Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ തരാം, നഗ്ന ഫോട്ടോയെട് !

Shocked girl Representative Image

ഭൂമിയും സ്വർണവും വാഹനങ്ങളുമെല്ലാം പണയംവച്ച് അത്യാവശ്യത്തിന് പണം സ്വരൂപിക്കുന്നത് നമുക്കറിയാം. എന്നാൽ കാലത്തിനനുസരിച്ച് ഈടുവയ്‌ക്കേണ്ട വസ്തുക്കളും രീതിയുമൊക്കെ മാറുകയാണ്. ചൈനയിലെ വിചിത്രമായ പണമിടപാട് വാർത്തകളാണ് പുതിയ ചർച്ചാ വിഷയം. ഓൺലൈൻ വഴി ഇടപാടു നടത്തുന്ന സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നഗ്നഫോട്ടോകൾ നൽകിയാൽ പലിശയ്ക്കു പണം കിട്ടും. സംഗതി ഇപ്പോൾ വിവാദമായിരിക്കുകയാണ്. സർവകലാശാല വിദ്യാർഥിനികൾക്കാണ് സ്ഥാപനം പണം കടം നൽകിയത്.

ഐഡി കാർഡ് ധരിച്ചുള്ള നഗ്ന ചിത്രങ്ങളാണ് ഈടായി നൽകേണ്ടത്. പലിശയടവിൽ വീഴ്ച വരുത്തിയാൽ ഈ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തും. ചൈനയിലെ വലിയ പണമിടപാടു സ്ഥാപനമായ ജെഡി ക്യാപിറ്റലിന്റെ ഒരു വിഭാഗമാണ് വിവാദത്തിൽപെട്ടിരിക്കുന്നത്. നഗ്ന ചിത്രങ്ങൾ അയച്ചു നൽകാൻ തയാറാകുന്ന വിദ്യാർഥിനികൾക്ക് ഉയർന്ന സംഖ്യതന്നെ ലോണായി ലഭിക്കും. അതായത് സാധാരണ ലഭിക്കുന്നതിനെക്കാൾ രണ്ടു മുതൽ അഞ്ചു മടങ്ങുവരെ. എങ്കിലും കഴുത്തറുപ്പൻ പലിശ തന്നെ നൽകണം. ആഴ്ചയിൽ 30 ശതമാനമാണ് നിരക്ക്.

ജിയാങ്‌സു പ്രവിശ്യയിലെ വിദ്യാർഥിനിയായ ലിൻ സിയാവോ ഫെബ്രുവരിയിൽ ചിത്രങ്ങൾ അയച്ചു നൽകി 1.20 ലക്ഷം യുവാൻ കടമെടുത്തിരുന്നു. ചെറിയ ബിസിനസ് തുടങ്ങുകയായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാൽ നാലുമാസംകൊണ്ട് കടം പെരുകി 2.50 ലക്ഷം യുവാനിൽ എത്തി. അതോടെ ഭീഷണികൾ എത്തിത്തുടങ്ങി. അവസാനം ഇവർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇനി പണമടച്ചു തീർത്താലും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമോയെന്ന ഭയത്തിലാണ് ലിൻസിയാവോ. പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ യുവതികളോട് ലോൺ ഏജന്റുമാർ സെക്‌സ് സർവീസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സ്ഥാപനത്തിന്റെ കസ്റ്റമർ സർവീസ് വിഭാഗം പ്രതികരിച്ചത് നഗ്ന ചിത്ര ഉടമ്പടികൾ ഉപഭോക്താക്കളുമായുള്ള സ്വകാര്യ ഉടമ്പടികളുടെ ഭാഗമാണെന്നാണ്. ഉപഭോക്താക്കൾ റിസ്‌ക് സ്വയം വഹിക്കണമെന്നും കമ്പനി പറയുന്നു. ബെയ്ജിങ് യൂത്ത് ഡെയ്‌ലിയാണ് വാർത്ത പുറത്തുവിട്ടത്.
 

Your Rating: