Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവക്കൂത്ത് കാണണോ? സിനിമാ പ്രേമികളുടെ സ്ക്രീൻപ്ലേ സ്പേസ് കഫെയിലേക്കു വിട്ടോളൂ

Screenplay Space സ്ക്രീന്‍പ്ലേ സ്പേസില്‍ വിപിന്‍ ദാസും നടന്‍ ഇന്ദ്രന്‍സും

സ്ക്രീൻപ്ലേ സ്പേസ് കഫറ്റീരിയ, പേരില്‍ തന്നെ ഒരു വ്യത്യസ്തത ഉണ്ടല്ലേ? ഭക്ഷണശാലകൾ കൊണ്ടു നിറഞ്ഞ നമ്മുടെ ഈ നാട്ടിൽ ഈ സ്ക്രീൻപ്ലേ സ്പേസ് കഫറ്റീരിയയ്ക്ക് എന്തു പ്രത്യേകത എന്നല്ലേ ചിന്തിക്കുന്നത്? മറ്റൊന്നുമല്ല ഈ കഫെ സിനിമയെ പ്രേമിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ്, ഭക്ഷണത്തെ സ്നേഹിച്ചു പോകരുതെന്ന് അർഥം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും തിരക്കഥാരചനകൾക്കും തുടങ്ങി സിനിമയെ ഗൗരവമായി കാണുന്നവർക്കെല്ലാം വേണ്ടി സംവിധായകനും തിരക്കഥാകൃത്തുമായ വിപിൻ ദാസിന്റെ ഭാവനയിൽ വിരിഞ്ഞതാണ് ഈ സ്ക്രീൻപ്ലേ സ്പേസ്.

Screenplay Space വിജയ് ബാബുവും മണിയന്‍ പിള്ള രാജുവും സ്ക്രീന്‍പ്ലേ സ്പേസില്‍ എത്തിയപ്പോള്‍

ആർട്ടിസ്റ്റിക് കഫേ എന്നാണ് തിരുവനന്തപുരത്തു തുടങ്ങിയ സ്ക്രീൻപ്ലേ കഫറ്റീരിയയെ വിപിൻദാസ് വിളിക്കുന്നത്. ബിസിനസ് അല്ല മറിച്ച് സിനിമയുമായി ബന്ധപ്പെട്ട എന്തു ചർച്ചകൾക്കും ഉള്ള ഒരു തുറന്ന വേദി എ​ന്ന നിലയിലാണ് വിപിനും സുഹൃത്ത് അരുണും ചേർന്ന് സ്ക്രീൻ പ്ലേ സ്പേസിനു തുടക്കമിട്ടത്. സമാധാനമായിരുന്നു തിരക്കഥ എഴുതാനും ചര്‍ച്ച ചെയ്യാനും വായിക്കാനുമൊക്കെ പറ്റുന്ന സ്ഥലങ്ങൾ വിരളമാണ്, അങ്ങനെയാണ് ഇത്തരമൊരു ആശയത്തിലേക്കു മുതിർന്നതെന്ന് വിപിൻ പറയുന്നു. തിരക്കഥ എഴുതുന്നതിനുള്ള ടേബിളുകളും ഗവേഷണം ചെയ്യുന്നതിനായി മിനി ലൈബ്രറികളും സിനിമാ ചർച്ചകൾക്കായി ഒരു ഡിസ്കഷൻ മുറിയും ക്ലാസിക് സിനിമകളും ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രിവ്യൂ തിയ്യേറ്ററും ഈ കഫറ്റീരിയയിൽ ഉണ്ട്. മാസങ്ങളോ വർഷങ്ങളോ ഒക്കെ മെമ്പർഷിപ് എടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

Screenplay Space ബിസിനസ് അല്ല മറിച്ച് സിനിമയുമായി ബന്ധപ്പെട്ട എന്തു ചർച്ചകൾക്കും ഉള്ള ഒരു തുറന്ന വേദിയാണതെന്നു പറയുന്നു വിപിൻ..

അധികം വൈകാതെ സ്ക്രീൻപ്ലേ സ്പൈസ് കഫറ്റീരിയ കൊച്ചിയിലും കോഴിക്കോടും വ്യാപിപ്പിക്കാനും വിപിൻദാസിനും സുഹൃത്തുക്കൾക്കും തീരുമാനമുണ്ട്. ഒരർഥത്തില്‍ സിനിമാപ്രേമികളുടെ ഒരു ചെറിയ ക്ലബ് തന്നെയാണ് സ്ക്രീൻപ്ലേ സ്പേസ്. നടന്‍ ഇന്ദ്രൻസ് ആയിരുന്നു കഫെറ്റീരിയയുടെ ഉദ്ഘാടനം ചെയ്തത്. മണിയൻ പിള്ള രാജു, വിജയ്ബാബു തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ സ്ഥലത്തെത്തുകയും ചർച്ചകൾ നടത്തുകയും അവരുടെ പ്രിയ വാചകങ്ങൾ ഓട്ടോഗ്രാഫായി സ്ക്രീൻപ്ലേ സ്പേസിന്റെ ചുവരുകളിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. തീർന്നില്ല ഫോട്ടോഷൂട്ട് നടത്താൻ സ്ഥലം നോക്കുന്നവരാണോ നിങ്ങൾ, അതിനും സ്ക്രീൻപ്ലേ സ്പേസ് കഫറ്റീരിയ ഇടം നൽകുന്നുണ്ട്.

Screenplay Space ഇന്നു കാണുന്ന സിനിമകളൊക്കെ വരുംമുമ്പ് പണ്ടത്തെ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്ന കലാരൂപത്തിലേക്ക് ഒരെത്തിനോട്ടം എന്ന നിലയ്ക്കാണ് നിഴൽപാവക്കൂത്ത് തന്നെ ആദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് വിപിൻദാസ് പറയുന്നു..

ഇവിടമാകെ സിനിമയുടെ ബഹളമാണ്. ചുവരുകളിലെല്ലാം വിഖ്യാത സംവിധായകരുടെ ചിത്രങ്ങള്‍ കാണാം. ഇനി ഈ കഫെറ്റീരിയയുടെ ഏറ്റവും വലിയ പ്രത്യേകത മാസം തോറും ഇവർ നടത്തിപ്പോരാൻ ആഗ്രഹിക്കുന്ന കലാപരിപാടികളാണ്. ഇതിന്റെ മുന്നോടിയായി ഈ വരുന്ന ഫെബ്രുവരി പതിനൊന്നിന് നിഴൽപാവക്കൂത്തും സംഘടിപ്പിച്ചിട്ടുണ്ട്. രാമായണത്തെ ആസ്പദമാക്കിയുള്ള പാവക്കൂത്ത് ആണ് സംഘടിപ്പിക്കുന്നത്. ഇന്നു കാണുന്ന സിനിമകളൊക്കെ വരുംമുമ്പ് പണ്ടത്തെ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്ന കലാരൂപത്തിലേക്ക് ഒരെത്തിനോട്ടം എന്ന നിലയ്ക്കാണ് നിഴൽപാവക്കൂത്ത് തന്നെ ആദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് വിപിൻദാസ് പറയുന്നു.പരിപാടി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക് ചെയ്യേണ്ടതുണ്ട്.

Vipindas വിപിന്‍ ദാസ് ഭാര്യ അശ്വതിക്കും മകൾ ഇഷയ്ക്കും ഒപ്പം

സിനിമാ പ്രവർത്തകരിൽ നിന്നും തങ്ങളുടെ സംരംഭത്തിനു നല്ല പിന്തുണയുണ്ടെന്നും വിപിൻ പറയുന്നു. അച്ഛനും അമ്മയും ഭാര്യ അശ്വതിയും ഏഴുമാസം പ്രായമുള്ള മകൾ ഇഷയും അടങ്ങുന്നതാണ് വിപിൻദാസിന്റെ കുടുംബം. അപ്പോൾ നല്ല നിഴൽപാവക്കൂത്ത് കണ്ട് ആസ്വദിക്കണം എന്നുള്ളവർ നേരെ സ്ക്രീൻപ്ലേ സ്പേസിലേക്കു വിട്ടോളൂ..

സ്ക്രീൻപ്ലേ സ്പേസിനെക്കുറിച്ച് കൂടുതൽ അറിയാം