Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറിൽ സുന്ദരിയാവാം, ഇത് വിന്‍റർ ഫാഷൻ കാലം!

winter

മാസങ്ങളിൽ വച്ച് ഏറ്റവും സുന്ദരമായത് ഏതാണ് എന്ന് ചോദിച്ചാൽ, ഡിസംബർ എന്നായിരിക്കും ഭൂരിപക്ഷവും പറയുക. പ്രകൃതി മഞ്ഞു പുതച്ചുറങ്ങുന്ന മാസമാണ് ഡിസംബർ. ഒപ്പം ആഘോഷരാവുകളും ഡിസംബറിൽ കാത്തിരിക്കുന്നു. അങ്ങനെ, എന്തുകൊണ്ടും സൗന്ദര്യം സംരക്ഷിക്കാനും ആസ്വദിക്കാനും പറ്റിയ മാസമാണ് ഡിസംബർ. അതുകൊണ്ട് തന്നെ ഡിസംബറിന്റെ സൗന്ദര്യ സങ്കല്പങ്ങളെ വ്യത്യസ്തമാക്കുന്നത് വിന്റർ  ഫാഷനുകളാണ്. 

നമ്മുടെ നാട്ടിൽ മഞ്ഞുകാലം അത്ര കണ്ട് ശക്തമല്ലാതിരുന്ന കാലത്ത് വിന്റർ ഫാഷന് ഇവിടെ പ്രസക്തിയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. തണുപ്പിൽ നിന്നും രക്ഷ നേടണം, ഒപ്പം ട്രെൻഡിയും ആവണം. അതാണ് ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത്. ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രങ്ങളാണ് കൂടുതലും ഈ കാലയളവിൽ വിറ്റഴിയുന്നത്. 

വൂളൻ വസ്ത്രങ്ങൾക്കൊപ്പം, പരുത്തി വസ്ത്രങ്ങളും ഫാഷൻ ശ്രേണിയിൽ ഇടം പിടിക്കുന്നു. ഉയർന്ന കോളർ നെക്ക് ഉള്ള വൂളൻ വസ്ത്രങ്ങൾ ഒരേ സമയം തണുപ്പിനെ പ്രതിരോധിക്കുകയും ട്രെന്ഡിനെസ്സ് കാത്തു സംരക്ഷിക്കുകയും ചെയ്യുന്നു. വൂളൻ ടോപ്പുകൾ കൂടുതലും ജീൻസിനൊപ്പമാണ് ധരിക്കുന്നത്. മുട്ടിനു താഴെ വരെ ഇറക്കമുള്ള കൈകളും കൈപ്പത്തിവരെ ഇറക്കമുള്ള കൈകളുമുള്ള വസ്ത്രങ്ങളാണ് കൂടുതലും യുവത്വത്തെ ആകര്‍ഷിക്കുന്നത്. 

കഴുത്തിൽ ചുറ്റി കിടക്കുന്ന വൂളൻ ഷോളുകളും കൈ ഉറകളും ഇതിനൊപ്പം ഫാഷൻ രംഗത്ത് മുന്നിട്ട് നിൽക്കുന്നു. ചുരുക്കത്തിൽ വിദേശ രാജ്യങ്ങളിലെ വിന്റർ ഫാഷൻ അനുകരിക്കാനാണ് ഇന്നത്തെ തലമുറ ശ്രദ്ധിക്കുന്നത്. അപൂർവ്വമെങ്കിലും ഉയരമുള്ള തൊപ്പികളും നീളൻ ഷൂസുകളും പ്രത്യേക പരിഗണന ആഗ്രഹിക്കുന്നു. 

കോട്ടൺ , വൂളൻ സോക്സുകൾ വിന്‍റർ കടന്നെത്തിയതോടെ വീണ്ടും സജീവമായി. വിന്‍ററിൽ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് കടുത്ത നിറങ്ങളാണ്. കോട്ടൺ വസ്ത്രങ്ങളായ കുർത്തകൾക്കൊപ്പവും അല്ലാതെയും ഷ്രഗ്ഗുകൾ ധരിക്കുന്ന ശീലവും ആളുകളിൽ  കണ്ടു വരുന്നു. കറുപ്പ്, ബ്രൗൺ നിറങ്ങളിലുള്ള ഷ്രഗ്ഗുകളാണ് ഇതുവരെ വിട്ടു പോയിരുന്നത് എങ്കിലും ഇപ്പോൾ പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ഷ്രഗ്ഗുകൾ ലഭ്യമാണ്. 

ഷൂസ് കൂടുതലും ലെതറിന്റെതാണ് വിട്ടു പോകുന്നത്.  ബ്രൗൺ നിറത്തിലുള്ള ഷൂസിനാണ് ആരാധകർ ഏറെ. വിന്‍ററിൽ ഇനിയെന്ത് ഫാഷൻ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ട്രെന്ഡിയായ യുവത്വം നൽകുന്നത്. ഒപ്പം വലിപ്പമേറിയ കൂളിങ് ഗ്ളാസുകൾക്കും ആരധകർ ഏറെ. കാലം ഏതായാലും കോലം നന്നായാൽ മതി. അതാണ് ഇന്നത്തെ യുവത്വത്തിന്റെ മുദ്രാവാക്യം.