Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിച്ചിയെന്നു വിളിച്ചവർക്ക് ചുട്ടമറുപടി, ഇന്റർനെറ്റിലെ താരമായി 8 വയസുകാരി !

Alisa അലിസ

സമൂഹം വിലകൽപ്പിച്ചിരിക്കുന്ന സോ കോൾഡ് ബ്യൂട്ടി സങ്കൽപങ്ങളിൽ നിന്നും വേറിട്ട് ഒരു വ്യക്തി മുന്നോട്ടു വന്നാൽ അവൾക്കു പറയാനുണ്ടാകുന്നതേറെയും തുറിച്ചു നോട്ടങ്ങളെയും കുറ്റപ്പെടുത്തലുകളെയും മറികടന്ന ജീവിതത്തെക്കുറിച്ചായിരിക്കും. ഒരിത്തിരി നിറം കുറഞ്ഞാൽ കറുമ്പി എന്നും ആകാരവടിവുകളില്ലാത്ത അൽപം കൊഴുപ്പടിഞ്ഞ ശരീരപ്രകൃതിയാണെങ്കിൽ തടിച്ചിയെന്നും മെലിഞ്ഞവളാണെങ്കിൽ കോലുപോലെയെന്നുമൊക്കെ വിളിക്കാൻ ഉൽസാഹം പ്രകടിപ്പിക്കുന്നവരാണ് ഏറെയും. 

അമിതവണ്ണക്കാരെ എപ്പോഴും കളിയാക്കിയും കുറ്റപ്പെടുത്തിയും മാത്രം കാണുന്ന സമൂഹമാണിത്. അതിനു കുട്ടികളോ മുതിർന്നവരോ എന്ന വ്യത്യാസമില്ലെന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് േപാസ്റ്റ് വ്യക്തമാക്കുന്നത്. ശരീരത്തെ കളിയാക്കി സംസാരിക്കുന്നവർക്ക് എങ്ങനെ ചു‌ട്ടമറുപടി നൽകാം എന്നു വ്യക്തമാക്കിത്തരുന്ന പെണ്‍കുട്ടിയാണ് ഇന്ന് ഇന്റർനെറ്റ് സെൻസേഷൻ. 

ടെക്സാസ് സ്വദേശിയായ ബ്രിസെയ്ഡാ എന്ന യുവതി പങ്കുവച്ച ട്വീറ്റാണ് ചർച്ചയായത്. തന്റെ എട്ടുവയസുകാരിയായ കസിൻ അലിസയുട‌‌െ അനുഭവമാണ് ബ്രിസെയ്ഡ പങ്കുവച്ചത്. 

''അലിസയുടെ ക്ലാസിലെ പെൺകുട്ടികളും അവള്‍ക്കിഷ്ടമുള്ള ആൺകുട്ടിയും അവളെ തടിച്ചിയെന്നു വിളിച്ചു. അതുകൊണ്ട് അടുത്ത ദിവസം എന്റെ കൂടെ അവളും ഓടാൻ വന്നു. പക്ഷേ ഓട്ടം പകുതിയായപ്പോഴേക്കും എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ ഒരു സ്നാക്കെടുത്ത് കഴിച്ചു.'' തുടർന്ന് അലിസ സ്നാക്സ് കഴിക്കുന്നതിന്റെ ചിത്രവും അതിനു പിന്നിലെ കഥയും ബ്രിസെയ്ഡ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു. 

ലോകമെമ്പാടുമുള്ള ട്വിറ്റർ പ്രേമികളുടെ മനസിൽ അലിസ കയറിക്കൂടിയെന്നു മാത്രമല്ല കളിയാക്കിയവരെ അവഗണിച്ച് തനിക്കിഷ്ടമുള്ളത് ആവേശത്തോടെ തന്നെ കഴിക്കാൻ തീരുമാനിച്ച അലിസയെ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്രമാണ്, അതിന്മേൽ അന്യർ ഇടപെടാൻ‌ വന്നാൽ അലിസയെപ്പോലെ തന്നെ ചുട്ടമറുപടി കൊടുക്കണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. അലിസയുടെ പോസിറ്റിവിറ്റിയാണ് മുതിർന്നവരും പാലിക്കേണ്ടതെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്

ശേഷം അലിസയ്ക്ക് ബ്രിസെയ്ഡയുടെ വക ഉപദേശവും കിട്ടി. ശരീരം ഫിറ്റ് ആയിരിക്കണമെന്നതു ശരിയാണെങ്കിലും അവനവനു തോന്നിയാൽ മാത്രമേ അത്തരത്തിലാകാവൂ, ഒരിക്കലും മറ്റുള്ളവർക്കു വേണ്ടിയാകരുത് എന്നതായിരുന്നു അത്. . 

പക്ഷേ ഒരു കൊച്ചുകുട്ടി പോലും തന്റെ ശരീരത്തിന്റെ പേരിൽ അപഹാസ്യയായി സമ്മർദ്ദത്തിൽപ്പെടുന്നുവെന്ന കാര്യം വിസ്മരിക്കാതെ വയ്യ, നമ്മുടെ എത്ര കുട്ടികൾക്ക് അലിസയെപ്പോലെ ഉടൻ മറുപടി കൊടുക്കാന്‍ കഴിയും, ഭൂരിഭാഗം പേരും കളിയാക്കലുകൾക്കു മുന്നിൽ തലകുനിച്ചു തിരികെപ്പോരുന്നവരാണെന്നതാണ് യാഥാര്‍ഥ്യം. അത്തരം ചിന്തകൾ മാറ്റി കുട്ടികള്‍ക്കു ചെറുപ്പം മുതലേ തന്റെ ‌ശരീരം തന്റെ മാത്രം അവകാശമാണെന്ന ബോധ്യമാണ് മുതിർന്നവർ ഉണ്ടാക്കേണ്ടത്, അങ്ങനെയായിരിക്കുമ്പോള്‍ അവര്‍ തല ഉയർത്തിപ്പിടിച്ചു തന്നെ ഇത്തരം ചോദ്യങ്ങളെ നേരിടാൻ പ്രാപ്തരാകും.   

Your Rating: