Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗേൾ‌ഫ്രണ്ട്സ് ഇല്ലെങ്കിലെന്താ, അണിയിച്ചൊരുക്കാൻ ബ്രോസ് ഉണ്ടല്ലോ, ഒരു വെറൈറ്റി ബ്രൈഡൽ ഫോട്ടോഷൂട്ട്

Photoshoot റെബേക്കയും സുഹൃത്തുക്കളും ഫോട്ടോഷൂട്ടിനിടയിൽ

കല്ല്യാണത്തിന്റെയന്ന് ചെറുക്കനെയും പെണ്ണിനെയുംകാൾ തിളങ്ങുന്നത് അവരുടെ സുഹൃത്തുക്കളാകും. മണവാട്ടിയെ അണിയിച്ചൊരുക്കാനും അവളുടെ കൂടെ തുടക്കം മുതൽ ഒടുക്കം വരെ നിരനിരയായി നിൽക്കാനും കുറേ പെൺസുഹൃത്തുക്കളും ഉണ്ടാകും. ഇപ്പോഴാണെങ്കിൽ അതിനായി ഫ്ലവർ ഗേൾസ് എന്നൊരു വിഭാഗം തന്നെയുണ്ട്. ഇനിയിപ്പോ പെൺസുഹൃത്തുക്കൾ ഇല്ലാത്തൊരു പെൺകുട്ടി വിവാഹിതയാകുമ്പോള്‍ എന്തായിരിക്കും ചെയ്യുക എന്നു ചിന്തിച്ചിട്ടുണ്ടോ? തമാശ പറഞ്ഞ് കളിചിരികളുമായി ഗേൾഫ്രണ്ട്സ് ഇല്ലെങ്കിലെന്താ എന്റെ ബ്രദേഴ്സ് ഒപ്പം ഉണ്ടല്ലോ എന്നു പറയുകയാണ് ഇരുപത്തിനാലുകാരിയായ റെബേക്ക. 

photoshoot-1

സംഗതി മറ്റൊന്നുമല്ല റെബേക്കയുടെ കല്ല്യാണത്തിനു മുമ്പായി നടത്തിയ ബ്രൈ‍‍ഡൽ ഫോട്ടോഷൂട്ടിൽ ഒരൊറ്റ പെൺപിള്ളേർ പോലുമില്ല, എല്ലാം ആൺസുഹൃ‍ത്തുക്കളാണ്. ബ്രസീൽ സ്വദേശിയായ റെബേക്ക തന്നെ അതിനെക്കുറിച്ചു പറയും.  വിവാഹത്തിന് ഒരാഴ്ച്ച മുമ്പാണ് താൻ ബ്രൈഡൽ ഫോട്ടോഷൂട്ടിനെക്കുറിച്ചു ചിന്തിക്കുന്നത്. അത്തരത്തിൽ ഒരുകൂട്ടം പെൺസുഹൃത്തുക്കൾ ചുറ്റിനുമിരുന്ന് മണവാട്ടിക്കൊപ്പം കളിചിരികൾ പങ്കുവെക്കുന്ന ഒട്ടേറെ ഫോട്ടോഷൂട്ടുകൾ കണ്ടു. അന്നു ശരിക്കും സങ്കടം വന്നു, കാരണം തനിക്ക് പെൺസുഹൃത്തുക്കൾ കുറവായതായിരുന്നു കാരണം. 

photoshoot-2

അങ്ങനെയാണ് തന്റെ ഉറ്റസുഹൃത്തുക്കളായ ആൺപടകളെ തന്നെ ഫോട്ടോഷൂട്ടിനു വേണ്ടി തിരഞ്ഞെടുക്കാൻ റെബേക്ക തീരുമാനിച്ചത്. ഫോട്ടോഷൂ‌ട്ട് വിചാരിച്ചതിലും രസകരമായിരുന്നു. ചില സമയങ്ങളിൽ ചിരിയൊക്കെ നിയന്ത്രിക്കാൻ കഴിയാതെ കുറേസമയത്തേക്ക് ഫോട്ടോഷൂട്ട് നിർത്തി വെക്കേണ്ടിയൊക്കെ വന്നു എന്നു പറയുന്നു റെബേക്ക. 

photoshoot-3

തനിക്കു പെൺസുഹൃത്തുക്കൾ കുറവായതിനും കാരണമുണ്ടെന്നു പറയുന്നു റെബേക്ക. അറുപതു വിദ്യാർഥികളുണ്ടായിരുന്ന കംപ്യൂട്ടർ എ​ഞ്ചിനീയറിങ് ക്ലാസിലെ നാലു പെൺവിദ്യാർഥികളിൽ ഒരാൾ ആയിരുന്നു താൻ. അപ്പോൾപ്പിന്നെ സ്വാഭാവികമായും സൗഹൃദവലയത്തിലേറെയും ആൺപിള്ളേർ തന്നെയായിരിക്കുമല്ലോ. 

photoshoot-4

ബ്രൈ‍ഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ റെബേക്ക തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്യൂട്ടും രസകരവുമെന്നു പറഞ്ഞാണ് ചിത്രങ്ങള്‍ ഷെയർ ചെയ്യപ്പെ‌ടുന്നത്. റെബേക്കയെ സുന്ദരിയാക്കുന്നതും വസ്ത്രങ്ങളും മറ്റു വിവാഹ ഒരുക്കങ്ങളും കൂട്ടായിരുന്നു നോക്കുന്നതും കളിചിരികൾ പങ്കുവെക്കുന്നതുമെല്ലാം രസകരമായി കാമറക്കണ്ണുകളിൽ പകർത്തിയിട്ടുണ്ട്. എന്തായാലും റെബേക്കയുട‌െ ഫോട്ടോഷൂട്ട് വൈറലായതോടെ പലരും ഇപ്പോൾ തങ്ങളുടെ ആൺസുഹൃത്തുക്കളെ ബ്രൈഡൽ ഫോട്ടോഷൂട്ടിനു വേണ്ടി ക്ഷണിക്കാൻ കാത്തിരിക്കുകയാണത്രേ.