Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊട്ടോഗ്രഫിക്കായി ഇന്ത്യയിലെ ആദ്യ മ്യൂസിയം കേരളത്തിൽ

stereographic-photograph A boy enjoys a stereographic photograph through a stereoscope.

ഫൊട്ടോഗ്രഫിക്കു മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാണ് തൃശൂർ കോടാലിയിലെ ഫോട്ടോമ്യൂസ്. ഫൊട്ടോഗ്രഫിയുടെ കലാപരവും, ചരിത്രപരവും, ശാസ്ത്രപരവുമായ വസ്തുതകളുടെ ശേഖരണവും, അതിനുവേണ്ടിയുള്ള ഗവേഷണവും, അവയുടെ സംരക്ഷണവും ഫോട്ടോമ്യൂസിന്റെ ലക്ഷ്യങ്ങളാണ്. ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലൂടെ യാത്രചെയ്യുകയും, അറിവുകൾ സമ്പാദിക്കുകയും, അത് വരുംതലമുറകൾക്കായി ക്രമത്തിൽ ശേഖരിച്ച് വയ്ക്കുകയും ചെയ്യുന്നുണ്ടിവിടെ.

ഫൊട്ടോഗ്രഫിയിലധിഷ്ഠിതമായ വിവിധ പാഠ്യപദ്ധതികളിലൂടെ പുതുതലമുറയ്ക്ക് അറിവുകൾ പകർന്നുനൽകുന്നതിനും, പരിസ്ഥിതി സംരക്ഷണം പ്രോൽസാഹിപ്പിക്കുന്നതിനും, ഭാരതത്തിന്റെ മഹത്തായ ഫൊട്ടോഗ്രാഫി പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഫോട്ടോമ്യൂസ്പ രിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനോടനുബന്ധിച്ച് ഫൊട്ടോഗ്രഫി പ്രദർശനങ്ങൾ, പഠനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പാരിസ്ഥിതിക വിദ്യാഭ്യാസം, ഗവേഷണം - തുടങ്ങിയ പരിപാടികളും നടത്തുന്നു.

photomuse-exibition

ബെറ്റർ ആർട്ട് ഫൗണ്ടേഷൻ (Better Art Foundation) എന്നപേരിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത പബ്ളിക്ക് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലാണ് ഫോട്ടോമ്യൂസ് പ്രവർത്തിക്കുന്നത്. ഫെയ്സ്ബുക്കിലും സജീവമാണ്. പരിസ്ഥിതി വിദ്യാഭ്യാസ മാസികയായ 'കൂടു'മായി ഫോട്ടോമ്യൂസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ സ്വന്തമായി ഒരു മ്യൂസിയസമുച്ചയം എന്ന വലിയസ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യാത്രയിലാണ്‌ ഫോട്ടോമ്യൂസ്.

camp-at-chinnar Participants of the camp at Chinnar

‘സ്വതന്ത്ര ജന്മങ്ങൾ...തുറന്ന ലക്ഷ്യങ്ങൾ’ (Open Origins Open Ends)

ഫോട്ടോമ്യൂസ് അന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോപ്രദർശനമാണ് Open Origins Open Ends. ജൂലായ് 31 മുതൽ ആഗസ്റ്റ് 5 വരെ, കൊച്ചി ദർബാർ ഹാളിലാണ് പ്രദർശനം നടത്തുന്നത്. ഫെയ്സ്ബുക്ക് ഗ്രൂപ്പായ BAF-PhotoMuse Club ൽ - 2015 വർഷത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട 45,000-ത്തില്‍പ്പരം ചിത്രങ്ങളിൽ നിന്ന് ദേശീയ - അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയരായ ഫൊട്ടോഗ്രഫർമാർ ഉൾപ്പെട്ട ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് അംഗങ്ങളുടേതായി പ്രദര്‍ശനത്തിനുള്ളത്.

ഇത് കൂടാതെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ ഇരുപത് വിദേശ ഫോട്ടോഗ്രഫർമാരുടെ ചിത്രങ്ങളും, ഭാരതത്തിലെ മുതിർന്ന ഫോട്ടോഗ്രഫർമാരിൽ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളെ അന്താരാഷ്ട്ര മ്യൂസിയം നിലവാരത്തിൽ പ്ലാറ്റിനം പ്രിന്റായോ, സിൽവർ ജെലാറ്റിൻ പ്രിന്റായോ, അതിനൂതനമായ ആർക്കൈവൽ പിഗ്‌മെന്റ് പ്രിന്റായോ മാത്രമാണ് പ്രദർശനത്തിനെടുക്കുന്നത്.
ഈ പ്രത്യേകതയാണ് ‘സ്വതന്ത്ര ജന്മങ്ങള്- തുറന്ന ലക്ഷ്യങ്ങ’ളെ ഭാരതത്തിലെതന്നെ ഏറ്റവും വലുതും, പ്രൗഢവുമായ ആർക്കൈവൽ പ്രിന്റുകളുടെ പ്രദർശനമാക്കി മാറ്റുന്നത്.

photo-muse-exibition

ഒരു പ്രത്യേക വിഷയത്തിലധിഷ്ഠിതമായ ചിത്രങ്ങൾ മാത്രം പ്രദർശനത്തിനെടുക്കുന്ന സാമ്പ്രദായിക രീതിയിലല്ല മറിച്ച്, വ്യത്യസ്ത സാഹചര്യങ്ങളിൽ, വ്യത്യസ്ത ഫോട്ടോഗ്രഫർമാർ എടുത്ത, വ്യത്യസ്ത അർത്ഥതലങ്ങളുള്ള ചിത്രങ്ങൾ. സ്വതന്ത്രമായി പിറന്ന ചിത്രങ്ങളെ അവയുമായി ആശയ നൈരന്തര്യം പുലര്‍ത്തുന്ന മറ്റു ചിത്രങ്ങളുമായി സമന്വയിപ്പിച്ച് തുറന്ന ലക്ഷ്യങ്ങളിലേയ്ക്ക് നയിക്കുന്ന നൂതനമാർഗ്ഗമാണ് അവലംബിച്ചിരിക്കുന്നത്. ഓരോ ചിത്രവും സ്വയം സ്വതന്ത്രജന്മമാണെന്നിരിക്കിലും പ്രദർശനത്തിലൂടെ വിവിധചിത്രങ്ങൾ ഒന്നുചേര്‍ന്ന് സ്വരൂപിക്കുന്ന ആശയങ്ങളിലേക്കും, ആ ആശയങ്ങൾ കൈക്കൊള്ളുന്ന തുറന്ന നിലപാടുകളിലേക്കുമാണ്.

ഫോട്ടോമ്യൂസിന്റെ ഡയറക്റ്ററും, മ്യൂസിയം ക്യൂറേറ്ററുമായ ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിയ്ക്കൽ ചിത്രപ്രദർശനത്തെക്കുറിച്ച്- “ഒറ്റനോട്ടത്തിൽ, പ്രത്യേകിച്ച് ഒരു ആശയത്തിലോ, ഘടനയിലോ, ശൈലിയിലോ ഉൾപ്പെടുത്താനാവാത്ത ഒരുപിടി ചിത്രങ്ങൾ. വ്യത്യസ്ത സ്ഥലങ്ങളിൽവച്ച്, വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത ലക്ഷ്യങ്ങളോടെ എടുത്തവ - യാതൊരുതരത്തിലും പരസ്പരം ഇണക്കാനാവാത്തത്ര മൗലികമായ ചിത്രങ്ങൾ. പക്ഷെ, ആ ചിത്രങ്ങൾ ആഴത്തിൽ പഠിച്ചപ്പോൾ വളരെ കൗതുകകരമായ ഒരുകാര്യം ബോധ്യമായി. ഓരോ ചിത്രവും സ്വതന്ത്രമായി നിലനിൽക്കുന്നു, അതിന്റെ സ്വതന്ത്ര നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നു എങ്കിലും, വിവിധ മാനുഷിക അവസ്ഥകളെ വ്യാഖ്യാനിക്കുന്നതിലും, ദൃശ്യവത്ക്കരിക്കുന്നതിലും മറ്റ് ചിത്രങ്ങളുമായി ഏകതാനസ്വഭാവം പുലർത്തുന്നു - ഓരോ ചിത്രവും ഓരോ ചിത്രത്തിനും സ്വതന്ത്രജനനമായിരുന്നു; ഓരോന്നിനും തുറന്ന ലക്ഷ്യങ്ങളുമുണ്ടായിരുന്നു.”

BAF-PhotoMuse Club - ൽ അംഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പുറമെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നുമുള്ള ഇരുപത് വിദേശ ഫൊട്ടോഗ്രഫർമാരുടെ ചിത്രങ്ങളും, ഭാരതത്തിലെ മുതിർന്ന ഫൊട്ടോഗ്രഫർമാരിൽ ചിലരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. Theo Berends (The Netherlands), Zake Elzinga (The Netherlands), Herbert Ascherman Jr. (USA), Christel Lucke & Ewald Lucke (Germany), Halim Ina (USA), Lutz Gabriel (Germany), Peter Wissing (Germany), Sebastian Koepcke (Germany), Regina Wecke and Manfred Wecke (Germany). T.N.A Perumal (India), Ashok Dilwali (India), Suresh Elamon (India), B.Srinivasa (India), Nandakumar Moodadi (India), Nilanjan Das (India), Praveen P. Mohandas (India) and Dhrithiman Mukherjee (India), Ganesh H Sanker (India), Hashim Haroon (India)- തുടങ്ങിയർ അവരിൽ ചിലർമാത്രം. ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച് ഫൊട്ടോഗ്രഫി സെമിനാറുകൾ, മുതിർന്ന ഫൊട്ടോഗ്രഫർമാരുടെ ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശനത്തിലുൾപ്പെട്ട ഫോട്ടോകളുടെ വിവരങ്ങളടങ്ങിയ ഫോട്ടോകാറ്റലോഗ് ജൂലായ് 31-നു നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ പ്രകാശിപ്പിക്കും.

Your Rating: