Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കിടയിൽ സെക്സ് ചാറ്റിങ് വർധിക്കുന്നു, നിയന്ത്രിക്കാൻ ആര്?

sex-chatting

ഇന്റർനെറ്റിന്റെ അമിത സ്വാധീനം സമൂഹത്തിൽ ഗുണത്തോടൊപ്പം ദോഷവുമുണ്ടാക്കുന്നുണ്ട്. ഇന്റർനെറ്റ് എങ്ങനെ ഗുണപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നതിലെ അജ്ഞതയും പക്വതക്കുറവുമാണ് പലരെയും വഴിതെറ്റിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇന്ന് ഇന്റർനെറ്റ് അപകടകരമാം വിധം സ്വാധീനിക്കുന്നത്. ബ്രിട്ടനിലെ കുട്ടികള്‍ക്കിടയിൽ സെക്സ് ചാറ്റിങ് കൂടിവരികയാണെന്നതാണ് പുതിയ വാർത്ത. 2012 മുതലുള്ള കണക്കെടുത്താൽ പതിനെട്ട് വയസിൽ താഴെയുള്ള ആയിരത്തോളം കുട്ടികളാണ് സെക്സ്റ്റിങിന്റെ പേരിൽ അന്വേഷണ വിധേയരായതെന്ന് ബ്രിട്ടനിലെ ലിൻകോൻഷയർ പോലീസ് വ്യക്തമാക്കി. പക്ഷേ പ്രായത്തിന്റെ പരിഗണനയിൽ ഇവരൊന്നും നിയമപ്രക്രിയയ്ക്കു മുന്നിൽ എത്തപ്പെടാതിരിക്കുകയാണ്.

സെക്സ്റ്റിങ് ശീലമാക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിന്റെ ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 2014ലാണ് എട്ടുവയസുകാരിയായ പെൺകുട്ടി സ്വന്തം നഗ്നചിത്രം എടുത്ത് ഇന്റർനെറ്റിൽ പങ്കുവച്ചത്. അതിനുപുറമെ അടുത്തിടെയാണ് ആറുവയസുമാത്രം പ്രായമുള്ള കുട്ടി നഗ്നചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചത്. പന്ത്രണ്ടുകാരനായ ആൺകുട്ടി പതിമൂന്നുകാരിയായ പെൺകുട്ടിക്കും പതിനഞ്ചുകാരിയായ പെൺകുട്ടി പതിനെട്ടുകാരനായ ആൺകുട്ടിക്കും അടുത്തിടെ അശ്ലീല സന്ദേശം അയച്ച കാര്യം പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികൾക്കിടയിൽ ഇതു രസകരമാണെന്നും നേരംപോക്കാണെന്നുമുള്ള ചിന്തയാണു പടരുന്നത്. ഇതിനു മാറ്റം വന്ന് തങ്ങൾ ചെയ്യുന്നതു തെറ്റാണെന്ന ബോധ്യം വന്നാൽ മാത്രമേ കുട്ടികൾക്കിടയിലെ സെക്സ്റ്റിങ് കൂറയൂ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

കുട്ടികൾക്ക് സ്മാർട്ഫോണും ടാബും ലാപ്ടോപുമെല്ലാം കയ്യെത്തുംദൂരത്തു കിട്ടുന്നിടത്തോളം കാലം സെക്സ്റ്റിങിന്റെ വര്‍ധനവിനു യാതൊരു കുറവുമുണ്ടാകില്ല. സെക്സ് ചാറ്റിങ് നടത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്ന ആശങ്കയിൽ നാഷണൽ ക്രൈം ഏജൻസി കഴിഞ്ഞ ജൂണിൽ ഒരു ക്യാംപയിൻ നടത്തിയിരുന്നു. എന്നാൽ സെക്സ്റ്റിങുമായി ബന്ധപ്പെട്ട് ദിവസം ഒരു റിപ്പോർട്ട് എന്ന നിലയ്ക്കാണ് അവർക്കു പരാതികൾ ലഭിച്ചത്. അതേസമയം സെക്സ്റ്റിന്റെ പേരിൽ കുട്ടികളിൽ ക്രിമിനൽ കുറ്റം ചാർത്തുന്നതിനേക്കാൾ അവരിൽ ഇതുസംബന്ധിച്ച് വിദ്യാഭ്യാസം നൽകുകയാണ് വേണ്ടതെന്നും പോലീസ് വ്യക്തമാക്കി.

കുട്ടികൾ തങ്ങളുടെ ബോയ്ഫ്രണ്ടിനോ ഗേൾഫ്രണ്ടിനോ ഒരു കൗതുകത്തിനായി അയക്കുകയാണ് ഇത്തരം സന്ദേശങ്ങളും ചിത്രങ്ങളും പക്ഷേ അവ ഇന്റർനെറ്റിൽ പ്രചരിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അവർ അജ്ഞരാണെന്നും ഇൗ സാഹചര്യത്തിനാണ് മാറ്റം വരുത്തേണ്ടതെന്നും പോലീസ് പറയുന്നു.