Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നൊന്നര തടവുകാരൻ, വ്യത്യസ്തമായ ജയിൽ ചാടൽ കഥ വൈറൽ!

Francisco ജയിൽ ചാടാനായി പെൺവേഷം കെട്ടിയ ഫ്രാൻസിസ്കോ ഹെറേറാ ആർഗ്വേറ്റ

വിലക്കുകളുടെയും സ്വാതന്ത്രമില്ലായ്മയു‌ടെയും ലോകമാണ് ഓരോ ജയിലിടങ്ങളും പ്രഭാവനം ചെയ്യുന്നത്. കുറ്റക്കാരനെന്നു കണ്ടെത്തി അഴികൾക്കുള്ളിൽ കിടക്കുന്ന ഒരാൾ തന്റെ ശിക്ഷാകാലാവധി കഴിയുവോളം ആ ലോകത്തു തന്നെ ജീവിതം തീർക്കണം. ഇതിനിടയ്ക്ക് ജയിൽ അധികൃതരെ വെട്ടിച്ച് ജയിൽ ചാടാൻ ശ്രമിക്കുന്ന പലരും പിടിക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഒരു തടവുപുള്ളി ജയിൽ ചാടിയ കഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പുറംലോകത്തെത്തിപ്പെടാനായി പെൺവേഷം കെട്ടാനും കക്ഷി തയാറായെങ്കിലും പാതിവഴി വച്ചു ഉദ്യോഗസ്ഥർ കള്ളിവെളിച്ചത്താക്കുകയായിരുന്നു. 

ഹോണ്ടുറാസ് ജയിലിൽ നിന്നുമാണ് ഈ വ്യത്യസ്തമായ ജയിൽ ചാടൽ കഥ പുറത്തു വന്നിരിക്കുന്നത്. ഫ്രാൻസിസ്കോ ഹെറേറാ ആർഗ്വേറ്റ എന്ന അമ്പത്തിയഞ്ചുകാരനാണ് പിടിക്കപ്പെട്ടത്. പിടിക്കപ്പെടാതിരിക്കാൻ അസൽ പെൺകൊടിയായാണ് ആർഗ്വേറ്റ മാറിയത്. ടോപ്പും സ്കർട്ടും ധരിച്ച് തോളൊപ്പം വെട്ടിയ മുടിയുള്ള വിഗും അടിപൊളി കൂളിങ് ഗ്ലാസും വച്ചാണ് ആർഗ്വേറ്റ പുറത്തിറങ്ങാൻ ശ്രമിച്ചത്. പക്ഷേ ഹൈ ഹീൽസ് വച്ചുള്ള ആർഗ്വേറ്റയുടെ നടത്തം അത്ര പന്തിയല്ലായിരുന്നു, സംഗതി കണ്ടു സംശയം തോന്നിയ ജയിൽ അധികൃതരിലൊരാളാണ് ആർഗ്വേറ്റയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തത്.

ഐഡന്റിറ്റി കാർഡു ചോദിച്ചപ്പോഴാകട്ടെ ദാ വരുന്നു ആൺസ്വരത്തിൽ മറുപടി, അതോടെ പൊലീസിനു സംശയം മുറുകി. പിടിക്കപ്പെടാതിരിക്കാനായി ബ്ലഷർ കൊണ്ടു മുഖം മിനുക്കിയതും നെയില്‍ പോളിഷ് ഇട്ടതുമൊന്നും ഫലം കണ്ടില്ല. ജയിലിനുള്ളിലെ ഏതാനും സുരക്ഷാ കവാടങ്ങൾ കഴിഞ്ഞതിനു ശേഷമായിരുന്നു ആർഗ്വേറ്റയുടെ പിടിക്കപ്പെടല്‍ എന്നതും ശ്രദ്ധേയമാണ്. 2015ൽ കൊലപാതകക്കേസിലാണ് ആർഗ്വേറ്റ പിടിയിലായത്. സാന്റാ ബാർബറിയിലെ സുരക്ഷാ പരിപാലനം ശക്തമായുള്ള ജയിലിലേക്ക് ആർഗ്വേറ്റയെ മാറ്റാനാണ് തീരുമാനം.