Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിനു പറയാനുണ്ടായിരുന്നത്; ചിത്രങ്ങളിലൂടെ...

photography-exhibition ബെല്ലാർഡ് ബംഗ്ലാവ് ആർട് സ്‌പേസിൽ നടന്ന ഫൊട്ടോഗ്രഫി പ്രദർശനത്തിന്റെ കാഴ്ചകൾ...

മരണം, ബാക്കിയാക്കുന്ന കഥകളിലൂടെ ഒരു യാത്ര, ഫോർട്ട്കൊച്ചിയിലെ ബെല്ലാർഡ് ബംഗ്ലാവ് ആർട് സ്‌പേസിൽ നടന്ന ഫൊട്ടോഗ്രഫി പ്രദർശനത്തിന്റെ കാഴ്ചകൾ...      

ചാവ് /Die എന്ന പേര് മനസ്സിൽ ആദ്യം ഉണ്ടാക്കിയത് കൗതുകമാണോ അതോ എന്താവും എന്നറിയാനുള്ള ആകാംക്ഷയാണോ, അറിയില്ല... കറുപ്പും ചുവപ്പും പകർത്തിയ പോസ്റ്റർ, അതിലെ ചില വാചകങ്ങൾ... ഇതാണ് ഉള്ളിലേയ്ക്ക് നയിച്ചത്..ബെല്ലാർഡ് ബംഗ്ലാവിലെ ആർട് സ്‌പേസിൽ, ഫൊട്ടോഗ്രഫർ അനീഷിന്റെ ഒരു പ്രൊഫൈലും പിന്നെ, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എക്സിബിഷന്റെ ഒരു ആമുഖം

മീനുകൾ.. ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ.. ആകെ രണ്ട് നിറങ്ങൾ, മരണം പേറുന്ന വെളുപ്പും കറുപ്പും..

ആദ്യ ചിത്രം പാകം ചെയ്യപ്പെടുന്നതിന് മുന്നേ മുറിക്കപ്പെടാതെ, ആഴത്തിൽ വരയപ്പെട്ട ഒന്ന്..അടുത്തവയിലേക്ക് പോകുന്തോറും ഇതിൽ ഏതാണ് നല്ലതെന്നല്ല, ഏതാണ് ഏറ്റവും അധികം നോവിച്ചത് എന്നാണ് ആലോചിച്ചുകൊണ്ടിരുന്നത്. തീരത്തടിഞ്ഞ സിറിയൻ ബാലൻ കുർദിയുടെ ചിത്രം ഏറെപ്പേരുടെ കണ്ണ് നനയിച്ചത് ഓർമ്മിപ്പിച്ചുകൊണ്ട്, തിരകൾക്കരികെ നിറങ്ങൾ നഷ്ടപ്പെട്ട് ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായി ആ ചിത്രം.

fortkochi-photo-exhibiton



കൊല്ലുന്നവർക്ക് കൊല്ലപ്പെടുന്നവരെക്കാൾ പ്രാധാന്യം കിട്ടുന്ന ഈ വർത്തമാന കാലത്തിൽ, കൊല്ലപ്പെടുന്നവർ വെറും ഇരകൾ മാത്രം..
ചൂണ്ടയിൽ കുരുങ്ങിയ, ആ ഒരു ഇര, പിടയുന്ന മീൻ, ചിത്രം പറയുന്നത് അതാണെങ്കിലും, ഫോക്കസ് ചൂണ്ടയിൽ കുരുക്കിയവന്റെ കാൽപാദവും കയ്യും...

photo-exhibition



പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മരണം പോലും, നിറം മങ്ങി, കൊന്നവന്റെ കഥകളായി ഒത്തിരി പേരുടെ തീന്മേശകളിൽ ചർച്ചകൾ മാത്രമായി തീരുന്നത് സൂചിപ്പിക്കുന്നു, മുള്ളുകൾ മാത്രം അവശേഷിച്ച ഒരു ചിത്രം.

ചിത്രങ്ങളിലുടനീളം ആരുടെയൊക്കെയോ നോട്ടങ്ങളിൽ, സ്ഥിരമായ നിരീക്ഷണങ്ങളിൽ, പെട്ടുപോയ ഒരു പറ്റം മനുഷ്യർ.. മീനുകൾ.. ജീവിതത്തിലും പിന്നീട് മരണത്തിലും...വിരിക്കപ്പെട്ട വലകളിൽ അറിയാതെ കുരുങ്ങിപ്പോയവ.. ജീവിതത്തിൽ സ്വാതന്ത്ര്യവും എന്തിന് പ്രാണവായു പോലും വലയ്ക്കുള്ളിൽ ത്യജിക്കപ്പെടേണ്ടി വന്നവർ.. മീനുകൾ.. നമ്മൾ..