Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമാശ തകർത്തത് അവളുടെ സുന്ദരമുഖവും സ്വപ്നങ്ങളും!

amy-thompson-1 ആമി തോംസണ്‍ രോഗാവസ്ഥയ്ക്കു മുമ്പ്

കുറച്ചു നേരത്തെ ആഹ്ലാദത്തിനു വേണ്ടി മയക്കുമരുന്നിന് അടിമപ്പെടുന്ന കൗമാരം കാണേണ്ടതാണ് ഗ്ലാസ്ഗോ സ്വദേശിയായ ആമി എന്ന പെൺകുട്ടിയുടെ കഥ. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എന്നോ ഓരു പാർട്ടിയ്ക്കിടയിൽ ഉപയോഗിച്ച മയക്കുമരുന്ന് ഇന്ന് അവളുടെ സകല സ്വപ്നങ്ങളെയും പ്രതീക്ഷളെയും ഒരു വീൽചെയറിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.

amy-thomson ആമി തോംസൺ രോഗിയാവുന്നതിനു മുമ്പും ശേഷവും

എംഡിഎംഎ എന്ന പേരിലുള്ള മയക്കുമരുന്നാണ് ആമി തോംപ്സൺ എന്ന പതിനാറുകാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. വീൽചെയറിലിരുന്ന് എല്ലാവർക്കും നന്ദി, എല്ലാവരുടെ പിന്തുണയ്ക്കും നന്ദി എന്നു പാടുപെട്ടു പറയുന്ന ആമി ഒരിക്കൽ പാറിപ്പറന്നു നടക്കുന്ന ചുറുചുറുക്കുള്ള പെൺകുട്ടിയായിരുന്നു. പക്ഷേ സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയ്ക്കിടയിൽ ലഹരി ഉപയോഗിച്ചതോടെ ആമി എന്ന കൗമാരക്കാരിയുടെ തലച്ചോർ തകരാറിലാവുകയും ദിനംപ്രതി ചലനശേഷി കുറഞ്ഞു വരികയും ചെയ്തു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒരു താക്കീത് എന്ന നിലയ്ക്കാണ് ആമിയും കുടുംബവും ഇൗ വിഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ജൂൺ പത്തിനാണ് അമിതമായ അളവിൽ എംഡിഎംഎ ശരീരത്തിൽ കടന്നതിനെത്തുടർന്ന് ആമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആമിക്കൊപ്പം പതിനേഴും പതിനെട്ടും വയസുള്ള മറ്റു രണ്ടു പെൺകുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവർ നേരത്തെ സുഖം പ്രാപിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

സ്കോടലന്റിൽ യഥേഷ്ടം ലഭിക്കുന്ന എംഡിഎംഎയെക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വേണ്ട‌ത്ര ബോധവൽക്കരണ പരിപാടികള്‍ നടത്തിയിട്ടും പലതും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ആമിയുടെ വീട്ടുകാർ മകളുടെ അവസ്ഥ വ്യക്തമാക്കിയുള്ള വിഡിയോ പുറത്തുവിട്ടത്. ആമി തന്റെ രോഗാവസ്ഥയിൽ നിന്നും പുരോഗതി പ്രാപിച്ചു വരുന്നുണ്ട്. കോമയ്ക്കു സമാനമായ കിടപ്പിൽ നിന്നും വീല്‍ചെയറിലേക്കു മാറിയ ആമിയിൽ കുടുംബാംഗങ്ങൾക്ക് നിറഞ്ഞ പ്രതീക്ഷയുണ്ട്. തെല്ലുനേരത്തെ ആനന്ദത്തിനു വേണ്ടി മയക്കുമരുന്നുകളിൽ ആശ്രയം തേടുന്നവർക്കൊക്കെ ഒരു പാ​ഠമാകട്ടെ ആമിയുടെ ജീവിതം.