Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെൽസിയയെ കമ്മൽ ചതിച്ചാശാനേ!!!

Ear ring

ഒരുനാൾ സൂര്യനുദിച്ചുയർന്നപ്പോൾ ചെൽസിയ സ്മിത്ത് എന്ന മദാമ്മക്കൊച്ചിനൊരു സംശയം. ‘അല്ലാ, എന്തിനു വേണ്ടിയാണ് തന്റെയീ കമ്മലിന്റെ പിറകിലൊരു പ്ലാസ്റ്റിക് ആവരണം?’ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ചെൽസിയക്ക് വയസ്സ് 19 ആയി. ഇക്കണ്ട കാലത്തിനിടെ ഇതുവരെ ഇങ്ങനെയൊരു സംശയം തോന്നിയിട്ടില്ല. എന്തായാലും കക്ഷി കൂടുതൽ ചിന്തിക്കാനൊന്നും നിന്നില്ല. കമ്മലെടുത്ത് തലങ്ങും വിലങ്ങും പരിശോധിച്ചു. അതുകൊണ്ടും അരിശം തീരാതെ പ്ലാസ്റ്റിക് ആവരണത്തിൽ പിടിച്ചൊന്നു വലിച്ചു. സംഗതി ഇളകുന്നുണ്ട്. ഒന്നുകൂടി വലിച്ചു. ദാ പ്ലാസ്റ്റിക് കഷണം ഊരിത്തെറിച്ച് കയ്യിൽ. അങ്ങനെ 19 വർഷത്തെ ‘സുദീർഘ’ ജീവിതത്തിനൊടുവിൽ ചെൽസിയ കണ്ടെത്തി–കമ്മലിന്റെ പിറകിലെ പ്ലാസ്റ്റിക് ആവരണമില്ലെങ്കിലും കമ്മലിടാൻ സാധിക്കും.

അപ്പോഴാണ് വീണ്ടും കൺഫ്യൂഷൻ–പ്ലാസ്റ്റിക് ആവരണമില്ലാതെയും കമ്മലിടാമെങ്കിൽ പിന്നെന്തിനാണ് സകല കമ്മലിന്റെയും പിറകിൽ പ്ലാസ്റ്റിക്കിന്റെ ആവശ്യം? തന്റെ കണ്ടെത്തലും സംശയങ്ങളും നാട്ടാരെ അറിയിക്കാൻ തന്നെ ചെൽസിയ തീരുമാനിച്ചു. ട്വിറ്റർകളരി പരമ്പര ദൈവങ്ങളെ നമിച്ച് ഒരു ട്വീറ്റങ്ങു നടത്തി– ‘‘എന്റെ 19 വർഷത്തെ ജീവിതത്തിനൊടുവിൽ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു, നിങ്ങൾക്ക് വേണമെങ്കിൽ ആ പ്ലാസ്റ്റിക് ആവരണം ഊരിമാറ്റാവുന്നതേയുള്ളൂ...’’ ട്വീറ്റിനൊപ്പം കമ്മലിലെ പ്ലാസ്റ്റിക് ഭാഗം ഉള്ളതും ഊരിമാറ്റിയതുമായ രണ്ട് ചിത്രങ്ങളും കക്ഷി പോസ്റ്റ് ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം. ഓഗസ്റ്റ് ഒന്നിനായിരുന്നു ഈ ചരിത്രപ്രസിദ്ധ ട്വീറ്റ്.

പക്ഷേ ഒന്നിരുട്ടി വെളുത്തപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ സംഭവിച്ച അക്രമം കണ്ട് ചെൽസിയ ഞെട്ടിത്തരിച്ചു പോയി. എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ താൻ പടച്ചുവിട്ട ട്വീറ്റിന് ഇതുവരെ നാൽപതിനായിരത്തിലധികം ഫേവറിറ്റ്സ്. അത്രത്തോളം തന്നെ റീട്വീറ്റുകളും. അതും പോരാതെ അങ്ങലാസ്കയിൽ നിന്നു വരെ ചെൽസിയക്കുള്ള മറുപടിയും. സംഗതി വൈറലായിപ്പോയെന്നു ചുരുക്കം. ചെൽസിയ തങ്ങളുടെ കണ്ണുതുറപ്പിച്ചെന്നായിരുന്നു അതിലേറെപ്പേരുടെയും മറുപടി. ഇത്രയും കാലം ആഭരണ നിർമാതാക്കൾ തങ്ങളെ പറ്റിക്കുകയായിരുന്നെന്നും ചിലരെഴുതി. യാതൊരു ആവശ്യവുമില്ലാതെ തങ്ങളെക്കൊണ്ട് പ്ലാസ്റ്റിക് ധരിപ്പിച്ച ഭീകരന്മാരാണ് ജ്വല്ലറിക്കാരെന്നു വരെ പറഞ്ഞുകളഞ്ഞു ചിലർ. ഇതുകേട്ട് സംശയം തീർക്കാൻ ചില ഓൺലൈൻ മാഗസിനുകൾ പേരുകേട്ട ജ്വല്ലറി ഡിസൈനർമാരെ കാണാൻ പോയി. സംഗതി താത്വികമായി അവലോകനം ചെയ്ത അവർ ഒടുവിൽ ഈ വിഷയത്തിനു പിന്നിലെ അന്തർധാര കണ്ടെത്തി, അത് അതിശക്തവുമായിരുന്നു:

വലിയ കമ്മലുകളെ ലക്ഷ്യമിട്ടാണത്രേ പ്ലാസ്റ്റിക് ആവരണം ഘടിപ്പിക്കുന്നത്. അങ്ങനെ വന്നാൽ കമ്മലിടുന്ന ചെവിയുടെ ഭാഗത്തിന് വലിയ അസ്വസ്ഥതയുണ്ടാകില്ല. ഭാരം തുല്യമായി ചെവിയിൽ വീതിക്കപ്പെടുന്നതുകൊണ്ട് കമ്മലുണ്ടെന്നു പോലും തോന്നില്ല. പ്ലാസ്റ്റിക് ഭാഗമില്ലെങ്കിൽ ചെവിയുടെ സ്ഥിരത നഷ്ടപ്പെടും. കമ്മലിടുന്ന പോയിന്റിൽ മാത്രമായി ഭാരം കേന്ദ്രീകരിക്കപ്പെടും. അതോടെ വേദനയാകും, ചെവി തൂങ്ങിപ്പോകും, കീറിപ്പോകാനും സാധ്യതയുണ്ട്. ഏതാണ്ടൊരു ഉത്തരം കിട്ടിയെങ്കിലും അപ്പോഴും ചോദ്യം ബാക്കി: പിന്നെന്തിനാണ് ചെറിയ കമ്മലിന് പ്ലാസ്റ്റിക് ആവരണം? അതുമാത്രം ജ്വല്ലറി ഡിസൈനർമാർക്കു പിടിയില്ല.

പക്ഷേ അവരുടെ ഓർമ വച്ച കാലം മുതൽ എല്ലാ കമ്മലിന്റെയും പിറകിൽ ആ പ്ലാസ്റ്റിക് ഭാഗമുണ്ട്. ചെറിയ കമ്മലാണെങ്കിലും ചെവിക്ക് കംഫർട്ട് ആവണമെങ്കിൽ പ്ലാസ്റ്റിക് ആവരണം വേണമെന്നാണ് അവരുടെ മുട്ടുന്യായം. എന്തായാലും പ്ലാസ്റ്റിക് ആവരണം നല്ലതാണെന്ന് ഒരു വിഭാഗവും അതിന്റെ ആവശ്യമില്ലെന്ന് വേറൊരു വിഭാഗവും പറഞ്ഞതോടെ ഇന്റർനെറ്റ് അടിച്ച് പിരിഞ്ച് തല്ലുതുടങ്ങിക്കഴിഞ്ഞു. ചെൽസിയയാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ ട്വിറ്റർ കിളിയേ എന്ന ലൈനിൽ പരമാവധി ശക്തിയോടെ പിന്നെയും ട്വീറ്റുകൾ തുടരുന്നു.