Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെല്‍ഫി ഭ്രമം നിങ്ങളെ വൃദ്ധരാക്കും !!!

Selfy Representative Image

ഇന്നത്തെ കാലത്ത് ഒരു സ്മാര്‍ട്ട്ഫോണ്‍ കയ്യില്‍ ഉണ്ട് എങ്കില്‍ സെല്‍ഫി എടുക്കാത്തവരായി ആരും തന്നെ കാണില്ല. കാരണം, സെല്‍ഫി അത്രക്ക് ജനകീയമായിക്കഴിഞ്ഞു. കോളേജിലോ നാട്ടിലോ വീട്ടിലോ എന്ത് ആഘോഷം നടന്നാലും ഒരു കിടിലന്‍ സെല്‍ഫി അത് മസ്റ്റാണ്. നിരുപദ്രവകരമാണ് ഈ സെല്‍ഫി ഭ്രമം എന്ന് കരുതി, സെല്‍ഫി എടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പഠന കോഴ്സ് വരെ നിലവില്‍ വന്നു. അപ്പോഴാണ്‌ സെല്‍ഫി പ്രിയരുടെ ചങ്ക് തകര്‍ത്ത് കൊണ്ട് ആ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ സ്ഥിരമായി സെല്‍ഫിയെടുക്കുന്നത് ആരോഗ്യപരമായി  ദോഷം ചെയ്യും. എന്ന് വച്ചാല്‍, നിരന്തരം സെല്‍ഫി എടുക്കുന്നത് നിങ്ങളില്‍ അകാല വാര്‍ധക്യം ക്ഷണിച്ചു വരുത്തും.

ലണ്ടന്‍ നഗരത്തിലാണ് ഇത് സംബന്ധിച്ച പഠനം നടന്നിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ നിന്ന് നിരന്തരമായി റേഡിയേഷനും വെളിച്ചവും മുഖത്ത് അടിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ഇത് മൂലം മുഖത്തു  ചുളിവുകള്‍ വന്ന് പ്രായാധിക്യം തോന്നിപ്പിക്കും. ബ്രിട്ടണിലെ ലിനിയ സ്‌കിന്‍ ക്ലിനിക്കിലാണ് ഇതുസംബന്ധിച്ച പഠനം നടന്നിരിക്കുന്നത്, പഠനം നടത്തിയവരില്‍ റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങള്‍ സാധാരണമായി കണ്ടെത്തി .  ഏത് കൈയിലാണ് ഫോണ്‍ പിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നത്, മുഖത്തിന്റെ ആ വശത്തിലാണ് വാര്‍ധക്യ സംബന്ധമായ ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വലതു കയ്യില്‍ പിടിക്കുന്നവരില്‍ മുഖത്തിന്റെ വലതുഭാഗത്തും ഇടതു കയ്യില്‍ പിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നവരില്‍ ഇടതുഭാഗത്തുമാണ് പ്രശ്നമുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു .

മേല്‍പ്പറഞ്ഞ പ്രക്രിയയ്ക്ക് പിന്നില്‍  വ്യക്തമായ കാരണങ്ങളും ഉണ്ട്. മൊബൈല്‍ഫോണുകളില്‍  നിന്നുള്ള ഇലക്ട്രോമാഗ്‌നെറ്റിക് റേഡിയേഷനുകള്‍ ത്വക്കിലെ ഡി.എന്‍.എയ്ക്ക് തകരാറുണ്ടാക്കുകയും അതുമൂലം പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതുമൂലമാണ് ചുളിവുകള്‍  ഉണ്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു. മേക്കപ്പോ , ക്രീമോ ഒന്നും അത്ര മുഖത്തിനു അത്രത്തോളം സംരക്ഷണം നല്‍കില്ലെന്ന് ലണ്ടനിലെ മെഡിക്കല്‍ ഡയറക്ടറായ സൈമണ്‍ സൊഏകി പറയുന്നു.