Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായോ? സ്‌ലോ ഷോപ്പിങ്ങിനു പോരൂ

Slow Shoping Representative Image

പ്രായമായവർ ഏറ്റവുമധികം കഷ്ടപ്പെടുന്നതു ഷോപ്പിങ്ങിനു പോകുമ്പോഴായിരിക്കില്ലേ. ഷോപ്പിങ് ഒക്കെ ഒരുവിധം നടത്താം. പക്ഷേ അവസാനം ബിൽ അടയ്ക്കാനുള്ള ക്യൂ കാണുമ്പോഴാ തലകറങ്ങുന്നത്. പ്രായമായവർക്കും അംഗഭംഗം വന്നവർക്കുമായി യുകെ ന്യൂകാസിലിലെ സെയ്ൻബറി ഷോപ് ഒരു ഉഗ്രൻ പദ്ധതിയുമായി വന്നു– സ്‌ലോ ഷോപിങ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നു മണി വരെയാണു സ്‌ലോ ഷോപിങ് സമയം.

ഷോപ്പിന്റെ വാതിൽ കടന്നെത്തുമ്പോഴേ സ്വീകരിക്കാൻ ആളുണ്ട്. ഇരുന്നു സാധനങ്ങൾ തിരഞ്ഞെടുക്കാൻ ഓരോ സെക്‌ഷനിലും പ്രത്യേകം കസേരകൾ. കൗണ്ടറിൽ ബില്ലടയ്ക്കാൻ ക്യൂ നിൽക്കേണ്ട. അവിടെയുമുണ്ടു കസേരകൾ. കാത്തിരിപ്പിനിടെ കഴിക്കാൻ കേക്ക്, ബിസ്കറ്റ്, ഫ്രൂട്സ്, കോഫി തുടങ്ങിയവയൊക്കെയെത്തും. ഏതു വേണമെന്നു പറഞ്ഞാൽ മാത്രം മതി. ഇടയ്ക്കിടെ സുഖവിവരം തിരക്കാൻ ഷോപ് ഉടയും സ്റ്റാഫും. ഇത്രയൊക്കെ സൗകര്യങ്ങളുള്ള സ്ഥലത്തു ഷോപ്പിങ്ങിനു പോകാൻ ആരാണു കൊതിക്കാത്തത്.

ചുമ്മാ കച്ചവട തന്ത്രം എന്നേ ആളുകൾ ഇതിനെ കരുതിയുള്ളു. പക്ഷേ കഥയറിഞ്ഞപ്പോൾ പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. കാതറിൻ വിറോ എന്ന യുവതിയുടെ ആശയമാണു സ്‌ലോ ഷോപ്പിങ്. ഡിമെൻഷ്യ ബാധിച്ച അമ്മയുമായി ഷോപ്പിങ്ങിനെത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് സ്‌ലോ ഷോപ്പിങ് എന്ന ആശയം പ്രാവർത്തികമാക്കിയത്. അമ്മയ്ക്ക് ഷോപ്പിങ് ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ഓരോ സാധനങ്ങളുമെടുക്കാൻ സമയമെടുക്കും. ചെറുപ്പക്കാർ വരുന്നവർ ചിലപ്പോൾ അവരെ തട്ടി മാറ്റും. അവസാനം ബി‍ൽ അടയ്ക്കാനായി ക്യൂ നിൽക്കേണ്ടി വരുന്നതോടെ ഇനി മേലിൽ ഷോപ്പിങ്ങിനില്ല എന്ന് അമ്മ പറയുമായിരുന്നു. ഈ കഷ്ടപ്പാടിനു പരിഹാരമായാണു തന്റെ ന്യൂകാസിലിലെ സെയ്ൻബറി ഷോപ്പിൽ സ്‌ലോ ഷോപ്പിങ് കാതറിൻ തുടങ്ങിവച്ചത്. എല്ലാവരുടെയും പിന്തുണ ഏറിയതോടെ രാജ്യത്തെങ്ങുമുള്ള കടകളിൽ സ്‌ലോ ഷോപ്പിങ് കൊണ്ടുവരാനുള്ള യത്നത്തിലാണു കാതറിൻ.