഖത്തോടു കൂടിയ ഒരു ഒറ്റക്കൊമ്പന്റെ ചിത്രമായിരുന്നു അത്. അരഭാഗം വരെ വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു അത്. ഈ കുട്ടിയാകട്ടെ തീരുമാനിച്ച പ്രസവതീയതിക്കും രണ്ടു മാസം മുൻപേയാണ് ജനിച്ചത്. അതിനെത്തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ കാണാൻ പോയി. കുഞ്ഞിന് പ്രശ്നങ്ങളെന്തെങ്കിലുമുണ്ടോയെന്നറിയാൻ പഴയ അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് ഈ സാത്താൻ കാഴ്ച കാണുന്നത്. എന്താണു കാര്യമെന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ ഇതൊക്കെ വെറും അന്ധവിശ്വാസമെന്നായിരുന്നു മറുപടി. എന്നാൽ സാത്താന്റെ ശല്യം സഹിക്കാൻ പറ്റാതെ കുട്ടി മാസം തികയും മുൻപേ ഗർഭപാത്രത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നാണത്രേ ആ മാതാപിതാക്കൾ വിശ്വസിക്കുന്നത്.

അതേസമയം ഐഎംജിയുആറിൽ കഴിഞ്ഞ ദിവസം ഫോട്ടോ പോസ്റ്റ് ചെയ്തതിനു തൊട്ടുപിറകെ 24 മണിക്കൂറിനകം അഞ്ചുലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്. ഒപ്പം ഒട്ടേറെ കമന്റുകളും. ഒറ്റക്കൊമ്പുള്ള ഹിന്ദുദൈവമാണ് അതെന്നായിരുന്നു ചിലർ പറഞ്ഞത്. മറ്റുചിലരാകട്ടെ ഒരു മത്സ്യകന്യകയാണെന്നും. എന്നാലും ഭൂരിപക്ഷം പേർക്കും അതൊരു ചെകുത്താന്റെ രൂപമാണെന്ന അഭിപ്രായമായിരുന്നു.

ghost-jurasic ജുറാസിക് ചിത്രം

സത്യമാകാൻ ഒരു സാധ്യതയുമില്ലാത്ത ഇത്തരം അൾട്രാസൗണ്ട് സ്കാനിങ് കാഴ്ചകൾ നേരത്തെയും വാർത്തകളായിട്ടുണ്ട്. ലണ്ടനിലെ ഒരു പെൺകുട്ടിയുടെ 4ഡി സ്കാനിങ് റിപ്പോർട്ടിൽ അവരുടെ മുത്തച്ഛൻ കുഞ്ഞിനെ ചുംബിക്കുന്ന ചിത്രമാണത്രേ ലഭിച്ചത്. മരിച്ചുപോയവർ ഗർഭപാത്രത്തിൽ കുഞ്ഞിനെ അനുഗ്രഹിക്കുന്ന കാഴ്ചകളും കണ്ടവരുണ്ട്. ജുറാസിക് പാർക്ക് സിനിമ പുറത്തിറങ്ങാനിരിക്കെ 2015ൽ ദിനോസറിന്റെ നീണ്ട തലയുടെ ചിത്രമുള്ള അൾട്രാസൗണ്ട് സ്കാനിങ് ഫോട്ടോയും വൈറലായിരുന്നു.