Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായിത്തെരുവ് , പറഞ്ഞു കേട്ട് നുണഞ്ഞറിഞ്ഞ ഹൽവ മധുരം 

മിഠായിത്തെരുവ്

കോഴിക്കോടെന്നാൽ മിഠായിത്തെരുവ്, അതാണ് അതിന്റെ ശരി.ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവിന് ആ പേര് നൽകിയത് യൂറോപ്പുകാരാണ്. കോഴിക്കോടൻ തെരുവിലെത്തി ഹൽവമധുരം ശരിക്ക് ബോധിച്ച യൂറോപ്പുകാർ വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഹൽവകൾ ഒരുങ്ങുന്ന ആ തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചു. ഹൽവയെ യൂറോപ്പുകാർ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു സ്വീറ്റ് മീറ്റ് എന്നത്. പിന്നീട് ആ പേര് മലയാളീകരിക്കപ്പെട്ടാണ്  മിഠായിത്തെരുവായത്.

ഇതിനും ഏറെക്കാലം മുൻപ്  "ഹുസൂർ റോഡ്‌" എന്നാണ് മിഠായി തെരുവ് അറിയപ്പെട്ടിരുന്നത് എന്ന് ഇവിടുത്തുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഹൽവയുടെ പേരിൽ പ്രശസ്തമായ ഈ തെരുവ് തേടി പിന്നീട് മറ്റു മധുരപലഹാരങ്ങൾ കൂടിയെത്തി. അങ്ങനെ, മിഠായിത്തെരുവ് അക്ഷരാർത്ഥത്തിൽ മധുരം കൊണ്ട് നിറഞ്ഞു. ഇതാണ് മിഠായിത്തെരുവിനെ പറ്റി പറഞ്ഞുകേട്ട ചരിത്രം. ഈ ചരിത്രത്തിന്റെ ചുവടുപിടിച്ചതാണ് ഹൽവ മധുരം തേടിയുള്ള യാത്ര ആരംഭിക്കുന്നത്. 

മധുരിപ്പിച്ച് മത്ത് പിടിപ്പിക്കുന്ന തെരുവ് 

എസ് എം സ്ട്രീറ്റ് എന്ന് കേട്ടാലേ കോഴിക്കോട്ടുള്ളവർക്കറിയാം തിരക്കോടു തിരക്കാണവിടെ. കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള സ്ഥലമാണ് എസ് എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവ് എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട.കാലുകുത്താൻ സ്ഥലമില്ലാത്തത്ര തിരക്കിനിടയിലും മൂക്കിലേക്ക് അടിച്ചുകയറുന്ന മധുരപലഹാരങ്ങളുടെ ഗന്ധം ആരുടേയും വായിൽ വെള്ളം നിറയ്ക്കും. കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബേക്കറികൾ നമുക്കിവിടെ കാണാം. 

മിഠായിത്തെരുവ്

കുറച്ചകത്തേക്കു നടക്കുമ്പോൾ മനസിലാകും ഹൽവ പോലെ തന്നെ മിഠായിത്തെരുവിന് പ്രിയപ്പെട്ടതാണ് കായവറുത്തതും. സ്വർണ്ണവർണ്ണത്തിൽ വറുത്തുകോരിയിടുന്ന നേന്ത്രക്കായ ഉപ്പേരിക്ക്  പോലും ഒരു കോഴിക്കോടൻ രുചിയുണ്ട്. പല വർണ്ണങ്ങളിൽ, ചുവപ്പും പച്ചയും മഞ്ഞയും ഓറഞ്ചും കറുപ്പുമായി ഹൽവകൾ ഇവിടെ നിരന്നിരിക്കുന്നു. താല്പര്യമുള്ളവർക്ക് നല്ല നാടൻ ഹൽവയുടെ നിർമ്മാണം ഒന്ന് കാണുകയും ചെയ്യാം. ശുദ്ധമായ നെയ് ചേർത്തുണ്ടാക്കുന്ന നല്ല കോഴിക്കോടൻ ഹൽവ, കോഴിക്കോട്ടുകാരുടെ മനസ്സ് പോലെ  തന്നെ പരിശുദ്ധം.

മിഠായിത്തെരുവ്  പഴയ മിഠായിത്തെരുവ് അല്ല

രുചിയുള്ള ഹൽവയുടെ നിർമ്മാണകാര്യത്തിൽ മിഠായിത്തെരുവ്  യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ല, എന്നാൽ പണ്ട് പറഞ്ഞു കേട്ട പോലെ ഹൽവക്കും മധുര പലഹാരങ്ങൾക്കും വേണ്ടി മാത്രമുള്ള വില്പനശാലകളല്ല ഇവിടെയുള്ളത്. ഹൽവ പോലെ തന്നെ ഇപ്പോൾ മിഠായിത്തെരുവ് അടക്കിവാഴുന്ന ഒന്നാണ് തുണിക്കച്ചവടം. ഈദും ഓണവും ഒരുമിച്ച് വരികകൂടി ചെയ്തതോടെ ഇത്തവണ മിഠായിത്തെരുവിലെ തുണിക്കച്ചവടം പൊടിപൊടിച്ചു. അക്ഷരാർത്ഥത്തിൽ കാലെടുത്തു കുത്താൻ കഴിയാത്ത അവസ്ഥ, മലപ്പുറം തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോലും ആവശ്യക്കാർ മിഠായിത്തെരുവ് തേടിയെത്തുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഖാദി എമ്പോറിയവും മിഠായിത്തെരുവിനു സ്വന്തം.തുണിക്കച്ചവടം പൊടിപൊടിക്കുമ്പോഴും മിഠായിത്തെരുവ് പ്രിയപ്പെട്ട ഹൽവയെ മറക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കാം. ഹൽവയിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടത്താൻ ഇവിടുത്തുകാർക്ക് എന്നും സന്തോഷമേയുള്ളൂ. ഹൽവ നിർമ്മാണത്തിൽ മാത്രം സ്പെഷ്യലൈസ് ചെയത ഒട്ടനവധി പാചകക്കാർ, ട്രേഡ് സീക്രട്ട് പുറത്തുപറയാൻ വിസമ്മതിക്കുന്ന ഇവരുടെ ആ ഉറച്ച മനസ്സു തന്നെയാണ് ഭക്ഷണപ്രിയന്മാരുടെ മനസ്സിൽ ഇന്നും കോഴിക്കോടൻ ഹൽവയ്ക്കും കോഴിക്കോടിനും ഇടം നൽകുന്ന ഘടകം. 

മിൽക്‌സർബത്തും രുചിക്കാം 

പറയുമ്പോൾ എല്ലാം പറയണമല്ലോ, മിഠായിത്തെരുവിൽ ചെന്നാൽ നല്ലൊന്നാന്തരം മിൽക്ക് സർബത്ത് രുചിക്കാം. സർബത്തിന്റെ ഒട്ടുമിക്ക ഫ്ലേവറുകളും ഇവിടെ റെഡി. ഇനി നല്ല ദം ബിരിയാണി വേണമെങ്കിലോ ? അതും ഇവിടെ റെഡി. ചുരുക്കിപ്പറഞ്ഞാൽ നല്ലഭക്ഷണം, മധുരം , നല്ല വസ്ത്രം അങ്ങനെ അടിമുടി ഒന്ന് മിനുങ്ങാൻ മിഠായിത്തെരുവിലേക്ക് യാത്രതിരിക്കാം . ഒരിക്കലും മറക്കാത്ത , പറഞ്ഞറിഞ്ഞ ആ രുചിപ്പെരുമ തേടി.