Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാർക്കു ഷര്‍ട്ടിന്റെ ബട്ടൺ വലത്ത്, സ്ത്രീകൾക്ക് ഇടത്തും; എന്താല്ലേ....

Shirt

ഷർട്ടിന്റെ ബട്ടണിടാൻ പോലും സമയമില്ലാതെ ജോലിക്ക് ഓടുകയാണോ? സമയം പോകാതെ പെട്ടെന്നു പറയൂ, ആ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ ബട്ടൺ ഏതു വശത്താണു തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്? 

ആണുങ്ങൾക്ക് വലതു വശത്ത്. അല്ലേ? 

ശരി. 

ഇനി, പെണ്ണുങ്ങൾക്കോ? 

ഇടതു വശത്ത്!!! 

പുരുഷന്മാർ ഉടുപ്പിന്റെ വലതുവശത്തുള്ള ബട്ടണുകൾ ഇടതു വശത്തുള്ള ബട്ടൺഹോളിലേക്ക് തിരുപ്പിടിപ്പിക്കുമ്പോൾ, സ്ത്രീകൾ ഇടതുവശത്തുള്ള ബട്ടൺഹോളിലേക്ക് വലതുവശത്തുള്ള ബട്ടണുകളെ കുടുക്കിയിടും. പെണ്ണുടുപ്പും ആണുടുപ്പും തമ്മിൽ ഒറ്റനോട്ടത്തിൽ വേർതിരിച്ചറിയാൻ പണ്ടത്തെ തുന്നൽക്കാർ കണ്ടുപിടിച്ചതാകാം ഈ കുടുക്കുവിദ്യയെന്നു സമാധാനിച്ച് വേണമെങ്കിൽ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാം. അല്ലെങ്കിൽ, ചരിത്രത്തിന്റെ ബട്ടണുകൾ ദാ, ഇതുപോലെ അഴിക്കാം– 

മധ്യകാലം മുതൽ പുരുഷന്മാരുടെ ഉടുപ്പിന്റെ വലതുവശത്താണു ബട്ടണെന്ന് കോംപ്റ്റൺസ് എൻസൈക്ലോപീഡിയയിൽ എഴുതിവച്ചിട്ടുണ്ട്. വലതുവശത്തായാൽ ആണുങ്ങൾക്കുള്ള ഗുണം പലതാണെന്നു വസ്ത്രധാരണരീതികളുടെ ചരിത്രവും പറഞ്ഞുതരും. യുദ്ധത്തിനു പോകുമ്പോൾ ആയുധം വലതുകയ്യിലൊതുക്കി ഇടതുകൈകൊണ്ട് ബട്ടണിടാം, അഴിക്കാം. കോട്ടിനടിയിൽ ഇടത്തെ അരയിലാണു വാളുറ. വലതുകൈകൊണ്ടു വാൾ വലിച്ചൂരുമ്പോൾ വസ്ത്രത്തിലുടക്കുമെന്ന് പേടി വേണ്ട. 

കുഞ്ഞിനെ മുലയൂട്ടാനുള്ള സൗകര്യമുൾപ്പെടെ കണക്കിലെടുത്തുമാകാം പണ്ടുമുതൽ സ്ത്രീകൾക്ക് ഉടുപ്പിന്റെ ബട്ടൺ ഇടതു വശത്തായതെന്നു കരുതുന്നവരുമുണ്ട്. കൈക്കുഞ്ഞിനെ ഇടതു കൈകൊണ്ട് ചേർത്തുപിടിക്കുന്നവരാണല്ലോ ഭൂരിഭാഗം സ്ത്രീകളും. വലതു കൈയ്ക്കല്ലേ ഒഴിവുള്ളൂ. 

പാശ്ചാത്യ നാടുകളിൽ പണ്ടുകാലത്ത് വലിയ കുടുംബങ്ങളിലെ സ്ത്രീകളുടെ വസ്ത്രസമ്പ്രദായമെല്ലാം വളരെ സങ്കീർണമായിരുന്നു. സഹായത്തിനു നിൽക്കുന്ന സ്ത്രീകളായിരിക്കും ഉടുപ്പുകളുടെ കുടുക്കിട്ടുകൊടുക്കുക. അപ്പോൾ അവർക്കു നല്ല ‘വശം’ ഇടത്താണല്ലോ! 

നെപ്പോളിയന്റെ പ്രതികാരം

സ്ത്രീകളുടെ കുപ്പായങ്ങൾക്ക് ഇടതുവശത്തു മതി ബട്ടണെന്ന് ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് ഉത്തരവിറക്കിയിരുന്നെന്ന് കഥകളുണ്ട്. വലതുകൈ കോട്ടിനുള്ളിലേക്കു തിരുകിവച്ചുള്ള നെപ്പോളിയന്റെ ആ പ്രശസ്തമായ ചിത്രമില്ലേ? അതുതന്നെയായിരുന്നു ആ വിചിത്രമായ ഉത്തരവിന്റെ പിന്നിൽ. വലതു കൈ ഉടുപ്പിനുള്ളിൽവച്ച് നാട്ടിലെ സ്ത്രീകളെല്ലാം നെപ്പോളിയനെ അനുകരിക്കുന്ന പതിവുണ്ടായിരുന്നത്രേ. അതൊന്ന് അവസാനിപ്പിക്കാൻ വേണ്ടിയാണു ചക്രവർത്തി പെണ്ണുടുപ്പിന്റെ ബട്ടൺ ഇടത്താക്കാൻ ആജ്ഞാപിച്ചത്. അപ്പോൾ വലതു കൈ ഉടുപ്പിനുള്ളിലാക്കി നെപ്പോളിയനെ കളിയാക്കാൻ പറ്റില്ലല്ലോ! 

Your Rating: