Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുപ്പി കള്ള്, ചിൽഡ്, പിന്നൊരു താറാവും

Mullapanthal Toddy Shop മുല്ലപ്പന്തലിലെ വിഭവങ്ങള്‍

കരിമീനൊണ്ട് , ബീഫോണ്ട്, മുളകിട്ട താറാവൊണ്ട്.....പിന്നെ നല്ല നാടാൻ കള്ളും. കുഞ്ഞിരാമായണത്തിലെ പോലെ സൽസ കാണില്ല, പകരം നല്ല ഒന്താന്തരം പതഞ്ഞു പൊങ്ങുന്ന പനങ്കള്ള്. മൻകുടത്തിലും ചില്ലുകുപ്പിയിലുമായി നിരത്തി വച്ചിരിക്കുന്ന കള്ളിന് അകമ്പടി സേവിക്കാനായി, അകത്തെ വിറകടുപ്പിൽ കിടന്നു വേവുകയാണ് നല്ല നാടാൻ താറാവും, കരിമീനും , മുയലും , ബീഫും, വറുത്തരച്ച കോഴിക്കറിയുമെല്ലാം. പറഞ്ഞു വരുന്നത്, കൊച്ചിയിലെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട മുല്ലപ്പന്തലിനെ പറ്റിയാണ്.

കുടുംബവുമൊത്ത് പോകാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും മികച്ച ഷാപ്പാണ്‌ കൊച്ചി- ഉദയംപേരൂരിലുള്ള മുല്ലപ്പന്തൽ. മായം ചേർക്കാത്ത, കലർപ്പ് ചേരാതെ വെട്ടിയിറക്കിയ നല്ല നാടാൻ പനങ്കള്ള് , തെങ്ങിൻകള്ള് , മുന്തിരിക്കള്ള് എന്നിവ ഇവിടെ ആസ്വദിക്കാം. തികച്ചും നാടൻ രീതിയിലുള്ള ഒരു കള്ളു ഷാപ്പ്, മേൽക്കൂരയ്ക്കുമേൽ പടര്‍ന്നു കയറിയ മുല്ലവള്ളികൾ ഷാപ്പിന്റെ പേര് അന്വർത്ഥമാക്കുന്നു. കള്ളുപോലെ തന്നെ ഏറെ പ്രസിദ്ധമാണ് ഇവിടുത്തെ ഭക്ഷണവും. ഏതൊരു ഷാപ്പിൽ നിന്നും വ്യത്യസ്തമായി വിറകടുപ്പിൽ പാചകം ചെയ്ത തനി നാടൻ വിഭവങ്ങളാണ്  മുല്ലപ്പന്തലിന്റെ സവിശേഷത. 

Mullapanthal Toddy Shop മേൽക്കൂരയ്ക്കുമേൽ പടര്‍ന്നു കയറിയ മുല്ലവള്ളികൾ ഷാപ്പിന്റെ പേര് അന്വർത്ഥമാക്കുന്നു.

താറാവ് കറി, മീന്‍ തലക്കറി , കൊഴുവ പീര , കക്ക ഉലർത്തിയത്, കരിമീൻ പൊള്ളിച്ചത് , ബീഫ് വരട്ടിയത് , വറുത്തരച്ച കോഴിക്കറി , മട്ടൻ കറി , മുയൽ ഫ്രൈ , കാട സ്പെഷ്യൽ......അങ്ങനങ്ങനെ നീണ്ടു പോകുന്നു മുല്ലപ്പന്തലിലെ തനിനാടൻ വിഭവങ്ങളുടെ നിര. എല്ലാവിഭവങ്ങൾക്കും കൂട്ടായി ഉള്ളത് നമ്മുടെ കള്ള് തന്നെ. എന്നുവച്ച് മദ്യപിക്കുന്നവർക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ എന്നല്ല കേട്ടോ. മുല്ലപ്പന്തലിൽ എത്തുന്നവരിൽ ഏറിയ പങ്കും ഭക്ഷണപ്രിയർ തന്നെ. വരുന്നതിന്റെ ഉദ്ദേശം കലർപ്പില്ലാത്ത ചൂടൻ ഭക്ഷണവും.

മിക്കദിവസങ്ങളിലും നിന്ന് തിരിയാൻ പോലും കഴിയാത്തത്ര തിരക്കാണ് മുല്ലപ്പന്തലിൽ. എന്നിരുന്നാലും പാചകത്തിൽ മായം ചേർക്കുന്ന കാര്യമില്ല. എത്ര തിരക്കിലും പാചകം, വിറകടുപ്പിൽ തന്നെ. പാചകത്തിനുപയോഗിക്കുന്ന പൊടികളും ചേരുവകളും തനി നാടൻ രീതിയിൽ മുല്ലപ്പന്തലിലെ ജീവനക്കാർ തന്നെ നിർമ്മിക്കും. ഏറെ പ്രതീക്ഷയോടെ മുല്ലപ്പന്തലിൽ എത്തുന്നവരെ ഈ നാടൻ കള്ള് ഷാപ്പ് ഒരിക്കലും നിരാശപ്പെടുത്താറില്ല.

Mullapanthal Toddy Shop കുടുംബവുമൊത്ത് പോകാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും മികച്ച ഷാപ്പാണ്‌ കൊച്ചി- ഉദയംപേരൂരിലുള്ള മുല്ലപ്പന്തൽ.

ഇവിടെ ഏറെ ആവശ്യക്കാർ ഉള്ള വിഭവം മീൻ തലക്കറിയാണ്. കേര, ആവോലി തുടങ്ങിയ വലിയ മീനുകളുടെ തലഭാഗം മാത്രം, നല്ല ഉശിരൻ കുടംപുളിയും എരിവും ചേർത്ത് ഉണ്ടാക്കുന്ന ഒന്നാണ് മീൻ തലക്കറി. മുല്ലപ്പന്തലിൽ വന്നിട്ട് മീൻ തലക്കറി കൂട്ടിയില്ല എങ്കിൽ ആ വരവ് നഷ്ടമാണ്. അതുപോലെ തന്നെ, നല്ല സോഫ്റ്റ്‌ മുയൽ ഇറച്ചിക്കും ആവശ്യക്കാർ ഏറെ. 

കപ്പ വേവിച്ചത്, പുട്ട്, അപ്പം എന്നിവയാണ് മുല്ലപ്പന്തലിൽ ലഭ്യമായ മറ്റു വിഭവങ്ങൾ, വൈകുന്നേരങ്ങളിലാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. തീര്‍ത്തും പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ പാചകമാണ് മുല്ലപ്പന്തലിന്റെ മുതൽക്കൂട്ട്. ഒരു ദിവസത്തെ ഭക്ഷണം പിറ്റേ ദിവസത്തേക്ക് ഇവർ വയ്ക്കില്ല. ഷാപ്പ് നടത്തുന്നതിൽ 75 വർഷത്തെ പാരമ്പര്യമുള്ള ആരിശ്ശേരി ഗ്രൂപ്പ് ആണ് മുല്ലപ്പന്തലിന്റെ ഉടമ. രുചികരമായ ഭക്ഷണം , കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടാക്കുന്നതാവട്ടെ , 5 വനിതാരത്നങ്ങളും.

Mullapanthal Toddy Shop തീര്‍ത്തും പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ പാചകമാണ് മുല്ലപ്പന്തലിന്റെ മുതൽക്കൂട്ട്. ഒരു ദിവസത്തെ ഭക്ഷണം പിറ്റേ ദിവസത്തേക്ക് ഇവർ വയ്ക്കില്ല.

ഇന്ന് കേരളത്തിനകത്തും പുറത്തുനിന്നുമായി ധാരാളം പേര്‍ രുചിപ്പെരുമ തേടി മുല്ലപ്പന്തലിൽ എത്തുന്നു. നാടൻ ഫുഡിന്റെ രുചി വൈവിധ്യം അനുഭവിച്ചറിഞ്ഞ ഏതൊരുവനും പറയും, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്... ഇതാണ്... ഇതാണ്...