Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡലാകണോ? ദാ ഇങ്ങോട്ടു നോക്കൂ !

model-tips

ആരെയും മോഹിപ്പിക്കുന്ന കരിയറാണു മോഡലിങ്. അഭിനയരംഗത്തേക്കുള്ള വാതിൽ കൂടിയാണിത്. ഐശ്വര്യ റായി, പ്രിയങ്കാ ചോപ്ര തുടങ്ങി നമ്മുടെ സ്വന്തം പാർവതി ഓമനക്കുട്ടൻ വരെ മോഡലിങ്ങിലും അഭിനയത്തിലും ഒരുപോലെ കഴിവുതെളിയിച്ചവർ അനവധിയാണ്. സൗന്ദര്യത്തേക്കാൾ ആകർഷണീയതയും കഴിവുമാണു മോഡലിങ്ങിൽ പ്രാധാനം. മോഡലിങ്ങിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ചില ടിപ്സുകൾ.

∙ അഞ്ചടി ഒൻപതിഞ്ചാണ് ഒരു മോഡലിനു വേണ്ട ഏകദേശ ഉയരം. ഇതിൽ അൽപം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ഉയരത്തിന്റെ കാര്യത്തിൽ മോഡലിങ്ങിൽ നോ കോംപ്രമൈസ്.

∙ നല്ല ആകാരഭംഗിയും കുരുക്കളും പാടുകളും ഇല്ലാത്ത തിളങ്ങുന്ന ചർമമവും അത്യാവശ്യം.

∙ നല്ലൊരു ഡയറ്റ് പ്ലാൻ തയാറാക്കുകയും അതു കൃത്യമായി പാലിക്കുകയും വേണം. വെയ്റ്റ് കൂടുന്നതനുസരിച്ചു നിങ്ങളുടെ സാധ്യതകളും അവസരങ്ങളും കുറയുമെന്നോർക്കുക.

∙ മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ശരീരം മോഡലിങ്ങിനു പാകമായെന്നുറപ്പിക്കാം. ഇനി അടുത്ത ഘടകം നിങ്ങളുടെ കഴിവാണ്. ഉയരവും തിളക്കമേറിയ ചർമവും മോഡലിങ് ‘പരീക്ഷയിൽ നിങ്ങൾക്കു പകുതി മാർക്ക് തന്നെങ്കിൽ ബാക്കി പകുതി കഴിവിനെ ആശ്രയിച്ചാണ്.

∙ മോഡലാകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു പോർട്ട്ഫോളിയോ(ആൽബം) തയാറാക്കുകയാണ്. നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങളുടെ ചിത്രങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. ഒരു നല്ല ആൽബം ഇല്ലാതെ ആർക്കും മോഡലിങ് രംഗത്തേക്കു കടക്കാനാകില്ല.

∙ ചിത്രങ്ങളാണ് ഒരു മോഡലിനെ രക്ഷപ്പെടുത്തുന്നതെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. നിങ്ങളുടെ ആൽബത്തിലെ ചിത്രങ്ങൾ മികച്ചതാണെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിവരും. ഒരു മികച്ച മോഡലിന്റെ നിലവാരം കുറഞ്ഞ ചിത്രത്തേക്കാൾ അംഗീകരിക്കപ്പെടുക ഒരു സാധാരണ മോഡലിന്റെ മികച്ച ചിത്രമായിരിക്കും. അതിനാൽ ഫോട്ടോഷൂട്ട് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന മുഹൂർത്തമാണെന്നു തിരിച്ചറിയുക.

∙ പ്രഫഷണൽ ഫൊട്ടോഗ്രഫേഴ്സിനായി പണം ചെലവാക്കാനില്ലാത്തവർ വിഷമിക്കേണ്ട. പരിചയസമ്പത്തിനായി ഫ്രീയായി ചിത്രമെടുത്തുകൊടുക്കുന്ന ഒരുപാടു ഫാഷൻ ഫോട്ടോഗ്രഫേഷ്സ് നമ്മുടെ രാജ്യത്തുണ്ട്. നിങ്ങളുടെ ഫോൺ ക്യാമറ മികച്ച ക്ലാരിറ്റിയുള്ളതാണെങ്കിൽ ആരുടെയെങ്കിലും സഹായത്തോടെ ഫോണിലും ചിത്രങ്ങളെടുക്കാം.

∙ മോഡലിങ് രംഗത്തും ഫാഷൻ രംഗത്തുമുള്ളവരിൽ എത്രത്തോളം പേരെ പരിചയപ്പെടാമോ അത്രയും നല്ലത്. ചിലപ്പോൾ മികച്ച ഒരു അവസരം ലഭിക്കുക നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാകാം.

∙ നിങ്ങളുടെ സമീപപ്രദേശങ്ങളിലുള്ള മോഡലിങ് ഏജൻസികളെ കണ്ടെത്തുക. ഒട്ടുമിക്ക ഏജൻസികളും ‘ഓപ്പൺ കോൾസ് നടത്താറുണ്ട്. ആർക്കും പങ്കെടുക്കാം എന്നതാണ് ഓപ്പൺ കോൾസിന്റെ പ്രത്യേകത.

∙ മോഡലിങ്ങിൽ ചെറിയ കോഴ്സുകൾ ചെയ്യുന്നതും വർക്ഷോപ്പുകളിൽ പങ്കെടുക്കുന്നതും ഫാഷൻ ഷോകൾ സന്ദർശിക്കുന്നതും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

∙ നിങ്ങളുടെ പോസിറ്റീവും നെഗറ്റീവും വശങ്ങളെ സ്വയം മനസിലാക്കുക. നിങ്ങളുടെ പെരുമാറ്റരീതി, നടപ്പിന്റെ രീതി, ചിരി, പോസിങ് സ്റ്റൈൽ തുടങ്ങിയവയെ മെച്ചപ്പെടുത്താൻ ഇതു സഹായിക്കും.

∙ നിങ്ങളുടെ കഴിവു തെളിയിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. ചെറിയ ഒരവസരമായിരിക്കും നിങ്ങളുടെ കരിയറിനെ തന്നെ മാറ്റിമറിക്കുന്ന വലിയൊരവസരത്തിനു വഴിതെളിക്കുക.