Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയിൽപോളിഷിലെ വിഷം ഇനിയൊരു വിഷയമേയല്ല...

kidlicks

ഏത് ബ്രാൻഡ് നെയിൽ പോളിഷിൽ നോക്കിയാലും കാണാം ‘ദയവു ചെയ്ത് കുട്ടികളുടെ കൈകളിൽ ഇതെത്തിപ്പെടാതെ ശ്രദ്ധിക്കുക’ എന്ന്. പക്ഷേ കുട്ടികൾക്കാകട്ടെ ഇതുപോലെ ഇഷ്ടമുള്ള വേറൊരു സംഗതിയില്ല. അമ്മയോ ചേച്ചിയോ ഒക്കെ നെയിൽപോളിഷിടുന്നത് കണ്ടാൽ ഓടിവന്ന് അവരും കൈ നീട്ടിപ്പിടിച്ച് നിൽക്കും. ചിലരൊക്കെ കുഞ്ഞുനഖങ്ങളിൽ ഓരോ പൊട്ടുപോലെ നെയിൽപോളിഷിട്ടു കൊടുക്കുകയും ചെയ്യും. വായിൽ വിരലിട്ടു നുണഞ്ഞുകൊണ്ട് നടക്കുന്ന പിള്ളേരാണെങ്കിൽ പിന്നെ സംഗതി പുലിവാലായി. കൊടുംവിഷമെന്ന് ശാസ്ത്രം വിലയിരുത്തിയെ ടൊളുവിൻ, ഡൈബ്യൂട്ടൈൽ ഫാലേറ്റ്, ഫോർമൽ ഡെഹൈഡ് തുടങ്ങിയവയാണ് ചില നെയിൽപോളിഷുകളിൽ ചേർത്തിരിക്കുന്നത്. കുട്ടികൾക്കായുള്ള നെയിൽപോളിഷുകളിൽ പോലുമുണ്ട് ഇത്തരം വിഷപദാർഥങ്ങൾ.

Nail Polish ജോഷ് ക്രൂ‌ട്ടും ഓഡ്രി അമാറയും മക്കൾക്കൊപ്പം

പക്ഷേ ഇനി പേടിക്കേണ്ട, വേണമെങ്കിൽ ഉമിനീരുപയോഗിച്ചു പോലും മാറ്റാവുന്ന തരം നെയിൽ പോളിഷ് വിപണിയിലെത്തിക്കഴിഞ്ഞു. കിഡ് ലിക്ക്സ് എന്നു പേരിട്ടിരിക്കുന്ന നെയിൽ പോളിഷ് പേരുപോലെത്തന്നെ കുട്ടികളെ നെയിൽപോളിഷുകളിൽ നിന്നു സംരക്ഷിക്കുന്നതാണ്. അതായത് തിന്നാൽപ്പോലും കുട്ടികൾക്ക് യാതൊരു പ്രശ്നവമുണ്ടാക്കാത്ത തരം നെയിൽ പോളിഷ്. അമേരിക്കൻ ദമ്പതികളായ ഓഡ്രി അമാറ, ജോഷ് ക്രൂട്ട് എന്നിവരാണ് പഴങ്ങളും പച്ചക്കറികളും ചോളവും എന്തിന് ബാർലിച്ചെടി വരെ ഉപയോഗിച്ച് 100 ശതമാനവും പ്രകൃതിദത്തമായ നെയിൽപോളിഷുണ്ടാക്കിയത്.

Nail Polish

ജോഷിനും ഓഡ്രിയ്ക്കും നാലു മക്കളാണ്. അവരിൽ മൂത്തകുട്ടിക്ക് വിരലുകുടിക്കുന്ന ശീലവുമുണ്ടായിരുന്നു. കക്ഷി അൽപം മുതിർന്നു കഴിഞ്ഞപ്പോഴാകട്ടെ ആരുമറിയാതെ നെയിൽപോളിഷ് പ്രയോഗവും തുടങ്ങി. െനയിൽ പോളിഷ് ശരീരത്തിൽ കടന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു ചുമ്മാതൊരു ദിവസം നോക്കിയപ്പോഴാണ് എത്രമാത്രം ദോഷകരമായ രാസവസ്തുക്കളാണ് അവയിലുള്ളതെന്ന് ഓഡ്രിക്ക് മനസിലായത്. അങ്ങനെ ഓരോ നെയിൽപോളിഷും പരിശോധിച്ചപ്പോഴാകട്ടെ കുട്ടികൾക്കുള്ള ബ്രാൻഡുകളിൽ പോലും ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം. തുടർന്നാണ് ഈ ഇരുവരും കൂടി ഏറെ നാളത്തെ പരീക്ഷണ–ഗവേഷണങ്ങൾക്കൊടുവിൽ കിഡ് ലിക്ക്സ് തയാറാക്കിയത്.

കാരറ്റ് ഓറഞ്ച്, ബാർലി ഗ്രാസ് ഗ്രീൻ, ബീറ്റ് റെഡ് എന്നീ മൂന്നുനിറങ്ങളിലൊരുക്കിയ നെയിൽപോളിഷ് www.kidlicks.com എന്ന വെബ്സൈറ്റിൽ വിൽപനയ്ക്കും എത്തിച്ചു. 13.99 ഡോളർ വിലയിട്ട് വിൽപന തുടങ്ങിയതിനു പിറകെ ഒട്ടേറെ പേരാണ് ഇത് ആവശ്യപ്പെട്ടെത്തിയിരിക്കുന്നത്. കുട്ടികൾക്കു മാത്രമല്ല രാസവസ്തുക്കളോട് അലർജിയുള്ളവർക്കും ഇവ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഒഴിവാക്കാനായി പ്രത്യേകം നെയിൽപോളിഷ് റിമൂവറൊന്നും ഉപയോഗിക്കുകയും വേണ്ട. സോപ്പിട്ടോ വെള്ളം കൊണ്ടോ കഴുകി ചെറുതായൊന്ന് ഉരച്ചാൽ പോകുന്നതേയുള്ളൂ. പക്ഷേ കുളിക്കുമ്പോഴും മറ്റും വെള്ളം തട്ടിയാലൊന്നും കിഡ് ലിക്ക്സ് ഇളകിപ്പോകുകയുമില്ല. ഫ്രിജിൽ സൂക്ഷിക്കുകയാണെങ്കിൽ ഇത് രണ്ടുമാസം വരെ ഇരിക്കും. വിഷവസ്തുക്കളൊന്നുമില്ലാത്തതിനാൽ ഫ്രിജിലെ പച്ചക്കറികളോടും പഴങ്ങളോടുമൊപ്പം ധൈര്യമായി വയ്ക്കുകയുമാകാം.. ഇനിയും പലനിറത്തിലുള്ള ഓർഗാനിക് കിഡ് ലിക്ക്സ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഈ ദമ്പതിമാർ.