Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂഗ യോഗ, ഇത് സൂപ്പർ യോഗ

Super Yoga

ആറ്റുനോറ്റൊരു കുഞ്ഞിക്കാലു കണ്ടതാണ്. പക്ഷേ ഇപ്പോക്കു പോകുകയാണെങ്കിൽ ഇവൻ നാട്ടുകാരെക്കൊണ്ട് ‘തലതെറിച്ച ചെറുക്കൻ’ എന്ന ചീത്തപ്പേരു കേൾപ്പിക്കുമെന്നുറപ്പ്. എങ്ങനെ ഇവനെയൊന്നു നന്നാക്കിയെടുക്കുമെന്ന് ആലോചിച്ച് വിഷമിക്കുന്ന അമ്മമാർക്കു വേണ്ടിയാണ് ലൊസാഞ്ചലസിൽ ഒരു യോഗ സെന്റർ ആരംഭിച്ചത്. കുട്ടികളും അമ്മമാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സൂഗ യോഗ എന്ന ഈ സെന്ററിന്റെ ലക്ഷ്യം തന്നെ. സിനിമപിടിത്തവും ആനിമേഷനുമൊക്കെയായി 15 വർഷത്തോളം അലഞ്ഞു നടന്നതിനൊടുവിലാണ് അന്റോണിയ കിങ് എന്ന അമേരിക്കക്കാരി സൂഗ യോഗ ആരംഭിക്കുന്നത്.

Zooga Yoga

സിനിമ ചെയ്യുമ്പോൾ തന്നെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും ജീവിതമായിരുന്നു ഇഷ്ടവിഷയം. മാത്രവുമല്ല ചെറുപ്പം മുതൽക്കുതന്നെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. അതുംപോരാതെ ലൊസാഞ്ചലസിലെ പേരെടുത്ത അധ്യാപകരിൽ നിന്ന് യോഗയും അഭ്യസിച്ചിട്ടുണ്ട്. ഇതു മൂന്നും ചേർന്ന് എന്തു ചെയ്യാനാകുമെന്ന് ആലോചിച്ചപ്പോഴാണ് സൂഗ യോഗയുടെ ഐഡിയ ലഭിച്ചത്. അമ്മമാർക്കു മാത്രമല്ല, ഗർഭിണിയായിരിക്കുന്നവർക്കും വരെയുണ്ട് ഇവിടെ യോഗവിദ്യകൾ. എന്നുവച്ച് സീരിയസ് യോഗയൊന്നുമല്ല–‘യോഗ ഒരു രസികൻ സംഗതിയാണ് ’ എന്നതാണ് സെന്ററിന്റെ ഫിലോസഫി തന്നെ. പാട്ടും കഥപറച്ചിലും വ്യായാമവുമൊക്കെയായി ആകെ അടിപൊളിയാണ് ഇവിടത്തെ അന്തരീക്ഷം. അധ്യാപകരാകട്ടെ യോഗയിലും കുട്ടികളുടെ മനഃശാസ്ത്രത്തിലും പ്രഗത്ഭരും.

Zooga Yoga

കുഞ്ഞുന്നാൾ മുതലേ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരായി കുട്ടികൾ വളരുന്നതോടൊപ്പം സൂഗ യോഗയിലൂടെ മനസ്സും ശരീരവും ശക്തിപ്പെടുമെന്നും അന്റോണിയ പറയുന്നു. സിംഹത്തെപ്പോലെ ഗർജിച്ചും പൂമ്പാറ്റയെപ്പോലെ പറന്നും ഡോൾഫിനെപ്പോലെ നീന്തിയുമെല്ലാമാണ് ഇവിടത്തെ യോഗമുറകളെന്നാണ് അന്റോണിയയുടെ പക്ഷം. കുട്ടികൾക്ക് എളുപ്പം ഇഷ്ടപ്പെടാൻ വേണ്ടിയാണ് മൃഗങ്ങളുടെ വികൃതിത്തരങ്ങളുടെ മാതൃകയിൽ ചില യോഗവിദ്യകൾ രൂപപ്പെടുത്തിയതത്രേ! അമ്മമാർക്ക് ഒറ്റയ്ക്കും കുഞ്ഞിനൊടൊപ്പവും ചെയ്യേണ്ട യോഗവിദ്യകളുണ്ടിവിടെ. മറ്റുള്ളവർക്കു വേണ്ടി മാത്രമല്ല സ്വന്തം മക്കളായ ഒലിവറിനെയും ഹഡ്സനെയും മിലയെയും അന്റോണിയ ഉഗ്രൻ ‘യോഗി’കളാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം സംഗീതജ്ഞനായ ഭർത്താവ് ക്രിസ് കൂടി ചേരുന്നതോടെ സൂഗ യോഗ ലൊസാഞ്ചലസിൽ സൂപ്പർഹിറ്റാണ്.

Zooga Yoga
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.