Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടിയിൽ ചീറിപ്പാഞ്ഞു പോകുന്നവർക്ക് ബ്രേക്കിടാൻ ഈ കുഞ്ഞുങ്ങൾ!

Road

ഓഫീസിലേക്കെത്താൻ ശരംവിട്ടതു പോലെ പായുകയാണ് വണ്ടി. ഇടയ്ക്കു വളവുകളും തിരിവുകളുമൊക്കെ മിന്നായം പോലെ കടന്ന് ഒന്നൊന്നര ബ്രേക്കുമിട്ടു ഹോണ‌ടിച്ചു നീങ്ങുന്നതിനിടയിലാണ് മുന്നിലേക്കൊരു കുട്ടി ഓടിയടുക്കുന്നതു കാണുന്നത്. ഓഫീസിലേക്കെത്തണം എന്നതു ശരിതന്നെ പക്ഷേ ആ കുഞ്ഞിനെ കണ്ടപ്പോഴാണ് അങ്ങനെ ഓടിവരുന്നതു തന്റെ കുഞ്ഞാണെങ്കിലോ എന്നോർത്തത്. വാഹനത്തിന്റെ വേഗത പതിയെ കുറച്ചു, കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണു കണ്ടത് അതു ശരിക്കും കുട്ടിയായിരുന്നില്ല പകരം റോഡരുകിലെ ബിന്നിൽ പതിപ്പിച്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ്. ലക്ഷ്യം മറ്റൊന്നുമല്ല റോഡപകടം കുറയ്ക്കുക തന്നെ.

കാറ്റിൽ ആടിക്കളിക്കുന്ന വർണ പുഷ്പങ്ങൾ പോലെയാണ് ഓരോ കുട്ടികളും. പിന്നെയും പിന്ന‌െയും കണ്ടിരിക്കാന്‍ തോന്നും. കൊച്ചുകുട്ടികളഉടെ കുസൃതികൾക്കും പരിഭവങ്ങൾക്കും സന്തോഷത്തിനും സങ്കടത്തിനുമെല്ലാം ഒരു പ്രത്യേക സൗന്ദര്യമാണ്. എത്ര കല്ലുപോല്‍ മനസുള്ളവരും കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖത്തിനു മുന്നിൽ മസിലൊന്ന് അയക്കുന്നവരാണ്. കുട്ടികളെ വച്ച് റോഡ് സുരക്ഷാ മാർഗങ്ങൾ പ​ഠിപ്പിക്കുന്നത് ഓസ്ട്രേലിയൻ റോഡ് സേഫ്റ്റി ഫൗണ്ടേഷൻ ആണ്. റോഡിനു വശത്തുള്ള ഗാർബേജ് ബിന്നുകളിലെല്ലാം ഓടിക്കളിക്കുന്ന ആണ്‍കുട്ടികളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ കാണാം. ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടികൾ റോഡിലേക്കു ഓടി വരുന്നതുപോലെയെ തോന്നുകയുള്ളു. റോഡുകളിൽ നിയമങ്ങൾ കൂറ്റൻ അക്ഷരങ്ങളായി പ്രദർശിപ്പിക്കുന്നതിലും ശക്തമാണ് കുട്ടികളുടെ ചിത്രങ്ങൾ നൽകിയുള്ള ഈ നീക്കം എന്ന കണ്ടെത്തൽ വിജയം കാണുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പിഞ്ചുമുഖങ്ങൾ ഓടിയടുക്കുന്നതു കണ്ടാൽ തെല്ലൊന്നു ബ്രേക്ക് ചവിട്ടാൻ ആർക്കാണു തോന്നാത്തത്?

Your Rating: