Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട് വെറും കാളകളിയല്ല

jellikkettu1

വീരന്മാരുടെ വിനോദമാണു ജെല്ലിക്കെട്ട്
ജെല്ലിക്കെട്ടിനുള്ള കാളയെ വളർത്തുന്നതും പരിശീലിപ്പിക്കുന്നതും കേട്ടാൽ മനസ്സിലാകും: ഇവർക്ക് ഇതു വെറും മാടല്ല. പൊങ്കൽ ആയാൽ തമിഴകത്തിന്റെ ഹൃദയമിടിക്കുന്നതുപോലും കാളക്കുളമ്പടിയുടെ താളത്തിലാവും. കൂറ്റൻ കാളകളുടെ കൊമ്പുകൾക്കിടയിലൂടെ മരണത്തെ മുഖാമുഖം കാണുമ്പോഴും തമിഴ് മക്കൾ ആർപ്പുവിളിക്കും. കാരണം, ഇതു ജെല്ലിക്കെട്ടാണ്; രക്‌തത്തിലലിഞ്ഞ വികാരം. നമ്മുടെ ഓണത്തിന്റെയത്ര കേമമായി തമിഴ്‌നാട്ടുകാർ പൊങ്കൽ ആഘോഷിക്കുന്നു. രക്‌തം പൊടിഞ്ഞാലും മാട്ടുപ്പൊങ്കൽ പൊടിപൊടിക്കണമെന്നുള്ളതുകൊണ്ടു തമിഴ്‌നാട്ടുകാർ ജെല്ലിക്കെട്ടു നടത്തുന്നു.

രാജകീയം, ഈ കാളജീവിതം
ജെല്ലിക്കെട്ടുകാളകളെ തമിഴ് മക്കൾ കാണുന്നതു ദൈവത്തെപ്പോലെ. വീട്ടിലെ മൂത്തസ്‌ത്രീക്കാണു കാളയെ വളർത്താനുള്ള ഉത്തരവാദിത്തം. പരുത്തി, കാലിത്തീറ്റ, തവിട്, പച്ചരി, തേങ്ങ, പാൽ, വാഴപ്പഴം, കത്തിരിക്ക, നാട്ടുമരുന്നുകൾ എന്നിവയൊക്കെയടങ്ങുന്ന കുശാലായ ഭക്ഷണം കഴിച്ചു ജെല്ലിക്കെട്ടുകാളകൾ വളരും. വീട്ടിൽ ഉണ്ടാക്കുന്ന സ്‌പെഷൽ വിഭവങ്ങളെന്തും കാളയും ശാപ്പിടും. മാസം 15,000 മുതൽ 20,000 രൂപവരെയാണ് ജെല്ലിക്കെട്ടുകാളകളെ പരിപാലിക്കാൻ ചെലവാകുന്നത്.

കാളപ്പോരും കാളപ്രേമവും അസ്‌ഥിക്കുപിടിച്ച ചിലർ തൊഴുത്തുകളിൽ എസി വരെ ഫിറ്റ് ചെയ്യുന്നു. പാട്ടുപെട്ടിയും ഫാനും ട്യൂബ്‌ലൈറ്റും അടക്കം ഗംഭീര സജ്‌ജീകരണങ്ങളുള്ള ജെല്ലിക്കെട്ടുതൊഴുത്തുകൾ സർവസാധാരണം. പ്രാണികളെ അകറ്റാനായി തൊഴുത്തിൽ സുഗന്ധദ്രവ്യങ്ങൾ പുകയ്‌ക്കും. ദിവസവും രാവിലെയും വൈകിട്ടും കാളയെ എണ്ണതേച്ചു കുളിപ്പിക്കും. നമ്മൾ കാറു കഴുകുന്നതുപോലെ ഹോസിൽ വെള്ളം ചീറ്റിച്ചൊന്നുമല്ല, ആനയെ കുളിപ്പിക്കുന്നതുപോലെ രാജകീയമായിട്ടാണു കാളക്കുളി. കഴുത്തൊപ്പം വെള്ളത്തിൽ നിർത്തി കച്ചോലവും രാമച്ചവും ഉരച്ചാണു കാളയുടെ ദേഹത്തെ ചെളി കളയുന്നത്. നാട്ടുമരുന്നുകളും പോഷകാഹാരങ്ങളും ദിനംപ്രതി അകത്താക്കുന്ന കാളകൾ മൂന്നുവർഷത്തിനുള്ളിൽ പോരിനു തയാറാകും.

നീന്തും കാള, ഓടും കാള
പൊങ്കൽ പിറക്കുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ കാളകൾ പരിശീലനത്തിനിറങ്ങും. ഓട്ടം, ചാട്ടം, നീന്തൽ എന്നിവ പോരുകാളകൾക്കു നിർബന്ധം. കാളപ്പോരിൽ വർഷങ്ങളുടെ പരിചയമുള്ളയാളാവും ഫിസിക്കൽ ട്രെയിനർ. മുൻപിൽ നിരത്തിയ മൺകൂനകളും മണൽച്ചാക്കുകളും കൊമ്പുകൊണ്ട് ഇടിച്ചു തെറിപ്പിക്കുക, തെങ്ങിൻതടികൾകൊണ്ടുള്ള വേലികൾക്കു മുകളിലൂടെ ചാടുക, രണ്ടു കാലിൽ ഉയർന്നു നിൽക്കുക...ഇതെല്ലാം പരിശീലിപ്പിക്കും. ആരാണെങ്കിലും മുതുകിൽ പിടിച്ചാലുടൻ കുതറിത്തെറിപ്പിക്കാനും കാളയെ പഠിപ്പിക്കും. മരുന്നെണ്ണ ഉപയോഗിച്ചു കാളയുടെ മുതുക് ഉഴിയും. ഏറ്റവും ഉയർന്ന മുതുകുള്ള കാളയ്‌ക്കു ജെല്ലിക്കെട്ടിൽ വിജയസാധ്യത ഏറെയാണ്. മനുഷ്യൻ ജിമ്മിൽ പോയി മസിലു പെരുപ്പിച്ച് ഇറങ്ങുന്നതുപോലെ മസിൽമാൻമാരായ കാളകൾ പരിശീലനക്കളരിയിൽനിന്നു പുറത്തിറങ്ങും.

ജെല്ലിക്കെട്ടുമല്ലന്മാർ ഉണ്ടാകുന്നത്
കഠിനമായ പരിശീലനത്തിനുശേഷമാണു തമിഴ് യുവാക്കൾ ജെല്ലിക്കെട്ടിനിറങ്ങുന്നത്. ശാരീരികമായും മാനസികമായും നല്ല കരുത്തു നേടിയവർക്കേ കൊമ്പുകുലുക്കിയെത്തുന്ന കാളകളെ കീഴ്‌പ്പെടുത്താനാവൂ. വ്രതമെടുക്കുന്നതുപോലെ കണിശമായ നിഷ്‌ഠകളാണു ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന തമിഴ് വീരന്മാർക്കുള്ളത്. ശരീരപുഷ്‌ടിക്കുവേണ്ടി കബഡിപോലെയുള്ള നാടൻ കളികളിൽ ഏർപ്പെടും. ജെല്ലിക്കെട്ടുമല്ലന്മാരാകാൻ ജിംനേഷ്യത്തിൽ പോകുന്ന ട്രെൻഡ് ഒക്കെ പിന്നീടു വന്നതാണ്. എത്ര മസിലു പെരുപ്പിച്ചാലും പോരുകാളയുടെ കൊമ്പിൽ ചാടിപ്പിടിച്ചു മുതുകിൽനിന്നു പിടിവിടാതെ കിടക്കാൻ ധൈര്യമുള്ളവർക്കേ വിജയിക്കാനാകൂ. 21 മുതൽ 40 വയസ്സുവരെയുള്ളവരെയാണു ജെല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുക. മദ്യപരെയും പുകവലിക്കാരെയുമൊന്നും പോരിനിറക്കാതിരിക്കാൻ കർശന വൈദ്യപരിശോധനയുണ്ടാകും.  

Your Rating: