Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകിനെ ഓടിക്കും ആഭരണങ്ങൾ

ornaments-1 കൊതുകിനെ ഓടിക്കാൻ കഴിവുള്ള സിട്രോനെല്ല ബീഡ്സ് കൊണ്ടു തയ്യാറാക്കിയ ആഭരണങ്ങൾ

കൊതുകിനെ ഓടിക്കാൻ ബാറ്റുമായി ഇറങ്ങേണ്ട. പകരം മാലയും കമ്മലുമൊക്കെ അണി‍ഞ്ഞാൽ മതി. സിംഗപ്പൂരിലാണ് ഈ ഉഗ്രൻ കണ്ടുപിടിത്തം. യുആൻ (Yu Ahn) കലക്‌ഷൻ എന്നാണ് ഈ ആഭരണശ്രേണിക്കു പേരിട്ടിരിക്കുന്നത്. ചൈനക്കാർ ഭൂതപ്രേത പിശാചുക്കളെ ഓടിക്കാൻ ജെയ്ഡ് സ്റ്റോൺ കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞതോടെയാണ് സിംഗപ്പൂർകാർക്ക് ഈ ഐഡിയ മിന്നിയത്.

സിംഗപ്പൂരാണേൽ നിറച്ചു കൊതുക്. ആളുകൾ ഡെങ്കിപ്പനിയും സിക്ക വൈറസുമൊക്കെ ബാധിച്ചു മരിക്കുന്നു. കൊതുകിനെ ഓടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. പക്ഷേ പോകുന്നിടത്തൊക്കെ കൊതുകുതിരിയും ബാറ്റുമൊക്കെയായി പോകാൻ കഴിയുമോ. അങ്ങനെയാണ് കൊതുകിനെ ഓടിക്കാനുളള മരുന്ന് ആഭരണത്തിലാക്കി അണിയാന്‍ ജനങ്ങള്‍ തീരുമാനിക്കുന്നത്.

ornaments കൊതുകിനെ ഓടിക്കാൻ കഴിവുള്ള സിട്രോനെല്ല ബീഡ്സ് കൊണ്ടു തയ്യാറാക്കിയ ആഭരണങ്ങൾ

ആഭരണമായതുകൊണ്ട് മറക്കാതെ അണിയും, എവിടെയെങ്കിലും പോയിരിക്കുമ്പോൾ കൊതുകു കുത്തുകയുമില്ല. ബ്രേസ്‌ലെറ്റും നെക്‌ലേസുമാണ് യുആൻ കലക്‌ഷനിലുള്ളത്. കൊതുകിനെ ഓടിക്കാൻ കഴിവുള്ള സിട്രോനെല്ല ബീഡ്സ് കൊണ്ടാണ് ആഭരണം ഉണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കിൽ ആഭരണത്തിലെ മുത്തുകളിലും കല്ലുകളിലുമൊക്കെ ഈ ബീഡ്സ് കൂടി കൊരുത്തുവയ്ക്കും. റീഫിൽ ചെയ്യാവുന്ന തരത്തിലുള്ള ബീഡ്സ് ഒറ്റത്തവണ നിറച്ചാൽ ഏഴു ദിവസം വരെ ഉപയോഗിക്കാം.

സിട്രോനെല്ല ഓയിൽ ചർമത്തോടു ചേർന്നിരുന്നാലും അലർജി ഉൾപ്പെടെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവില്ല, വിഷാംശവുമില്ല. ഇനി സിംഗപ്പൂരു പോകുമ്പോൾ അവരുടെ മാലയും വളയുമൊക്കെ സൂക്ഷിച്ചു നോക്കിക്കോളൂ. പച്ച നിറത്തിൽ മുത്തുകൾ കണ്ടാൽ ഉറപ്പിക്കാം അത് സിട്രോനെല്ല തന്നെ.