Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യലക്ഷ്മി ചോദിക്കുന്നു, ''ഞാൻ ഡബ് ചെയ്തത് ഈ കുട്ടിക്കോ അതോ ശോഭനയ്ക്കോ'' ?

Karthumbi Dubsmash മരിയ

ഡബ്സ്മാഷുകളുടെ കാലമാണിത്. പ്രിയതാരങ്ങളുടെ ഫേവറിറ്റ് ഡയലോഗുകൾക്കു ചുണ്ടനക്കാൻ മൽസരിക്കുകയാണ് ആരാധകർ. അവിടെയും തീര്‍ന്നില്ല മികച്ചതെന്നു തോന്നിയാൽ അതപ്പോൾ തന്നെ സമൂഹമാധ്യമത്തിലും പങ്കുവെക്കും, പിന്നെ വൈറലാക്കേണ്ട കാര്യം എളുപ്പമാകും. ഫെയ്‌സ്ബുക്കിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡബ്സ്മാഷ് കാണുന്നവരെല്ലാം ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്, 'ഡബ്സ്മാഷ് ഒരു അദ്ഭുതമായി തോന്നിയത് ഇപ്പോഴാണ്' എന്നാണത്. അതെ, അത്രയ്ക്കുണ്ട് ആ മുഖത്തെ ഭാവമാറ്റങ്ങൾ.

തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹൻലാലും വഴക്കിടുന്ന രംഗം ഒട്ടേറെ പേർ ഡബ്സ്മാഷ് ചെയ്തു നാം കണ്ടിട്ടുണ്ടെങ്കിലും മരിയ എന്ന ഈ മിടുക്കി ചെയ്തതു കണ്ടാൽ, ഇതുവരെ കണ്ടതൊന്നും ഒന്നുമല്ലെന്നു തോന്നും. കാർത്തുമ്പിയുടേതു പോലെ അണിഞ്ഞൊരുങ്ങി ശോഭന അവതരിപ്പിച്ച അതേ ചടുലതയോടെയാണ് മരിയയും ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. അഭിനേത്രിമാരെപ്പോലും വെല്ലുംവിധത്തിലാണ് ഭാവമാറ്റങ്ങൾ.

എന്തായാലും മരിയയുടെ ഡബ്സ്മാഷിന് ആരാധകരേറെയായി കഴിഞ്ഞിരിക്കുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും മരിയയുടെ ഡബ്സ്മാഷ് നന്നേ പിടിച്ചിട്ടുണ്ട്. താൻ ഡബ് ചെയ്തത് ഈ കുട്ടിക്കാണോ അതോ ശോഭനയ്ക്കാണോ എന്നു സംശയം തോന്നുന്നുവെന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി വിഡിയോ പങ്കുവച്ചത്. പതിനായിരത്തിൽപ്പരം ലൈക്കുകളും അയ്യായിരത്തിനടുത്ത് ഷെയറുകളുമായി വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗായികമാരായ സിതാര കൃഷ്ണകുമാറും രാജലക്ഷ്മിയുമൊക്കെ മിടുക്കിക്കുട്ടിക്കു പിന്തുണയുമായി വിഡിയോ പങ്കുവച്ചിരുന്നു. അധികം വൈകാതെ സിനിമാ ഇൻഡസ്ട്രിയില്‍ ഇടം പിടിക്കാനുള്ള എല്ലാ ഭാവിയും കാണുന്നുണ്ടെന്നാണ് വിഡിയോയുടെ താഴെ പലരും കമന്റ് ചെയ്യുന്നത്.