Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി ഒരു രോഗമാണോ?

Selfy Representative Image

''പതിനായിരങ്ങൾ‍ വിലയുള്ള ഫോണിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം സെൽഫിയെടുക്കുന്നവനറിയുമോ, പണ്ട് പത്ത് വർഷം കൂടെ പഠിച്ചവർക്കൊപ്പമെടുത്ത ഫോട്ടോയുടെ കോപ്പി വാങ്ങാൻ പത്തു രൂപയില്ലാതിരുന്നവന്റെ വേദന?” സാമൂഹിക മാധ്യമങ്ങളിൽ വന്ന ഒരു കമന്റ് ആണിത്. സംഗതി സത്യം തന്നെ. രാവിലെ ഉറക്കമെഴുന്നോൽക്കുന്നത് മുതൽ ഉറക്കത്തിലേക്കുള്ള അവസാന നിമിഷം വരെ ഇന്ന് സെൽഫിയായി റെക്കോർഡ് ചെയ്യപ്പെടുന്നു. സെലിബ്രറ്റികൾ മുതൽ സാധാരണക്കാർ വരെ സെൽഫികളുമായി സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നു. ഇത്തരം ചിരിച്ച മുഖങ്ങൾക്കിടയിലാണ് സെൽഫിയെടുക്കുന്നതിനിടെ അപകടമെന്നത് പതിവ് വാർത്തയായി മാറിത്തുടങ്ങുന്നത്.

മുമ്പിൽ ഇന്ത്യ

സത്യത്തിൽ സെൽഫി ഭ്രമം എന്നൊന്നുണ്ടോ? സെൽഫി ആളെക്കൊല്ലുന്നുണ്ടോ? വാഷിങ്ടൺ പോസ്റ്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം 27 സെൽഫി മരണങ്ങൾ ലോകത്ത് നടന്നപ്പോൾ അതിൽ പകുതിയും സംഭവിച്ചത് നമ്മുടെ ഇന്ത്യയിലായിരുന്നു. ഓടിവരുന്ന ട്രെയിനിനു മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിച്ച് മരിച്ചവരാണ് ഇതിൽ ഏറെയും. കടലിന്റെ അരികിലും മലയുടെ നെറുകയിലുമൊക്കെ സെൽഫിയെടുത്ത് ‘പടമായവരും’ ഏറെ. സമൂഹമാധ്യമങ്ങളിൽ മറ്റുള്ളവരുടെ ലൈക്ക് നേടാൻ ശ്രമിക്കുന്ന സെൽഫികൾ സെൽഫ് നഷ്ടപ്പെടുത്തുന്നവയായി മാറുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.... സെൽഫി ഭ്രമം അപകടമായതോടെ ലോകത്ത് പലയിടങ്ങളിലും സെൽഫിക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങി.

Selfy Representative Image

പിടിവിട്ട് മുംബൈ

ബാന്ദ്രയിലെ കടലിനടുത്ത് നിന്ന് സെൽഫിയെടുക്കവേ വെള്ളത്തിൽ വീണ് വിദ്യാർഥി മരിച്ചതോടെ മുംബൈ പൊലീസും ഉണർന്നു. നഗരത്തിലെ 15 സ്ഥലങ്ങളെ സെൽഫി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളായി പൊലീസ് അടയാളപ്പെടുത്തിക്കഴിഞ്ഞു. മറൈൻ ഡ്രൈവ്, ബാന്ദ്ര ബാൻസ്റ്റാൻഡ്, പവായ് ലേക്ക്, ദാദർ ബീച്ച് ഫ്രണ്ട്, ജൂഹു ബീച്ച് എന്നിവ ഇതിൽപ്പെടുന്നു. ഇവിടങ്ങളിൽ നിന്ന് സെൽഫിയെടുക്കുന്നവരെ ബോധവൽക്കരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സെൽഫി എടുക്കാൻ വരുന്ന വിരുതനൻമാരെ അലങ്കരിച്ച മരങ്ങളും വർണക്കുടകളുമൊക്കെ നിറഞ്ഞ, അപകടമില്ലാത്ത ദാദറിലെ സെൽഫി തെരുവുകളിലേക്ക് പറഞ്ഞുവിടാം എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. റഷ്യയിൽ സെൽഫി ഭ്രമം ഏറിയവർക്ക് നിർദേങ്ങളുമായി അവിടുത്തെ പൊലീസും രംഗത്തെത്തിയിരുന്നു. സുരക്ഷിതമല്ലാത്ത സെൽഫികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് റഷ്യൻ പൊലീസ് പ്രചരിപ്പിക്കുന്നത്. റോഡ് ചിഹ്നങ്ങളുടെ മാതൃകയിലുള്ള അപായസൂചനകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

രോഗമാണോ സാർ..?

അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറിയിട്ടുണ്ടെന്ന് മനശാസ്ത്രജ്‍ഞരും വ്യക്തമാക്കുന്നു. പതിനഞ്ചുവയസുകാരൻ പത്ത് മണിക്കൂറോളം സെൽഫിക്കായി ശ്രമിച്ച് ഒടുവിൽ നല്ല സെൽഫി കിട്ടാതെ ആത്മഹത്യക്ക് ഒരുങ്ങിയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. നാർസിസത്തിന്റെ മറ്റൊരു രൂപമായി സെൽഫി ഭ്രമത്തെ വിശേഷിപ്പിക്കുന്നുണ്ട്. ഉദ്ദേശിച്ച പോലെയുള്ള മികച്ച ഫോട്ടോ കിട്ടിയില്ലെങ്കിൽ വിഷാദവും ദേഷ്യവും കൂട്ടായ്മകളിൽ നിന്ന് ഉൾവലിയാനുള്ള പ്രവണതയും കൗമാരക്കാരിൽ കണ്ടുവരുന്നതായും പഠനങ്ങൾ വിലയിരുത്തുന്നു. സെൽഫി ഭ്രമം തലയ്ക്കുപിടിച്ച് പ്ളാസ്റ്റിക് സർജറികൾക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ഫേഷ്യൽ പ്ളാസ്റ്റിക് ആൻറ് റികൺസ്ട്രക്ടീവ് സർജറി നടത്തിയ റിപ്പോർട്ടിൽ കൗമാരക്കാരുടെ മുഖഭംഗി വർധിപ്പിക്കുന്നതിൻറെ പ്രധാന ലക്ഷ്യം സെൽഫികളിലേയും സാമൂഹ്യമാധ്യമങ്ങളിലേയും ലൈക്ക് വർധനവാണ്. ഇതിനായുള്ള അവസാനമാർഗമായാണ് ഫേഷ്യൽ സർജറികൾക്കായി മുന്നോട്ട് വരുന്നതെന്നാണ് അവിടെ നിന്നുള്ള പഠനറിപ്പോർട്ടുകൾ.

Selfy Representative Image

തുണിയില്ലാതെയും സെൽഫി

അശ്ലീല സെൽഫികളും ഇന്ന് ഇൻറർനെറ്റിലെ പതിവ്കാഴ്ചയായി മാറുന്നു. ഇരുണ്ട മുറികളിൽ ആരുമറിയാതെ നഗ്ന സെൽഫികളെയെടുത്ത് പങ്കുവയ്ക്കുന്നത് പ്രണയമല്ലെന്ന തിരിച്ചറവില്ലാത്തവരാണ് ഇക്കൂട്ടർ. ബന്ധങ്ങളുടെ പേരിൽ വിശ്വാസത്തിൻറെ ഉറപ്പിൽ പങ്കുവയ്ക്കപ്പെടുന്ന ഇത്തരം സെൽഫികളാണ് പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന ഓർമപ്പെടുത്തലോടെ ഇൻറർനെറ്റുകളിലെ അശ്ലീല സൈറ്റുകളിലെത്തുന്നത്. സിനിമാനടിമാർ മുതൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഈ അപകടത്തിന് ഇരയായിട്ടുണ്ടെന്ന വാർത്തകൾ മറക്കാതിരിക്കട്ടെ. നവമാധ്യമങ്ങളുടെ അരങ്ങത്ത് സെൽഫി വില്ലൻവേഷത്തിൽ എത്തുമ്പോൾ നിരോധനങ്ങൾക്കപ്പുറം ബോധവൽക്കരണമായിരിക്കും കൂടുതൽ സ്വീകാര്യമായ പരിഹാരമാർഗം. ജീവിതം സെൽഫിയല്ലെന്നു നമ്മുടെ കുട്ടികൾ പഠിക്കട്ടെ. ലൈക്കിലൊതുങ്ങുന്നതല്ല ജീവിതം.

ഭ്രമം മാറ്റിയെടുക്കാം‌

സെൽഫിയല്ല സെൽഫ് നൽകുന്നത്. നീ നന്നായിരിക്കുന്നു, വസ്ത്രം മനോഹരമായിരിക്കുന്നു തുടങ്ങിയ പ്രോത്സാഹനോത്മുഖമായ വാക്കുകൾ പറഞ്ഞ് മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യുന്നതിലും നല്ലതാണ് സുഹൃത്തിൽ നിന്നുള്ള അഭിനന്ദനം എന്ന് തിരിച്ചറിയുക. ലൈക്ക് കൂടുന്നത് ഫോട്ടോകൾക്ക് മാത്രമാണ്, നമ്മുടെ ജീവിതത്തിന് ലൈക്ക് കിട്ടണമെങ്കിൽ ‍ നല്ല ജീവിതം നയിക്കുക മാത്രമാണ് മാർഗം..കംപ്യൂട്ടറിൽ തെളിയുന്ന സൗഹൃദങ്ങൾക്കപ്പുറമാണ് നേരിൽ കാണുന്ന സൗഹൃദങ്ങളെന്നും തിരിച്ചറിയാം. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന പഴമൊഴി നമുക്കിനി മാറ്റിയെഴുതാം..ചങ്ങാതി നന്നായാൽ സെൽഫി ക്യാം വേണ്ട!!!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.