Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബെൽറ്റിട്ടാൽ ഏത് കുടവയറും കുറയും?

Slimming Belt

കുടവയർ കുറയ്‌ക്കാൻ ബെൽറ്റ് മുതൽ വെള്ളിമൂങ്ങയും ഇരുതലമൂരിയുടെയും പേരിൽവരെ തട്ടിപ്പു നടത്തുന്ന വൻസംഘങ്ങൾ നാടാകെ വ്യാപകമായിരിക്കുകയാണ്. ഏതുവേഷത്തിലും ഏതുസമയത്തും തട്ടിപ്പുകാർ അവതരിക്കാം. ഓഫിസിലും വീട്ടിലുമെത്തി നമ്പരുകളുടെ കൊടുങ്കാറ്റിറക്കാനും തട്ടിപ്പുകാർ വിരുതർ. അടിപൊളി വേഷത്തിലെത്തി ഇംഗ്ലീഷിൽ കടുവറുക്കുന്ന ജന്റിൽമാൻമാർ മുതൽ കൊഞ്ചൽ മാറാത്ത വർത്തമാനവുമായി സുന്ദരികൾവരെ തട്ടിപ്പിന്റെ ലോകത്തെ കണ്ണികൾ.

ഇവരുടെ നമ്പരിൽ വീണാൽ രക്ഷപ്പെടുക അസാധ്യം. തട്ടിച്ചെടുത്ത പണവുമായി മുങ്ങുന്നവർ പിന്നെ പൊങ്ങുന്നത് ഏഴാംകടലിനക്കരെ. ഇവരുടെ വലയിൽ കുരുങ്ങിയവർ നാണക്കേടോർത്ത് ഒരിക്കലും പരാതി നൽകാറില്ല. എത്ര പറഞ്ഞാലും എത്രതന്നെ മുൻകരുതലുകളെടുത്താലും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ എണ്ണം ഓരോദിവസവും പെരുകുകയാണ്. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് ആവർത്തിച്ചു പറയാറുണ്ടെങ്കിലും പെടുന്നവർ എണ്ണമറ്റതാണ്. തട്ടിപ്പു തന്ത്രങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്:

കുടവയർ കുറയ്‌ക്കാൻ ബെൽറ്റ്

തൊടുപുഴ നഗരത്തിലെ ഒരു ഓഫിസിലാണ് സംഭവം. കുടവയർ കുറയ്‌ക്കാൻ ബെൽറ്റുമായി ഒരുനാൾ സെയിൽസ് എക്‌സിക്യൂട്ടീവായ യുവതി എത്തി. മേലധികാരിയുടെ ക്യാബിനിലെത്തി ബെൽറ്റിന്റെ പ്രവർത്തനവും ഗുണഫലങ്ങളും വിളമ്പി. ബെൽറ്റ് കെട്ടിയാൽ വയർ ചൂടാകുമെന്നും, ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ്, മഞ്ഞ നിറത്തിലുള്ള വിയർപ്പായി പുറത്തുപോകുമെന്നും 45 ദിവസം ഉപയോഗിച്ചാൽ കുടവയർ പൂർണമായും അപ്രത്യക്ഷമാകുമെന്നുമായിരുന്നു വാഗ്‌ദാനം. 45 ദിവസത്തേക്കു യന്ത്രം വാടകയ്‌ക്ക് തരാമെന്നും വയർ കുറഞ്ഞില്ലെങ്കിൽ തിരികെയെടുത്തോളാമെന്നും സുന്ദരി വാഗ്‌ദാനം ചെയ്‌തു. ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു, വാടക ഒന്നിച്ച് അഡ്വാൻസായി കൊടുക്കണം. യുവതിയുടെ വാചകമടിയിൽ വീണ മേലധികാരി ഓഫിസിലെ ജീവനക്കാരോട് ബെൽറ്റ് വാങ്ങാനും ശുപാർശ ചെയ്‌തു. അങ്ങനെ അറുപത് രൂപ ദിവസ വാടകയ്‌ക്ക് 2700 രൂപ കൊടുത്ത് ഓഫിസിലെ മേധാവി ഉൾപ്പെടെയുള്ള 12 ജീവനക്കാർ ബെൽറ്റ് വാങ്ങി. ഇവർ വീട്ടിൽപോയി ബെൽറ്റും കെട്ടി ഇരുപ്പും തുടങ്ങി. വയർ വിയർത്തതുമില്ല മഞ്ഞനിറത്തിൽ കൊഴുപ്പ് പുറത്തുവന്നതുമില്ല. സംശയം തോന്നിയ ജീവനക്കാർ സെയിൽസ് എക്‌സിക്യുട്ടീവ് നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചെങ്കിലും ഇങ്ങനെയൊരു ഫോൺ നമ്പർ നിലവിലില്ലെന്നായിരുന്നു മറുപടി. ബെൽറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ സ്‌പോഞ്ച് മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്‌തമായത്. കാശു പോയതറിഞ്ഞ് ചങ്കുകത്തിയ മേലധികാരിയും ജീവനക്കാരും അപമാനം ഭയന്ന് ഇതു രഹസ്യമാക്കി വച്ചിരിക്കുകയാണ്. നഗരത്തിലെ ചില ഓഫിസുകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ ഒട്ടനവധിപേർ ഇരയായെന്നാണ് കരുതുന്നത്. വയറു കുറയ്‌ക്കാൻ ചില പൊലീസുകാരും ബെൽറ്റ് വാങ്ങി മാസങ്ങളോളം പരീക്ഷിച്ചെന്നാണു പറയപ്പെടുന്നത്. ബെൽറ്റ് വാങ്ങാൻ ജീവനക്കാരെ പ്രേരിപ്പിച്ച മേലധികാരി നാണക്കേട് ഭയന്ന് ഇപ്പോൾ ഓഫിസിൽ വരാറില്ലത്രെ.

Slimming Belt

ഒരുകുപ്പി മരുന്ന്: ഏതു രോഗവും മാറും

‘‘ഒൺലി വൺ ബോട്ടിൽ. എവരിത്തിങ് വിൽ ബി ഓൾ റൈറ്റ്... ’’- ചെറുതോണി മേഖലയിൽ ആയിരക്കണക്കിനുപേരെ തട്ടിപ്പിനിരയാക്കിയ യുവാക്കളുടെ പരസ്യവാചകമാണ് ഇത്. ഏതു രോഗമുള്ളവർക്കും സേവിക്കാമെന്നും, ഒരുകുപ്പി അകത്താക്കിയാൽ ഏതു മഹാവ്യാധിയും മാറുമെന്നു പറഞ്ഞാണ് തട്ടിപ്പ്. ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിലെ പച്ചമരുന്നുകളിൽ നിന്നാണ് ഔഷധം ഉണ്ടാക്കിയതെന്നു പറഞ്ഞാണ് തട്ടിപ്പുകാരെത്തുന്നത്. ഒരു ബോട്ടിലിന് 3000 രൂപയാണ് വില. ഈ മരുന്ന് സേവിക്കുമ്പോൾ മറ്റു മരുന്നുകളൊന്നും കഴിക്കാൻ പാടില്ലെന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇതു വിശ്വസിച്ച് ബോട്ടിലുകൾ വാങ്ങിയവർ ഇപ്പോൾ വെള്ളം കുടിക്കുകയാണ്. എന്നാൽ പലകുപ്പി മരുന്നുകൾ കഴിച്ചിട്ടും രോഗം മാറാതെ വന്നതോടെയാണ് നാട്ടുകാർക്ക് ചതി ബോധ്യപ്പെട്ടത്. യുവാക്കളുടെ വാക്കുകേട്ട് മരുന്നു നിർത്തിയവരുടെ സ്‌ഥിതിയും അനുദിനം വഷളാകുകയാണ്. രോഗം മാറാത്തതിനു പുറമേ പാർശ്വഫലങ്ങളും തലപൊക്കിയതോടെ മരുന്നു വിതരണം ചെയ്‌ത യുവാക്കളുടെ ഉറവിടം ചികയുകയാണ് പൊലീസും നാട്ടുകാരും. വെറുംവാക്കു കേട്ട് മരുന്നു കഴിച്ചവർ ഇല്ലാത്ത രോഗം വരുത്തിവച്ചതിന് മറുചികിൽസ നടത്തുകയാണ് ഇപ്പോൾ.

കടകൾക്കും രക്ഷയില്ല

സ്‌റ്റേഷനറി സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് കടകളിലെത്തി പണം തട്ടിയെടുക്കുന്ന രീതിയാണ് കടതട്ടിപ്പു സംഘങ്ങൾക്ക്. പല വ്യാപാരികളും ഇത്തരത്തിലുള്ള തട്ടിപ്പിനു വിധേയരായിട്ടുണ്ടെങ്കിലും വിവരം പുറത്തു പറഞ്ഞിട്ടില്ല. വിവിധ പ്രദേശങ്ങളിലെ കടകളിൽ ഒരേസമയത്താണു സംഘം എത്തുന്നത്. കട ഉടമകളുമായി സൗഹൃദം സ്‌ഥാപിച്ചശേഷം കുറഞ്ഞനിരക്കിൽ സാധനങ്ങൾ എത്തിച്ചുനൽകാം എന്നുപറഞ്ഞ് അടുത്തുകൂടും. കട ഉടമകളെ വിശ്വാസത്തിലെടുക്കാൻ ആദ്യം നിസ്സാര തുകയ്‌ക്കുള്ള വസ്‌തുക്കൾ നൽകും. ഒരേസമയം പലപ്രദേശങ്ങളിലെ കടകളിലെത്തി തട്ടിപ്പ് നടത്തുന്ന സംഘം തുക വീതംവച്ചശേഷം ഈ പ്രദേശത്തുനിന്നു രക്ഷപ്പെടും. ഗ്രാമപ്രദേശങ്ങളിൽ ഒറ്റതിരിഞ്ഞിരിക്കുന്ന കടകൾ കേന്ദ്രീകരിച്ചാണു സംഘത്തിന്റെ പ്രവർത്തനം. കട ഉടമകളോട് പേരുകൾ മാറ്റിപ്പറയുന്ന സംഘം പണം തട്ടിയശേഷം അടുത്തസ്‌ഥലത്തേക്ക്. ആനുകൂല്യങ്ങളിൽ മതിമറന്ന് പണം നൽകിയ വ്യാപാരികൾ കാശു പോയതറിഞ്ഞ് ഇപ്പോൾ നക്ഷത്രമെണ്ണുകയാണത്രെ.