Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിനു മുന്നിൽ നിന്ന് ഉടമയെ രക്ഷിച്ച് വളർത്തുനായ, കണ്ണുനനയിക്കും ഈ കാഴ്ച

Dog Rescue Owner നിലത്തു റോഡിൽ വീണുകിടക്കുന്ന ജീസസ് ഹ്യൂച്ച് എന്ന തന്റെ ഉടമയുടെ നെഞ്ചിൽ കരുതലോടെ കയറിക്കി‌ടക്കുകയാണ് ആ നായ...

വളർത്തു നായ്ക്കളോളം നന്ദിയുള്ള മൃഗങ്ങളില്ലെന്നാണ് പറയാറുള്ളത്. സ്നേഹിച്ചു വളർത്തിക്കഴിഞ്ഞാൽ സ്വന്തം ജീവൻ ബലി കഴിച്ചും അവ തങ്ങളുടെ ഉടമയ്ക്കു വേണ്ടി നിലകൊള്ളും എന്നു വ്യക്തമാക്കുന്ന അനേകം കഥകളും നാം കേട്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചില ചിത്രങ്ങളും ഒരു മനുഷ്യനും വളർത്തുനായയും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ കഥ വ്യക്തമാക്കുന്നതാണ്. മരണത്തിൽ നിന്നും തന്റെ ഉടമയെ രക്ഷിച്ചെന്ന ബഹുമതി കൂടിയാണ് ഇതോടെ ടോണി എന്ന ആ നായയ്ക്കു ലഭിച്ചിരിക്കുന്നത്. 

അർജന്റീനയിലെ ബാഹിയാ ബ്ലാൻസയിൽ നിന്നും പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളാണവ. നിലത്തു റോഡിൽ വീണുകിടക്കുന്ന ജീസസ്  ഹ്യൂച്ച് എന്ന തന്റെ ഉടമയുടെ നെഞ്ചിൽ കരുതലോടെ കയറിക്കി‌ടക്കുകയാണ് ആ നായ, ഒരു സഹായഹസ്തം എത്താൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത്. ചില്ലകൾ വെട്ടിയൊതുക്കുന്നതിനു വേണ്ടി മരത്തിൽ കയറിയ ജീസസ് അബദ്ധത്തിൽ താഴേക്കു പതിക്കുകയായിരുന്നു. അപ്പോഴാണ് നായ ജീസസിനടുത്തേക്കു കുതിച്ച് അദ്ദേഹത്തിന്റെ നെഞ്ചിൽക്കിടന്നത്. ‌

dog-rescue-1 ഇതിനിടെ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥർ സഹായിക്കാൻ എത്തിയപ്പോൾ അവർ ജീസസിനെ ഉപദ്രവിക്കാനാകുമോയെന്നു ഭയന്ന് ആദ്യമൊന്നും കടത്തിവിടുകയും ചെയ്തില്ല.

ഇതിനിടെ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥർ സഹായിക്കാൻ എത്തിയപ്പോൾ അവർ ജീസസിനെ ഉപദ്രവിക്കാനാകുമോയെന്നു ഭയന്ന് ആദ്യമൊന്നും കടത്തിവിടുകയും ചെയ്തില്ല. പിന്നീട് അവർ സഹായിക്കാനെത്തിയവരാണെന്ന് ബോധ്യം വന്നപ്പോഴാണ് ടോണിക്കും സമാധാനമായത്. ടോണിയെ വളർത്തുനായ ആയല്ല സ്വന്തം മകനായാണ് ജീസസ് കാണുന്നത്. തന്റെ മകനാണ് തന്നെ രക്ഷിച്ചതെന്നാണ് ജീസസ് അപകടത്തെക്കുറിച്ചു പറയുന്നത്. 

ടോണി ജീസസിനെ പുണർന്നു കി‌ടക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത് ബാഹിയാ ബ്ലാൻസയിലെ സിവിൽ ഡിഫെൻസ് അധികൃതർ തന്നെയാണ്. ഫേസ്ബുക്കിൽ പങ്കുവച്ച് വെറും ദിനങ്ങള്‍ക്കകം തന്നെ ടോണി ആരാധക ഹൃദയങ്ങളിലിടം നേടിയിട്ടുണ്ട്.