Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരൊറ്റ സെൽഫി മതി, ജീവിതം നാറ്റക്കേസാകാൻ...

Selfy ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രവും ഇരയാക്കപ്പെട്ടയാളുടെ സെൽഫിയും

ജീവിതത്തിൽ ആദ്യമായൊരു സെൽഫിയെടുത്തതാണയാൾ. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ അതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. അതുംപോരാതെ ഫെയ്സ്ബുക്കിൽ നാണം കെട്ടു. നാട്ടുകാരെല്ലാം സംശയത്തോടെ നോക്കാൻ തുടങ്ങി. മക്കളും ഭാര്യയുമൊക്കെ കരച്ചിലോടു കരച്ചിലായി. എല്ലാം ഒരു മുപ്പത്തിയാറുകാരി അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കൊടുത്ത പണിയുടെ ഫലം. ഓസ്ട്രേലിയയിലെ വെസ്റ്റ്ഫീൽഡ് നോക്സ് എന്ന ഷോപ്പിങ് സെന്ററിൽ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പോയതായിരുന്നു മൂന്നു കുട്ടികളുടെ പിതാവായ ഈ കഥാനായകൻ. ചുറ്റിക്കറങ്ങുന്നതിനിടെ കുട്ടികളുടെ സെക്ഷനിലെത്തി. അവിടെയതാ, സ്റ്റാർ വാർസ് സിനിമയിലെ കഥാപാത്രങ്ങളുടെ ഫുൾ സൈസ് കട്ടൗട്ടുകൾ. അതിനു മുൻപിൽ നിന്ന് ആർക്കു വേണമെങ്കിലും സെൽഫിയെടുക്കാം. കട്ടൗട്ട് കണ്ടപ്പോഴൊരു കൊതി. ഈ കക്ഷിയും അതിലെ ഒരു കഥാപാത്രത്തിന്റെ കട്ടൗട്ടിനു സമീപം നിന്ന് സെൽഫിയെടുത്തു. മുന്നിൽ കുറേ കുട്ടികൾ ഫോട്ടോയെടുക്കാനായി ക്യൂവായി നിൽപുണ്ട്. അവരൊടായി അദ്ദേഹം പറഞ്ഞു— ‘‘എന്റെ മക്കൾക്ക് അയച്ചു കൊടുക്കാനായി ഒരൊറ്റ സെൽഫിയെടുത്തോട്ടെ...ഇപ്പോൾ മാറിത്തരാം കേട്ടോ..’’കുട്ടികൾ തലയാട്ടി. കക്ഷി സെൽഫിയെടുത്ത് പോയി.

അതിനിടെ അവിടെ നിന്ന കുട്ടികളിൽ ആരുടെയോ അമ്മയാണെന്നു തോന്നുന്നു തന്റെ ഫോട്ടോയെടുക്കുന്നതും അയാൾ ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലുമാകട്ടെയെന്നു വിചാരിച്ച് അപ്പോഴത് വിട്ടുകളഞ്ഞു. പിറ്റേന്ന് ഓഫിസിലിരിക്കുമ്പോഴാണ് ഭാര്യയുടെ ഫോൺ. ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിലെ വിവരണം ഇങ്ങനെയാണ്: ഈ വൃത്തികെട്ടവനെ നോക്കൂ...നോക്സിലെ കുട്ടികളുടെ വസ്ത്രങ്ങളുടെ സെക്ഷനിൽ വച്ച് എന്റെ കുട്ടികളുടെ ഫോട്ടോയെടുത്തു ഇയാൾ. എന്നിട്ട് അവരോട് പറയുകയാണ് ആ ഫോട്ടോ 16 വയസ്സുള്ള ആർക്കോ അയച്ചുകൊടുക്കാനുള്ളതാണെന്ന്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവനാണ് ഇയാളെന്ന് ഉറപ്പ്. ഇയാൾ പോയ ഉടനെ ഞാൻ കുട്ടികളുമായി അവിടെ നിന്നു പോന്നു. ഷോപ്പിങ് സെന്റർ അധികൃതർക്കും പൊലീസിനും പരാതി നൽകി. ഇയാളൊരു തട്ടിപ്പുകാരനോ കുട്ടികളെ പീഡിപ്പിക്കുന്നയാളോ ആണെങ്കിൽ പിടികൂടുമെന്ന ഉറപ്പും പൊലീസ് തന്നിട്ടുണ്ട്...കുട്ടികളുമായി പോകുമ്പോൾ ഇനി സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്..’

selfy post ഫെയ്സ്ബുക്കിലെ പോസ്റ്റ്

പോസ്റ്റ് അവസാനിച്ചിടത്തെ ഫോട്ടോ കണ്ട് പക്ഷേ നമ്മുടെ കക്ഷി ഞെട്ടിപ്പോയി. അത് അയാളുടെ ചിത്രമായിരുന്നു. തലേന്ന് ഷോപ്പിങ് സെന്ററിൽ വച്ച് തന്റെ ഫോട്ടോയെടുത്ത സ്ത്രീ പറ്റിച്ച പണിയാണ്. ഒട്ടും നേരം കളഞ്ഞില്ല, ഉടൻതന്നെ കക്ഷി പൊലീസ് സ്റ്റേഷനിലേക്കു വിട്ടു. പോസ്റ്റിലെ വ്യക്തി താനാണെന്നു പറഞ്ഞു. വിശദ പരിശോധനയ്ക്ക് മൊബൈലും വിട്ടുകൊടുത്തു. അതിൽ ആകെയുള്ളത് അയാളുടെ സെൽഫി മാത്രം. പൊലീസ് ഇക്കാര്യം വിശദമാക്കിയതോടെ സംഗതി വാർത്തയായി. അതുവരെ വില്ലനായിരുന്ന കക്ഷി നായകനായി മാറി. ഫെയ്സ്ബുക്കിലെ പോസ്റ്റിട്ട സ്ത്രീ വില്ലത്തിയുമായി. ആയിരക്കണക്കിനു പേരാണ് അവരുടെ പോസ്റ്റ് ഷെയർ ചെയ്തത്. സംഗതി പ്രശ്നമായപ്പോൾ പക്ഷേ അവർ പറഞ്ഞതിങ്ങനെ: ഫെയ്സ്ബുക്കിലുള്ളവർ സംഗതി ഇതുപോലെ വൈറലാക്കിക്കളയുമെന്നു വിചാരിച്ചില്ല...

അതോടെ ഫെയ്സ്ബുക്കിൽ ഇവർക്ക് പിന്തുണയുമായി വന്നവരും ചീത്തവിളിയായി. വധഭീഷണി വരെ വന്നു ഇവർക്കു നേരെ. മാധ്യമങ്ങൾക്കു മുന്നിൽ തന്റെ തെറ്റിന് മാപ്പുപറഞ്ഞായിരുന്നു ഇവർ തടിയൂരിയത്. പക്ഷേ താനും തന്റെ ഭാര്യയും മക്കളും ഒരൊറ്റ ദിവസം കൊണ്ട് അനുഭവിച്ചതിന് ആര് ഉത്തരം പറയുമെന്നായിരുന്നു ഇരയാക്കപ്പെട്ട വ്യക്തിയുടെ ചോദ്യം. എന്തായാലും സ്ത്രീക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദനായികയാകട്ടെ കഥാനായകനെ നേരിട്ട് കണ്ട് കരഞ്ഞു മാപ്പു പറയാനുള്ള ഒരുക്കത്തിലാണ്. സത്യാവസ്ഥ പോലും അറിയാൻ ശ്രമിക്കാതെ, സമൂഹമാധ്യമങ്ങളിലൂടെ ആർക്കും ആരെയും ഒരൊറ്റ പോസ്റ്റിലൂടെ നാറ്റിക്കാമെന്ന അവസ്ഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും പറഞ്ഞ് പാശ്ചാത്യലോകത്ത് വമ്പൻ ചർച്ചകളും ഇതോടനുബന്ധിച്ച് ശക്തമായിക്കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.