Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചാൽ എന്തു ചെയ്യണം?, വൈറലായി വിഡിയോ

Gas Cylinder സിലിണ്ടറുകള്‍ ലീക് ചെയ്താൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ അതു വളരെ ലളിതമായി വിശദമാക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്...

നമ്മുടെ അടുക്കളകളിൽ നിന്നും വിറകടുപ്പുകളൊക്കെ പതിയെ മറഞ്ഞു കൊണ്ടിരിക്കുകയാണ്. പുകമയമില്ലാത്ത എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാവുന്ന എൽപിജി സിലിണ്ടറുകൾ വീട്ടമ്മമാർക്കൊക്കെ ഒരനുഗ്രഹമാണ്. പക്ഷേ മറക്കരുതാത്ത ഒന്നുണ്ട് ഈ സിലിണ്ടറുകൾ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ അതീവ അപകടകരവുമാണ്. എന്തെങ്കിലും കാരണവശാൽ ലീക്ക് ചെയ്യുകയോ മറ്റോ ഉണ്ടായാൽ ഒരു തീപ്പൊരി നാളം മതി സകലതും കത്തിച്ചാമ്പലാകുവാൻ.

സിലിണ്ടറുകള്‍ ലീക് ചെയ്താൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ അതു വളരെ ലളിതമായി വിശദമാക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുശീൽ കുമാർ അപ്‍ലോഡ് ചെയ്ത വിഡിയോ ഇതിനകം തന്നെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു. സിലിണ്ടറിലെ ലീക് മൂലം ഉണ്ടാകുന്ന തീപിടുത്തത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് ഒരു കൂട്ടം ആളുകൾക്കു മുന്നിൽ അവതരിപ്പിച്ചു കാണിക്കുകയാണ് ഒരു പൊലീസുകാരൻ. മുംബൈയില്‍ നിന്നെന്നു കരുതുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

സിലിണ്ടർ കത്തിത്തുടങ്ങിയെങ്കിൽ ഉടൻ തന്നെ നനഞ്ഞ ഒരു തുണിയെടുത്ത് തീപിടിക്കുന്ന ഭാഗം മുഴുവനായി മൂടുക, ഓക്സിജന്റെ അഭാവം വരുന്നതോടെ തീ ഇല്ലാതാകുമെന്നു വിശദീകരിക്കുകയാണ് അദ്ദേഹം. സാധാരണക്കാർക്കു വേണ്ടി ഇത്രയും ലളിതമായി അപകടത്തിൽ നിന്നും രക്ഷ നേടുന്നതെങ്ങനെയെന്നു ഉദാഹരണസഹിതം വ്യക്തമാക്കിയ പൊലീസുകാരന് സമൂഹമാധ്യമത്തിൽ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി അവർക്കിടയിലേക്കു കയറിച്ചെന്നു തന്നെ പ്രവർത്തിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് നാടിനാവശ്യം എന്നാണ് പലരും പറയുന്നത്.