Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖപ്രസവത്തിന് രണ്ടു വയസുകാരിയുടെ കൈത്താങ്ങ്, അത്ഭുതത്തോടെ ആശുപത്രി അധികൃതർ!

Harper ഹാർപർ അമ്മ നഥാലിക്കും കുഞ്ഞനുജത്തിക്കുമൊപ്പം

അമ്മയുടെ സുഖപ്രസവത്തിന് സാന്ത്വനമായി കൂടെ നിന്ന ഹാർപർ എന്ന രണ്ടു വയസുകാരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. അമ്മയുടെ വയറ്റിൽനിന്നും പുതിയ കുഞ്ഞുവാവ വരാൻ കാത്തിരിക്കുകയായിരുന്നു ഹാർപ്പർ. കുഞ്ഞുവാവ വന്നിട്ട് വേണം ഹാർപ്പറിന് കൂടെ കളിക്കാന്‍. കഴിഞ്ഞ ജൂൺ 8ന് വീട്ടിൽ പൂർണ ഗർഭിണിയായ അമ്മ നഥാലി പോളിയും കുഞ്ഞ് ഹാർപ്പറും മാത്രമേയുണ്ടായിരുന്നുള്ളൂ. പൊടുന്നനെ നഥാലിയ്ക്ക് പ്രസവവേദന തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ നഥാലിയ്ക്ക് ആശ്വാസം പകർന്ന് കൂടെനിന്നത് വെറും രണ്ടുവയസു മാത്രം പ്രായമുള്ള ഹാർപ്പർ ആണ്.

അമ്മയ്ക്ക് ചൂട് ടവ്വലുകൾ നൽകിയും ആശുപത്രിയിലേയ്ക്ക് ഫോൺ ചെയ്യാൻ സഹായിച്ചുമൊക്കെ ആ കൊച്ചുമിടുക്കി നഥാലിയ്ക്കൊപ്പം നിന്നു. ഈ സമയമൊക്കെയും ഹാർപ്പർ വളരെ പക്വത എത്തിയ ഒരാളെപ്പോലെയാണ് പെരുമാറിയതെന്ന് നഥാലി പറയുന്നു. ആശുപത്രിയിലേയ്ക്ക് ഫോൺ ചെയ്തെങ്കിലും അവർ എത്തിയപ്പോഴേയ്ക്കും നഥാലിയുടെ പ്രസവം കഴിഞ്ഞിരുന്നു.

Harper ഹാർപർ അമ്മ നഥാലിക്കും കുഞ്ഞനുജത്തിക്കുമൊപ്പം

കുഞ്ഞനുജത്തി പുറത്തുവരുന്നത് താൻ കണ്ടെന്ന് ഹാർപ്പർ സന്തോഷത്തോടെ പറയുന്നു. ബഹളം വെയ്ക്കുകയൊ പേടിക്കുയോ ഒന്നും ചെയ്യാതെ അമ്മയുടെ പ്രസവത്തിന് സഹായവും ബലവുമായി നിന്ന ഈ കുഞ്ഞ് തങ്ങൾക്കൊരു അത്ഭുതമായി എന്ന് ആശുപത്രി അധികൃതർ. വീടുകളിൽ പ്രസവം നടക്കുന്നത് സാധാരണമാണെങ്കിലും ഇത്ര ചെറിയ കുട്ടി പ്രസവസമയത്ത് അമ്മയ്ക്ക് കൂട്ടായത് അത്ഭുതമാണെന്ന് അവർ പറയുന്നു.

ഏതായാലും ഈ അസാധാരണ പ്രസവത്തോടെ കുടുംബാഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടിയെന്ന് നഥാലി അറിയിച്ചു. കുഞ്ഞനുജത്തി പോപ്പിയെ ചേച്ചിക്ക് വലിയകാര്യമാണെന്നും ഹാർപ്പർ തങ്ങളുടെ അഭിമാനമാണെന്നും കുടുംബാഗങ്ങൾ ഒന്നടങ്കം പറയുന്നു.

Your Rating: