Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെ തരംതാഴ്ത്തുന്നവർ ഒന്നിനുംകൊള്ളാത്തവർ

online harassment

ഓൺലൈനിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാരിൽ ഭൂരിഭാഗവും ജീവിതത്തിൽ വട്ടപൂജ്യങ്ങളാണെന്ന് പഠനം. ജീവിതത്തിൽ തന്റേതായ സ്ഥാനമോ നേട്ടമോ ഉണ്ടാക്കാൻ കഴിയാതെ നിരാശരായിരിക്കുന്ന പുരുഷന്മാരാണ് ഓൺലൈനിലെ സ്ത്രീശല്യക്കാരിലേറെയും. ന്യൂസൗത് വെയിൽ, മിയാമി സർവകലാശാലകളിലെ ഗവേഷകരായ മൈക്കൽ കസുമോവിക്, ജെഫ്റി കുസ്നെകോഫ് എന്നിവരാണ് പഠനത്തിനു പിന്നിൽ. വീഡിയോ ഗെയിം ആയ ഹാലോ 3യെ ആധാരമാക്കി 163 കളിക്കാർക്കിടയിലാണ് ഇവർ പഠനം നടത്തിയത്. ഗെയിമിനിടയിൽ കളിക്കാർ പരസ്പരം ആശയവിനിമയം നടത്തുന്നതെങ്ങനെയെന്ന് ഇവർ പരിശോധിച്ചു.

കളിയിൽ മികച്ച വിജയം കാഴ്ച്ചവച്ച പുരുഷന്മാരെല്ലാം സഹകളിക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രശംസിച്ചു. എന്നാൽ കളിയിൽ മോശം പ്രകടനം കാഴ്ച്ചവച്ചവർ സ്ത്രീ കളിക്കാർക്കെതിരെ തരംതാഴ്ത്തി സംസാരിക്കുന്നതിൽ മുന്നിലായിരുന്നു. കൂടാതെ കളിയിൽ പരാജിതരായവരാകട്ടെ സ്ത്രീകൾക്കെതിരെ അശ്ലീലം നിറഞ്ഞ പദങ്ങളും ലൈംഗികച്ചുവയുള്ള സംസാരങ്ങളും മാത്രം തുടർന്നു. അതസേമയം ഒരു വിഡിയോ ഗെയിമിനെ ആധാരമാക്കി എങ്ങനെ മനുഷ്യസ്വഭാവത്തെ നിർണയിക്കാമെന്ന ചോദ്യത്തിനും കസുമോവികിന് ഉത്തരമുണ്ട്. ഗെയിമിൽ കളിക്കാരെല്ലാം അജ്ഞാതരാണ്, മാത്രമല്ല വ്യക്തികളുടെ പെരുമാറ്റത്തെ പോലീസിങ് ചെയ്യാനുള്ള സാധ്യതയുമില്ല, പാസിങ്ങിനിടെ ചുരുങ്ങിയ സമയം മാത്രമേ ഇവർ ഏറ്റുമുട്ടുകയുള്ളു. നേരിൽക്കാണില്ലെന്ന് ഉറപ്പുള്ളതിനാൽ പലരും ചീത്ത വാക്കുകൾ പ്രയോഗിച്ചും അധിക്ഷേപിക്കും.

യഥാർത്ഥ സ്വഭാവം അളക്കാൻ വേണ്ടിയാണ് ഗെയിമിനെ ആശ്രയിച്ചതെന്നു ചുരുക്കം. സ്ത്രീകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനായി അക്രമാസക്തരാവുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. സമൂഹത്തിൽ തനിക്കു നഷ്ടമായ റാങ്ക് തിരിച്ചെടുക്കാനായി സ്ത്രീകൾക്കെതിരെ അശ്ലീലപദങ്ങൾ പ്രയോഗിച്ച് അധിക്ഷേപിക്കുകയും അവരോട് ശത്രുതാമനോഭാവം പുലർത്തുകയും ചെയ്യുന്നവരാണിവരെന്നും പഠനാനന്തരം ഗവേഷകർ വ്യക്തമാക്കി. എന്തായാലും ഇനി ഓൺലൈൻ വഴി ശല്യക്കാർ കൂടുകയാണെങ്കിൽ ഒന്നോർത്താൽ മതി, ജീവിതത്തിൽ ഒന്നുമാകാൻ കഴിവില്ലാത്ത വെറും ഉപയോഗ ശൂന്യങ്ങൾ ആണ് ഇതിനു പിന്നിലെന്ന്.