Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയാണെന്നറിഞ്ഞില്ല, പക്ഷേ സുഖപ്രസവം

Baby Chloe ക്ലോയി

കാനഡയിൽ നിന്ന് ടോക്ക്യോവിലേക്ക് നിറയെ യാത്രക്കാരുമായി പറക്കുകയായിരുന്നു എയർ കാനഡയുടെ ആ വിമാനം. പത്തുമണിക്കൂറോളം നീണ്ട യാത്ര ഏകദേശം അവസാനിക്കാറായ നിമിഷം കോക്ക്പിറ്റിൽ നിന്ന് ഒരു അനൗൺസ്മെന്റ്: ഒരു സന്തോഷവർത്തമാനം എല്ലാവരെയും അറിയിക്കട്ടെ. നമ്മുടെ യാത്രാസംഘത്തിലേക്ക് ഒരാൾ കൂടി വന്നുചേർന്നിരിക്കുന്നു... അന്നേരം വിമാനം പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുകയായിരുന്നു. ആകാശത്തുവച്ച് ആരാണ് പുതുതായി വിമാനത്തിൽ കയറിയതെന്നാലോചിക്കുകയായിരുന്നു യാത്രക്കാർ. ഇനി വല്ല സൂപ്പർമേനോ മറ്റോ? സൂപ്പർമേനല്ലെങ്കിലും അതിലും സൂപ്പറായ ഒരു സംഗതിയായിരുന്നു ആകാശത്ത് സംഭവിച്ചത്. ഒരു ഇരുപത്തിമൂന്നുകാരി പ്രസവിച്ചു. അതും ഗർഭിണിയായിരുന്നുവെന്നു പോലും അറിയാത.

കാനഡ സ്വദേശി ഏഡ ഗ്വാനാണ് ഭർത്താവുമൊത്തുമുള്ള യാത്രയ്ക്കിടെ വിമാനത്തിൽ പ്രസവിച്ചത്. ഇക്കഴിഞ്ഞ മാതൃദിനത്തിനായിരുന്നു ഈ അതിശയസംഭവമെന്നതും കുഞ്ഞിന്റെ ജനനത്തിന് ഇരട്ടി മധുരമായി. വിമാനത്തിൽ കയറി യാത്ര അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ ഏഡയ്ക്ക് ചെറുതായി വയറുവേദന ആരംഭിച്ചിരുന്നു. യാത്രക്കാരിലുണ്ടായിരുന്ന ഒരു ഡോക്ടർ വയറുവേദനയ്ക്കുള്ള മരുന്നും കൊടുത്തു. പക്ഷേ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഇടയ്ക്ക് ഭർത്താവ് വെസ്ലി ബ്രാഞ്ചിനെ വിളിച്ച് ഏഡ പറഞ്ഞു, എന്തോ എന്റെ ഉള്ളിൽനിന്നു പുറത്തു വന്നതുപോലെ...വെസ്ലി പരിശോധിച്ചപ്പോഴാണ് കാണുന്നത്, ഒരു കുഞ്ഞിന്റെ തല പുറത്തുവന്നിരിക്കുന്നു. ആ നിമിഷം ഏഡയെ നോക്കി വെസ്ലി പറഞ്ഞു: അതേയ്, നമുക്കൊരു കുഞ്ഞുജനിച്ചെന്നു തോന്നുന്നു...

Ada Guan with Baby Chloe ഏഡ ഗ്വാൻ മകൾ ക്ലോയിക്കൊപ്പം

ഞെട്ടൽ മാറും മുൻപേ വെസ്ലി വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചു. ഏഡയെ ഉടൻ ബിസിനസ് ക്ലാസിലേക്ക് മാറ്റി. യാത്രക്കാരിൽ മൂന്നു ഡോക്ടർമാരുണ്ടായിരുന്നതിനാൽ ഒരു പ്രശ്നവുമുണ്ടായില്ല. വിമാനം ലാൻഡിങ്ങിന് ഏതാനും നിമിഷങ്ങൾക്കു മുൻപേ ആ പെൺകുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് സുരക്ഷിതമായി ‘ലാൻഡ്’ ചെയ്തു. അനൗൺസ്മെന്റ് വരുന്നതു വരെ വിമാനത്തിലുണ്ടായിരുന്ന ഒരാൾ പോലും ഇക്കാര്യം അറിഞ്ഞതുമില്ല. വാർത്ത കേട്ടതും കയ്യടികളോടെയാണ് യാത്രക്കാർ ആ കുഞ്ഞിനെ സ്വീകരിച്ചത്. വിമാനം നിലത്തിറങ്ങിയതും കുട്ടിയുമായി നേരെ ആശുപത്രിയിലേക്ക്. ഒരു ദിവസം അവിടെ നിരീക്ഷണത്തിൽ. പിറ്റേന്നുതന്നെ അമ്മയും കുഞ്ഞും പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു. മദേഴ്സ് ഡേയിൽ നടന്ന ഈ അദ്ഭുതത്തിൽ സന്തോഷിച്ച് എയർ കാനഡ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അമ്മയ്ക്കും ക്ലോയി എന്നു പേരിട്ട ആ കുഞ്ഞിനും ആശംസകൾ അറിയിച്ചിരുന്നു. തമാശ ഇതൊന്നുമല്ല. വയർ വലുതായി വരുന്നത് കണ്ട് ഇടയ്ക്ക് ഏഡ ഒരു പ്രഗ്നൻസി ടെസ്റ്റ് നടത്തിയിരുന്നു—ഫലം നെഗറ്റീവായിരുന്നു. വണ്ണം കൂടുന്നതായിരിക്കുമെന്നു കരുതി സമാധാനിച്ചു, തീറ്റയും കുറച്ചു. പ്രസവത്തിന് ഒരാഴ്ച മുൻപ് ഒരു ഡോക്ടറെത്തന്നെ കണ്ടിരുന്നു. പക്ഷേ ആ ഡോക്ടറും പറഞ്ഞത് ഏഡ ഗർഭിണിയേ അല്ലെന്നായിരുന്നു!!!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.