Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീയുറങ്ങിയത് ഞാനറിഞ്ഞില്ല പൊന്നേ..., നെഞ്ച്പൊട്ടുന്ന ചിത്രം ആ അമ്മ പോസ്റ്റ് ചെയ്തതെന്തിന്?

natalie-morgan

നീയുറങ്ങിയത് ഞാനറിഞ്ഞില്ല പൊന്നേ..., നെഞ്ച്പൊട്ടുന്ന ചിത്രം ആ അമ്മ പോസ്റ്റ് ചെയ്തതെന്തിന്?

ഒന്നോർത്തു നോക്കൂ...എത്രയെത്ര രാത്രികൾ. ഓഫിസ് ജോലി കഴിഞ്ഞ് വാടിക്കുഴഞ്ഞെത്തി, വീട്ടിലെ ജോലികളെല്ലാം തീർത്ത് കുഞ്ഞിനെയും ഒരുവിധത്തിൽ ഉറക്കി എല്ലാ ക്ഷീണവും മറക്കാനൊന്ന് തല ചായ്ക്കുന്ന നിമിഷം. ഉറങ്ങിവരുന്നതേയുണ്ടാവുകയുള്ളൂ, അപ്പോഴായിരിക്കും തൊട്ടരികിൽ നേർത്തൊരു കരച്ചിൽ, അല്ലെങ്കിൽ കുഞ്ഞുകാൽകൊണ്ടൊരു തട്ടൽ. പുലർകാലങ്ങളിലെ കുഞ്ഞുങ്ങളുടെ ആ തോണ്ടിവിളിയ്ക്കലുകൾക്കും കരച്ചിലുകൾക്കും നേരെ അറിയാതെയാണെങ്കിൽപ്പോലും എപ്പോഴെങ്കിലും നീരസം പ്രകടിപ്പിച്ചിട്ടുണ്ടാവില്ലേ നാം?

കുഞ്ഞുങ്ങൾ കാരണം അസമയത്ത് ഉറക്കമുണരേണ്ടി വരുന്ന എല്ലാ അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി ഒരമ്മ കഴിഞ്ഞ ദിവസം ഏതാനും വാക്കുകൾ കുറിച്ചു: ‘നിങ്ങൾ ഉണരേണ്ടി വരുന്നത് കുഞ്ഞുങ്ങൾ തൊട്ടരികിൽ ഉള്ളതുകൊണ്ടാണ്. പക്ഷേ ഞാൻ ഇപ്പോൾ എന്നും പുലർച്ചെ ഞെട്ടിയുണരുന്നു. ‌അരികിൽ എന്റെ കുഞ്ഞുകണ്മണിയില്ല എന്ന ഒരൊറ്റക്കാരണം കൊണ്ടു മാത്രം...’

ഫ്ലോറിഡയിലെ നതാലി മോർഗൻ എന്ന ആ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ ഇന്ന് ലോകമെമ്പാടുമുള്ള അച്ഛനമ്മമാരുടെ നെഞ്ചിലെ നേർത്ത മുറിപ്പാടാണ്. എല്ലാ മാതാപിതാക്കൾക്കും ഭാവിയിൽ അച്ഛനും അമ്മയും ആകാനൊരുങ്ങുന്നവർക്കുമെല്ലാമായിട്ടായിരുന്നു നതാലി തന്റെ അനുഭവം പങ്കുവച്ചത്. നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ എന്ന ആമുഖത്തോടെയായിരുന്നു പോസ്റ്റിന്റെ തുടക്കം.

കുഞ്ഞുകരച്ചിൽ കേട്ട് ഞെട്ടിയുണരേണ്ട അതേ പുലർകാലത്തിൽ ഒരുനാൾ നതാലി ഞെട്ടിയുണർന്നത് തന്റെ ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന്റെ അവസാനശ്വാസവും നിലച്ചതറിഞ്ഞാണ്. സെപ്റ്റംബർ 10ന് രാത്രിയിൽ കിടക്കും മുൻപ് സ്നേഹത്തോടെ അമ്മയ്ക്ക് കുഞ്ഞിക്കാലു കൊണ്ട് ഒരു തട്ടുകൊടുത്തതാണവൾ. പക്ഷേ 11ന് പുലർച്ചെ ആ കുസൃതിക്കുട്ടിയുടെ അനക്കമൊന്നും അറിയുന്നില്ല. ഡോക്ടർമാരെത്തി പരിശോധിച്ചു. അപ്പോഴേക്കും നതാലിയുടെയും ഭർത്താവ് ബ്രയാന്റെയും രണ്ടാമത്തെ കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചു തന്നെ മരണമടഞ്ഞിരുന്നു. 40 ആഴ്ചകൾ പ്രായമുള്ള കുഞ്ഞ് ജനിക്കാൻ നാളുകൾ മാത്രം ബാക്കിയായിരിക്കെയായിരുന്നു ഈ ദാരുണാന്ത്യം.

ജനിക്കുമ്പോൾ അവൾക്കിടാൻ വച്ചിരുന്ന എലെനോർ ജോസ്ഫീൻ എന്ന പേരു പോലും മിഴിനീർപ്പൂക്കളായ നിമിഷം. കുഞ്ഞ് എലെനോറിന്റെ ഓർമയിൽ നതാലി ഫെയ്സ്ബുക്കിൽ നടത്തിയ ഓർമപ്പോസ്റ്റ് അത് വായിക്കുന്ന ഓരോരുത്തരുടെയും മിഴിക്കോണുകളെ നനയിപ്പിച്ചു കൊണ്ട് വൈറലാവുകയാണ്. നാല് ലക്ഷത്തോളം പേരാണ് ഇതുവരെ പോസ്റ്റ് ഷെയർ ചെയ്തത്. കമന്റുകളായും കരച്ചിലുകളായും ഒട്ടേറെ പേർ ആ അമ്മയ്ക്ക് പിന്തുണയും അറിയിക്കുന്നു. ‘മരണമറിഞ്ഞ ആ നിമിഷത്തിൽ എനിക്കു ശ്വസിക്കാനാകാതായി, ഞാൻ ഉറക്കെക്കരഞ്ഞു, കണ്ണിൽക്കണ്ടതെല്ലാം എടുത്തെറിഞ്ഞു, ഒരു ചില്ലുപാത്രം പോലെ പൊട്ടിത്തകർന്നു പോയി ഞാൻ...അവൾക്കൊപ്പം ഞാനും മരിച്ചുവീണു ആ നിമിഷത്തിൽ. അവളെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. പകരം ഞാൻ തന്നെ എന്റെ കുഞ്ഞിനെ...’ നതാലിയുടെ വരികൾ വിറകൊള്ളുന്നു.

മാനസികനില തകരാറിലായ പോലെ പെരുമാറിയ, ഇരുപത്തൊൻപതുകാരിയായ ആ പെൺകുട്ടിയെ ഉറക്കിക്കിടത്താൻ ശ്രമിച്ച ഡോക്ടർമാരോട് അവൾ അപേക്ഷിച്ചു– ‘അരുത്, ഈ വേദന എനിയ്ക്കറിയണം. എന്റെ ഹൃദയം ഇന്നേരം അനുഭവിക്കുന്ന, ഇഞ്ചിഞ്ചായി കൊല്ലുന്ന ആ വേദന ബോധാവസ്ഥയിൽത്തന്നെ എനിക്കറിയഞ്ഞേ മതിയാകൂ..’ ഡോക്ടർമാർ നതാലിയെ മയക്കിയുറക്കിയില്ല. മരിച്ചെങ്കിലും ആറു മണിക്കൂറോളം നതാലിയും ബ്രയാനും എലെനോറിനൊപ്പം ചെലവിട്ടു. നിശ്ചലമായതെങ്കിലും നിഷ്കളങ്കമായ ആ കുഞ്ഞുശരീരത്തെ നെഞ്ചോട് ചേർത്ത് നിറയെ ഫോട്ടോകളെടുത്തു. അവളെ കുളിപ്പിച്ചു, കുനുകുനാ വളർന്നുവന്ന മുടിയിഴകൾ ചീകിയൊതുക്കി, അവളെ ഉമ്മകൾ കൊണ്ടു മൂടി. പിന്നെ ചെവിയിൽ മന്ത്രിച്ചു–‘കുഞ്ഞേ, നിന്നെ ഞങ്ങളെത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ...’

ജീവിതത്തിൽ എത്രയേറെ കഠിന നിമിഷങ്ങളുണ്ടെങ്കിലും അത് കുഞ്ഞുങ്ങളോട് ഒരിക്കലും പ്രകടിപ്പിക്കരുതെന്നും നതാലി പറയുന്നു. രാത്രികളിൽ പലപ്പോഴും അവരുടെ ഡയപെർ മാറ്റേണ്ടി വരും, കരച്ചിൽ മാറ്റാൻ എടുത്തുകൊണ്ട് നടക്കേണ്ടി വരും, ചിലപ്പോൾ ഒരു രാത്രി മുഴുവൻ അവൻ/അവൾ നിങ്ങളുടെ ഉറക്കം കെടുത്തിയെന്നും വരാം. ചിലപ്പോഴൊക്കെ നിങ്ങൾ നെഞ്ചോടു ചേർത്തുറക്കിയാൽ പോലും കുഞ്ഞുങ്ങൾ വെറുതെ കരയും. അന്നേരമൊന്നും ഒന്നു പോയിക്കിടന്നുറങ്ങ് കൊച്ചേ...എന്നു പറഞ്ഞ് അവരോട് കണ്ണുരുട്ടരുത്. ചെറുതായിപ്പോലും നോവിച്ചേക്കരുത്. നിങ്ങൾക്കുള്ളിൽ ശേഷിക്കുന്ന സ്നേഹത്തിന്റെ ഏറ്റവും ചെറിയ കണം കൊണ്ടാണെങ്കിൽപ്പോലും അവരെ ആശ്വസിപ്പിക്കുക. ആ കുഞ്ഞുങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാമെന്ന് ഒന്നുകൂടി ഒരുമ്മ കൊണ്ടോ തലോടൽ കൊണ്ടോ അവരെ ഓർമിപ്പിക്കുക. കുഞ്ഞുങ്ങളുള്ള കാരണം നിങ്ങൾ ഞെട്ടിയുണരുന്ന ആ നിമിഷത്തിൽ, കാതങ്ങൾക്കപ്പുറം ഞാനിവിടെ എന്റെയരികിലില്ലാത്ത കുഞ്ഞിനെയോർത്ത് ഞെട്ടിയുണരുകയാണെന്നും ഓർമിക്കുക...’

മകളുടെ ഓർമയ്ക്കായി അവളുടെ പേരെഴുതി അതിനു ചുറ്റും പൂക്കൾ നിറഞ്ഞ ഒരു ടാറ്റൂവും നതാലി ചുമലിൽ വരച്ചു ചേർത്തിട്ടുണ്ട്. അമ്മയോട് കരയേണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ കുഞ്ഞുമകൻ ആൽഫിയും അരികെത്തന്നെയുണ്ട്. അതേസമയം എലെനോറിന്റെ നിശ്ചലദേഹവും ചേർത്തുപിടിച്ച് നതാലി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വിമർശനങ്ങളും ഏറെയുണ്ട്. സഹിക്കാനാകാത്ത കാഴ്ചയെന്നു പറഞ്ഞ് ചിലർ ഫോട്ടോയെക്കുറിച്ച് ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്യുക പോലുമുണ്ടായി. അവരോട് ആ അമ്മ എന്തു പറയാനാണ്...? നമുക്കും നതാലിയ്ക്കൊപ്പം പ്രാർഥിക്കാം. ഇനിയൊരമ്മയ്ക്കും ഇതുപോലൊരു മരണം നൊമ്പരമാകാതിരിക്കട്ടെയെന്ന്...നമ്മുടെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടുതന്നെ...