Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹത്തിനൊപ്പം സെൽഫിയെടുപ്പ്, പിന്നാലെ പൊലീസ് ‘പ്രേതം’

selfie with deadbody

കുന്നിന്റെ തുഞ്ചത്ത് ഒറ്റക്കാലിൽ നിന്നും തെങ്ങിൻമുകളിൽ പറ്റിപ്പിടിച്ചിരുന്നും വെള്ളത്തിന്റടീൽ മുങ്ങാംകുഴിയിട്ടു പോയും വരെ സെൽഫിയെടുത്തു. അതുകൊണ്ടൊന്നും മതിവരാതെ ഒടുക്കം ഒരു മൃതശരീരത്തിന്റെ കൂടെയിരുന്ന് സെൽഫിയെടുക്കാനായി ശ്രമം. എല്ലാം സെറ്റാക്കി, ക്യാമറയും റെഡിയാക്കി ക്ലിക്കാനൊരുങ്ങി നിൽക്കുമ്പോഴാണ് തൊട്ടടുത്തു നിന്നൊരു ചോദ്യം: ‘മ്വോനേ..എന്റെ മൂക്കീക്കയറ്റി വച്ചിരിക്കുന്ന ഈ പഞ്ഞിയൊന്ന് എടുത്തുമാറ്റമോ...? അതിങ്ങനെ ഇരിക്കുമ്പോൾ ഒരു ലുക്കില്ലായ്മ..!!’ ആ ഒരൊറ്റ നിമിഷത്തിൽ ഏത് ധൈര്യവാന്റെയും സകല സെൽഫിയും ചോർന്നു പോകുമെന്നതുറപ്പ്.

selfie with deadbody

മൃതശരീരങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത റഷ്യൻപിള്ളേരുടെ അവസ്ഥയും ഇപ്പോൾ ഏതാണ്ട് ഇതേ പോലെയാണ്. കാരണം അവന്മാരെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മൃതശരീരങ്ങൾക്കൊപ്പം സെൽഫിയെടുക്കൂ സമ്മാനം നേടൂ...എന്ന ‘മൃഗീയ’മത്സരം അടുത്തിടെയാണ് റഷ്യയിൽ ആരംഭിച്ചത്. വ്യത്യസ്തങ്ങളായ മൃതശരീരങ്ങൾക്കൊപ്പം ഫോട്ടോയെടുത്ത് റഷ്യൻ സമൂഹമാധ്യമമായ വികെ ഡോട്ട് കോമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടത്. വികെ വെബ്സൈറ്റിലെ Selfie with the Deceased കമ്യൂണിറ്റിയിൽ ഇതിനോടകം തന്നെ അഞ്ഞൂറിലേറെ പേർ അംഗങ്ങളായിക്കഴിഞ്ഞു.

selfie with deadbody

ചുമ്മാ സെൽഫിയെടുത്താൽ പോരാ, ഫോട്ടോയെടുക്കുന്നയാൾ മൃതശരീരത്തിനടുത്ത് ചിരിച്ചുകൊണ്ടു വേണം നിൽക്കാൻ. മികച്ച സെൽഫിയ്ക്ക് 15 മുതൽ 75 ഡോളർ (ഏകദേശം 900 മുതൽ 4500 രൂപ വരെ) വരെയായിരുന്നു സമ്മാനവാഗ്ദാനം.അതോടെ വീട്ടിലെ മരണാനന്തര ചടങ്ങുകൾക്കിടയിലും മോർച്ചറിയിലും ആശുപത്രിയിലും നിന്നുവരെ ഇത്തരം ഡെഡ് ബോഡി സെൽഫികളെടുക്കപ്പെട്ടു. കമ്മ്യൂണിറ്റി പേജ് നിറയെ ഇത്തരം ചിത്രങ്ങളുമായി. കാറപകടത്തിൽ മരിച്ച 13 വയസ്സുള്ള പെൺകുട്ടിയ്ക്കടുത്ത് ചിരിച്ചുകൊണ്ട് നിന്ന് സെൽഫിയെടുക്കുന്നവരിൽ ഏറ്റവും മികച്ചതിന് 75 ഡോളർ എന്ന വാഗ്ദാനം വന്നതോടെയായിരുന്നു സംഗതി സീരിയസായത്.

പെൺകുട്ടിയുടെ വിവരങ്ങളും ഫോട്ടോയും ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ മകളുടെ മരണാനന്തരചടങ്ങിന് സകലരും മൊബൈൽ ക്യാമറയുമായെത്തി ചിരിച്ചു നിൽക്കുമെന്ന് ഭയന്ന് മാതാപിതാക്കൾ പൊലീസിനു പരാതി നൽകുകയായിരുന്നു. അതോടെയാണ് സംഭവത്തിനു പിന്നിൽ ഒരാളാണോ അതോ ഏതെങ്കിലും ഗ്രൂപ്പാണോ എന്ന് അധികൃതർ അന്വേഷണം തുടങ്ങിയത്. പക്ഷേ കമ്മ്യൂണിറ്റിയുടെ തലവനെന്നറിയപ്പെടുന്ന ആൽഫ്രഡ് പോല്യാക്കോവിനെ ഓൺലൈനിലെ സംശയാസ്പദമായ ‘പണി’കളുടെ പേരിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണിപ്പോൾ. ഇരുപത്തിയെട്ടുകാരനായ സർവകലാശാല പ്രഫസറാണ് പോല്യാനോവ് എന്നാണ് നിലവിലെ വിവരം. മരണത്തോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനാണ് താൻ ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്നും കക്ഷി പറയുന്നു.

related stories