Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമ്മാശ്ലീഹായുടെ പള്ളിയിൽ 24 X 7 വൈൻ ഫൗണ്ടൻ

vine-fountain ഇറ്റലിയിലെ കാമിനോ ഡി സാൻതോമസോ ദേവാലയത്തിലാണ് വീഞ്ഞിന്റെ നിലയ്ക്കാത്ത പ്രവാഹമായി ഫൗണ്ടൻ ഒരുക്കിയിരിക്കുന്നത്.

കാനായിലെ കല്യാണവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കിയെങ്കില്‍, യേശു ശിഷ്യന്റെ ദേവാലയത്തില്‍ സന്ദര്‍ശകര്‍ക്കു സൗജന്യമായി വീഞ്ഞ് ഒരുക്കിയിരിക്കുന്നു. ഇറ്റലിയിൽ ഒർടോണയ്ക്കും റോമിനും ഇടയിലുള്ള തോമ്മാ ശ്ലീഹായുടെ ദേവാലയമായ കാമിനോ ഡി സാൻതോമസോ ദേവാലയത്തിലാണ് വീഞ്ഞിന്റെ നിലയ്ക്കാത്ത പ്രവാഹമായി ഫൗണ്ടൻ ഒരുക്കിയിരിക്കുന്നത്. വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന അതിപ്രശസ്ത തീർഥാടന കേന്ദ്രമാണിത്. 

ലോകത്ത് ഇതാദ്യമല്ല വൈൻ ഫൗണ്ടൻ ഒരുക്കുന്നത്. സ്പെയിനിലെ പല ദേവാലയങ്ങളിലും തീർഥാടകർക്കായി വൈൻ ഫൗണ്ടനുണ്ട്. പക്ഷേ ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്ന 24 X 7 വൈൻ ഫൗണ്ടൻ ഇവിടെ മാത്രം. അവധി ദിവസങ്ങളിലും ഇവിടെയെത്തി വീഞ്ഞു കുടിക്കാം, ബോട്ടിലിൽ നിറച്ച് കൊണ്ടു പോകാം. അഞ്ചു പൈസയുടെ ചെലവില്ല. എല്ലാം വിശുദ്ധ തോമ്മാശ്ലീഹായുടെ ആദരവായിട്ടാണെന്ന് ദേവാലയ അധികൃതർ. 

ആർക്കിടെക്ട് റോക്കോ വാലന്റിനിയാണ് ഫൗണ്ടൻ ഡിസൈൻ ചെയ്തിരിക്കുന്നത്. പാഴ് വസ്തുക്കൾ കൊണ്ടാണ് ഫൗണ്ടന്റെ നിർമിതി. ഫൗണ്ടൻ എന്നു വച്ചാൽ മാമ്മോദീസ തൊട്ടിൽ പോലൊരു നിർമിതി എന്നേ അർഥമുള്ളു. അതിൽ വൈൻ ഒഴുകിവരാൻ പ്രത്യേകം ടാപ്പ്. മുന്തിരിത്തോട്ടങ്ങൾക്കു പേരുകേട്ട ഇറ്റലിയിലെ അബ്രുസോ പ്രദേശത്താണു ദേവാലയം. അതുകൊണ്ടുതന്നെ നല്ല ഒന്നാന്തരം റെഡ് വൈനാണു സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 

എന്നാൽപിന്നെ എന്നും അവിടെപ്പോയി വൈൻ അടിച്ചു ഫിറ്റ് ആയേക്കാമെന്നു കരുതേണ്ട. ഇതു പ്രാർഥനാപൂർവം ദേവാലയത്തിലെത്തുന്ന തീർഥാടകർക്ക് റിഫ്രഷ്മെന്റായി ഒരുക്കിയിരിക്കുന്നതാണ്. കർത്താവ് വെള്ളം വീഞ്ഞാക്കിയതിന്റെ ഓർമയ്ക്കായി. 

Your Rating: