Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകതാരകനാട്ടിലെ ഗുരുസ്ഥാനീയൻ

മീനു എലിസബത്ത്
എം.എസ്.ടി.നമ്പൂതിരി എം.എസ്.ടി.നമ്പൂതിരി

കേരളത്തിന്റെ സമൂഹിക സാംസ്കാരിക പരിവർത്തനങ്ങൾക്കു തിരിതെളിച്ചു തന്ന യശശരീരനായ ഇഎംഎസ് നമ്പൂതിരിപ്പാട്, വി.ടി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തർജനം എന്നിവർക്കൊപ്പം വിദേശമലയാളികൾക്കുമുണ്ട് അഭിമാനപൂർവം പറയാനൊരു നമ്പൂതിരി.അത് അമേരിക്കൻ മലയാളികൾ ഗുരുസ്ഥാനീയനായി കാണുന്ന ഡോ. എം.എസ്.ടി.നമ്പൂതിരി ആണ്. അമേരിക്കൻ മലയാളികൾ സാർ പദവി നൽകി സംബോധന ചെയ്യുന്ന ചുരുക്കം ചിലരിലൊരാൾ.

ഡാലസിലാണു താമസമെങ്കിലും വിദേശമലയാളികൾക്ക് അദ്ദേഹം സുപരിചിതനാണ്. ഡാലസ് ഫോർട്ട് വേർത്തു ഭാഗങ്ങളിലുളള മിക്ക മലയാളി സംഘടനകൾക്കും ഉപദേശകനും വഴികാട്ടിയും മാർഗനിർദേശിയുമാണ് അദ്ദേഹം. ആ നിറസാന്നിധ്യം എല്ലാവർക്കും ഒരനുഗ്രഹം തന്നെ. ഒരു നല്ല കാര്യം നടക്കുമ്പോളെല്ലാം കാരണവസ്ഥാനത്തു ബഹുമാനിക്കുന്ന മുത്തേടത്തില്ലത്തു ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യം അവർ ആഗ്രഹിക്കുന്നു.

അമേരിക്കൻ മലയാളികളുടെ കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമ്പൂതിരി സാർ ഒരു പയനിയർ തന്നെ. അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ അഗ്രഗണ്യൻ.

1932ൽ  കോട്ടയം ജില്ലയിലേ മരങ്ങാട്ടുപള്ളിക്കടുത്തുള്ള പാലാക്കാട്ടുമലകരയിലെ മുത്തേടത്തില്ലത്തിലാണു ജനനം. തികഞ്ഞ ഒരു യാഥാസ്ഥിക നമ്പൂതിരി കുടുംബം.ചെറുപ്പം മുതലേ നമ്പൂതിരി സമുദായങ്ങളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. അതിനെല്ലാം എതിരെ പോരാടാനുള്ള വാഞ്ഛ അന്നുമുതലുണ്ടായിരുന്നു . അച്ഛന്റെ കയ്യിൻ നിന്നും സംസ്കൃത വിദ്യാഭ്യാസവും അടുത്തുള്ള പ്രൈമറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് ഇവിടെയായിരുന്നു പിന്നീടുള്ള പഠനങ്ങൾ. കാലടി ശ്രീ ശങ്കരാചാര്യ കോളജിലും കോഴിക്കോട് ഫറൂക്ക് കോളജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ചെറുപ്പം മുതൽ കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ നല്ലൊരു ശതമാനം യുവാക്കളെയും പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനാകുകയും പാർട്ടി അനുഭാവിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

‘‘വി.ടിയും ലളിതാംബികയുമൊക്കെ എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ഇ.എം.എസ് ഒളിവിലായിരുന്ന കാലത്തൊക്കെ അദ്ദേഹത്തെ കാണാൻ പോയിരുന്നു. തന്നെ വല്ലാതെ ആകർഷിച്ച വ്യക്തിയായിരുന്നു ഇ.എം,എസ്.- അദ്ദേഹം ഓർമകൾ പങ്കുവച്ചു. പിന്നീട് പാർട്ടിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്ന സമയത്താണ് വിവാഹം നടക്കുന്നതും ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോരുന്നതും. പോരുമ്പോൾ അച്ഛന് എതിർപ്പായിരുന്നു. അന്നൊക്കെ ഞാനൊരു റിബലായിരുന്നു. - അദ്ദേഹം ചിരിച്ചു.

ഏകദേശം 53 വർഷം. 1963ൽ ബോസ്റ്റണിലേക്കുള്ള കപ്പൽ കയറുന്നത്. തന്റെ ആദ്യത്തെ കപ്പൽയാത്രയെ കുറിച്ച് അദ്ദേഹത്തിനിപ്പോഴും മങ്ങാത്ത ഓർമകളാണ്.

‘‘ഒരു ചരക്കു കപ്പലായിരുന്നു അത്. കപ്പൽച്ചൊരുക്കൊക്കെ ഉണ്ടായിരുന്നെങ്കിലും രസകരമായിരുന്നു ആ യാത്ര. അമേരിക്കക്കാരനായി ഒരു ഭരതനാട്യം നർത്തകനും അമേരിക്കയിൽ കൺസേർട്ടു നടത്താനായി വരുന്ന ഒരു വീണാ വിദഗ്ധയും ഉണ്ടായിരുന്നതായി ഓർക്കുന്നു. ഇടയ്ക്കൊക്കെ അവർ രണ്ടു പേരും പെർഫോം ചെയ്യും. അതുപോലെ മറ്റു പലരെയും പരിചയപ്പെട്ടിരുന്നു. ഒരുമാസമുണ്ടല്ലോ, ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ ഇടപെട്ടിരുന്നത്. ഒന്നരമാസമെടുത്തു കപ്പൽ ന്യൂയോർക്കിലെത്തിച്ചേരാൻ. നേരത്തെ പറഞ്ഞതിലും ഒരാഴ്ച കൂടുതൽ. കപ്പൽ പറഞ്ഞ സമയത്ത് എത്താതിരുന്നതിനാൽ, കൂട്ടിക്കൊണ്ടുവരാൻ ബോസ്റ്റണിൽ നിന്നു വന്ന സുഹൃത്തുക്കൾ പോയിരുന്നു. ഇന്നത്തെപ്പോലെ വിനിമയം എളുപ്പമല്ലല്ലോ. ഞാൻ ഒരു തകരപ്പെട്ടിയുമായി പോർട്ടിൽ ഇറങ്ങുമ്പാൾ പോക്കറ്റിലുള്ളത് വെറും മൂന്നു ഡോളർ. പോരുമ്പോൾ വഴിച്ചെലവിനു കയ്യിലുള്ളത് എട്ടു ഡോളർ. കപ്പൽ ഗ്രീക്ക് ദ്വീപുകളിൽ നിർത്തിയപ്പോൾ എന്തൊക്കെയോ സുവനീറുകളും സാധനങ്ങളും വാങ്ങി അഞ്ചു ഡോളർ ചെലവായി. ബോസ്റ്റണിലേക്കു ടാക്സി പിടിക്കാനിതൊന്നും പോരാ. അങ്ങനെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ കപ്പലിൽ വച്ചു പരിചയപ്പെട്ട ഒരു സായിപ്പ് വന്നു കാര്യങ്ങൾ അന്വേഷിച്ചു. എന്റെ അവസ്ഥ മനസിലാക്കിയ അദ്ദേഹം 50 ഡോളർ എടുത്തു നീട്ടി. വഴിച്ചെലവും കാര്യങ്ങളും നടക്കട്ടെ. ജോലിയൊക്കെ ചെയ്തു ശമ്പളം കിട്ടിത്തുടങ്ങുമ്പോൾ പറ്റുകയാണെങ്കിൽ തന്റെ കടംവീട്ടുക. ഇല്ലെങ്കിലും സാരമില്ലെന്നു പറഞ്ഞ് അഡ്രസ് എഴുതിയ ഒരു കാർഡും എടുത്തു നീട്ടി.

അമേരിക്കൻ മണ്ണിൽ കാലുകുത്തി കഴിഞ്ഞ് ആദ്യമുണ്ടായ ഈ അനുഭവം ഞാൻ ഇന്നും നന്ദിയോടെ ഓർക്കുന്നു. അങ്ങനെ എത്ര, എത്ര പേർ, എന്നെ ഇന്നു വരെ പല രീതിയിൽ സഹായിച്ചിരിക്കുന്നു’’ അദ്ദേഹം പറഞ്ഞു നിർത്തി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്കോൺസാൻ യൂണിവേഴ്സിറ്റി, ഇല്ലിനോയി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും പിഎച്ച്ഡി, കംപ്യൂട്ടർ സയൻസ് ബിരുദങ്ങൾ നേടുകയും അവിടെയെല്ലാം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1974ൽ ആണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് റ്റയിലർ ക്യാംപസിലേക്കു വരുന്നതും അവിടെ താമസിക്കുന്നതും.

അമേരിക്കയിലെ തന്റെ തിരക്കുകൾക്കിടയിലും താൻ ജനിച്ചു വളർന്ന മണ്ണിനെയും അമ്മ മലയാളത്തെയും മറക്കാതെ നെഞ്ചോടു ചേർത്തുപിടിച്ചാണ് അന്നും ഇന്നും നമ്പൂതിരി സാറിന്റെ ജീവിതം. എഴുപതു മുതൽ തൊണ്ണൂറു വരെയുള്ള കാലഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും കവിതകളും മനോരമയിലും മാതൃഭൂമിയിലും കലാകൗമുദിയിലും പ്രസിദ്ധീകരിച്ചിരുന്നു. യശശരീരനായ കെ. എം. മാത്യുവുമായി നല്ല സുഹൃത്ത് ബന്ധമായിരുന്നുണ്ടായിരുന്നത്.

‘‘നാട്ടിൽ വരുമ്പോളെല്ലാം ഞാൻ മാത്യുവിനെ പോയി കാണുമായിരുന്നു. അദ്ദേഹത്തിന്റെ പാചകവിദഗ്ധയായ ഭാര്യ മിസിസ് കെ. എം. മാത്യുവും സന്തോഷത്തോടെയാണ് ​ഞങ്ങളെ സ്വീകരിച്ചിരുന്നത്’’ 

യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ തലവനായി റിട്ടയർ ചെയ്ത ഇദ്ദേഹം ഇപ്പോൾ മെക്കിനിയിൽ താമസിക്കുന്നു.

എം.എസ്.ടി.നമ്പൂതിരി ഭാര്യ സരസ്വതി നമ്പൂതിരിയ്ക്കൊപ്പം എം.എസ്.ടി.നമ്പൂതിരി ഭാര്യ സരസ്വതി നമ്പൂതിരിയ്ക്കൊപ്പം

യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നു തന്നെ അസിസ്റ്റന്റ് പ്രഫസറായി റിട്ടയർ ചെയ്ത സരസ്വതി നമ്പൂതിരിയാണു ഭാര്യ. മക്കൾ ഡോക്ടർ മായ, ഇന്ദു ( കെമിക്കൽ എൻജിനിയർ). മക്കളും കൊച്ചുമക്കളും മറ്റു സാമൂഹിക സംഘടനകളുമൊക്കെയായി ബന്ധപ്പെട്ടു പോകുന്നതിനിടയിലും അദ്ദേഹം വായനയും എഴുത്തും വിടാതെ കൊണ്ടുപോകുന്നു.

ഡാലസ് മോർണിങ് ന്യൂസിൽ ഇടയ്ക്കൊക്കെ ലേഖനങ്ങൾ എഴുതുന്നത് ഇന്നും തുടരുന്നു. മലയാളത്തിൽ കംപ്യൂട്ടറുകളുടെ കഥയും പ്രവാസിയുടെ തേങ്ങൽ എന്ന കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. അസാധാരണ തൃഷ്ണയുള്ള ഒരു വ്യക്തിക്കേ കണക്കും കംപ്യൂട്ടർ സയൻസും കവിതയും ഒരേ നൈപുണ്യത്തോടെ അമ്മാനമാടാൻ കഴിയൂ.

അമേരിക്കയിൽ വന്ന് 53 വർഷം കഴിഞ്ഞിട്ടും മലയാള ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്പൂതിരി സാർ വാരാന്ത്യങ്ങളിൽ സാഹിത്യക്കൂട്ടായ്മകളും സംഗീതസദസുകളും ആസ്വദിക്കുന്നു. എപ്പോഴും പ്രസന്നവദനനായി വരുന്ന നമ്പൂതിരി സാറിനെയും കൂടെ അദ്ദേഹത്തിന്റെ കൈപിടിച്ചു നടക്കുന്ന സരസ്വതി ടീച്ചറെയും കാണുന്നത് എല്ലാവർക്കും സന്തോഷം. ലാന എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം. വന്ന കാലം മുതൽ ബോസ്റ്റൺ, ഷിക്കാഗോ,റ്റയിലർ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളിലും സജീവം. ഇന്നും കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ പരിപാടികളിൽ നിവൃത്തിയുണ്ടെങ്കിൽ അദ്ദേഹം സന്നിഹിതനായിരിക്കും. അമേരിക്കയിലേക്കു കുടിയേറിപ്പാർക്കുന്ന പുതുതലമുറയിലെ മലയാളികളോട് അദ്ദേഹത്തിന് പറയാനുളളതിതാണ്. 

‘‘ നിങ്ങൾ അമേരിക്കയിൽ താമസിക്കുമ്പോഴും ജനിച്ച നാടിനോടും ഭാഷയോടും സ്നേഹം വച്ചു പുലർത്തുന്നത് നല്ല കാര്യം. എന്നാൽ അമേരിക്കയിലെന്താണ് നടക്കുന്നതെന്നു കൂടി ശ്രദ്ധിക്കുക, നിങ്ങളുടെ അയൽവക്കത്ത് നിങ്ങളുൾപ്പെടുന്ന കൗണ്ടിയിൽ, കുട്ടികളുടെ സ്കൂളിൽ ഇവയിൽഎല്ലാംകൂടി  ആക്ടീവാകുക. അമേരിക്ക എന്താണെന്നു കൂടി അറിഞ്ഞിരിക്കാം. ഇന്നിപ്പോൾ കണ്ടുവരുന്നത്, മലയാളികൾ അമേരിക്കയിൽ താമസിക്കുകയും ഇന്ത്യയിലേക്കു മാത്രം കണ്ണു നട്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്’’.

വിദേശത്തു വന്നു ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ സ്വന്തം അസ്തിത്വത്തിന്റെ വേരറുക്കുകയും ഇന്ത്യയെയും അതുവഴി മാതൃഭാഷയെയും തള്ളിപ്പറയുകയും ചെയ്യുന്ന ചില മലയാളി കുടിയേറ്റക്കാർക്കെങ്കിലും എളിമയുടെ നിറകുടമായ ഈ എൺപത്തുനാലുകാരൻ വെറും ഒരു മാതൃക മാത്രമല്ല, ഒരു ചരിത്രപുസ്തകം തന്നെയാണ്, അമേരിക്കൻ മലയാളികളുടെ വലിയ ഒരു അഭിമാനവും.

* Texas അറിയപ്പെടുന്നത് Lone Star (ഏകതാരകം) State എന്നാണ്.